Wednesday 14 August 2024 03:42 PM IST

‘നമ്മുടെ ആളെ കാണുമ്പോൾ മറ്റൊന്നും മനസ്സിൽ വരില്ല, ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കില്ല എന്നൊക്കെ പറയില്ലേ’: ഹൃദ്യം ഈ പ്രണയകഥ

V.G. Nakul

Senior Content Editor, Vanitha Online

ratheesh-bala2

നിമയിലെ സുരേശനും സുമലതയ്ക്കും പറയാനൊരു ഗംഭീര പ്രണയകഥയുണ്ട്. പക്ഷേ,‘ര യീശനും ദിവ്യയും’പങ്കുവയ്ക്കുന്നതു ഹൃദയഹാരിയായ ജീവിതവിശേഷങ്ങളാണ്. കാര ണം രണ്ടുപേരെയും ഒന്നിപ്പിച്ചതു പ്രണയമല്ല, മാട്രിമോണിയാണ്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട്, സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്നീ  ചിത്രങ്ങളുടെ സംവിധാ യകനാണു രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. സ്ത്രീധനം എന്ന ജനപ്രിയ പരമ്പരയിലെ നായികയാണു ദിവ്യ. കൊച്ചിയിലെ ഫ്ലാറ്റിൽ ഇരുവർക്കുമൊപ്പമുള്ള സംസാരം തുടങ്ങിയതേ കല്യാണക്കഥയിലാണ്.

ദിവ്യ: ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്നാണു പലരുടെയും വിശ്വാസം. നടിയും സംവിധായകനുമാകുമ്പോൾ ആ സംശയം സ്വാഭാവികം. പക്ഷേ, മാട്രിമോണിയൽ വ ഴി വീട്ടുകാർ ഉറപ്പിച്ചതാണു കല്യാണം.

രതീഷ്: വിവാഹാലോചന നടക്കുമ്പോൾ ഞാൻ സംവിധായകനായിട്ടില്ല. മുംബൈയിൽ പ്രൊഡക്‌ഷൻ ഡിസൈനറാണ്. അഭിനേതാക്കളൊഴികെ  സെറ്റ്, കോസ്റ്റ്യൂം, കളർടോൺ... ഇങ്ങനെ സിനിമയുടെ പല പ്രധാന വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണ് പ്രൊഡക്ഷൻ ഡിസൈനർക്ക്. 

ദിവ്യ അന്നേ സീരിയൽ താരമായിരുന്നു. കല്യാണത്തിനു മുൻപു  ദിവ്യയും  അമ്മയും  അനിയനുമൊക്കെ മുംബൈയിൽ വന്ന് എന്റെ സാഹചര്യങ്ങൾ കണ്ടു ബോധ്യപ്പെട്ടു.
ദിവ്യ: ഞാനപ്പോൾ‌ കല്യാണം കുറച്ചു കഴിഞ്ഞു മതി എന്ന നിലപാടിലായിരുന്നുവെങ്കിലും ചേട്ടൻ വന്നു കണ്ടു സംസാരിച്ചപ്പോൾ ആ തീരുമാനം മാറ്റി. നമുക്കുള്ള ആളെ കാണു മ്പോൾ മറ്റൊന്നും മനസ്സിൽ വരില്ല, ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കില്ല എന്നൊക്കെ പറയില്ലേ. പെണ്ണു കാണലിൽ അതാണു സംഭവിച്ചത്.
രതീഷ്: സത്യത്തിൽ അന്നു ഞങ്ങൾ അധികം സംസാരിച്ചില്ല. ഞാൻ സംസാരിക്കാൻ ത യാറായിരുന്നുവെങ്കിലും ദിവ്യ സിനിമയിലൊക്കെ കാണും പോലെ ആകെ വിറച്ച്, നിലത്ത് കാൽവിരലുകൾ കൊണ്ടു കളമെഴുതി നിന്നു.

pothuval-family

‍ദിവ്യ: ഞാനാകെ പരിഭ്രമിച്ചു. എങ്കിലും ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്തു.

രതീഷ്: ദിവ്യ നടിയാണെന്നത് എന്നെ സംബന്ധിച്ചു  പ്രധാന ഘടകമായിരുന്നു.  സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ജോലിയുടെ സ്വഭാവവും തിരക്കുമൊക്കെ അതേ രംഗത്തു പ്രവർത്തിക്കുന്ന മറ്റൊരാൾക്കു കൃത്യമായി മനസ്സിലാക്കാൻ കഴിയും.

ദിവ്യ: 2011 ൽ ആയിരുന്നു വിവാഹം. പിന്നെ, മുംബൈയിലായി താമസം. വീടിന് അടുത്തു തന്നെയായിരുന്നു ഓഫിസും. അത്ര വലിയ നഗരത്തിൽ ഞാൻ ആദ്യമായാണ്. അറിയാത്ത ഭാഷ,  ഫ്ലാറ്റ് ലൈഫ്. അതിന്റെ എക്സൈറ്റ്മെന്റും  ടെൻഷനുമുണ്ടായിരുന്നെങ്കിലും  മുംബൈ ലൈ ഫ് അടിപൊളിയായിരുന്നു.

രതീഷ്: ഞാൻ രാവിലെ ഓഫിസിലേക്കു പോയാൽ രാത്രിയിലാണു വരുക. അത്ര നേരം ദിവ്യ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ്. ഞാൻ തിരിച്ചെത്തുമ്പോൾ പലപ്പോഴും ആൾ ഡസ്പ് ആയിരിക്കും. കുറേക്കാലം കഴിഞ്ഞപ്പോൾ എനിക്കത് വിഷമമായി. അങ്ങനെയിരിക്കെയാണ് ‘സ്ത്രീധനം’ ഓ ഫർ വരുന്നത്. പേരു കേട്ടപ്പോഴേ തോന്നി ഹിറ്റ് ആകുമെന്ന്. 

ദിവ്യ: ‘സ്ത്രീധനം’ ആറര വർഷം പോയി. ആ സമയത്ത് തമിഴിലും   അഭിനയിക്കുന്നുണ്ടായിരുന്നു. അതു കഴിഞ്ഞ്, 2017 മുതലാണ് ചേട്ടൻ സംവിധാനത്തിനായി ശ്രമം തുടങ്ങിയത്.  2019 ൽ മോള്‍ വരദക്ഷിണ ജനിച്ചു. ആദ്യ സിനിമ റിലീസായി. ഞങ്ങളെ സംബന്ധിച്ച് 2019 ഭാഗ്യവർഷമാണ്.  
അച്ഛനും മോളും വലിയ കൂട്ടാണ്. വളരെക്കുറച്ചേ അ പ്പായെ കാണാന്‍ കിട്ടാറുള്ളൂ. വീട്ടിലുണ്ടെങ്കിൽ അടുത്തു നിന്നു മാറില്ല. എന്നെ ഉറക്കം വരുമ്പോഴേ ആവശ്യമുള്ളൂ. മോളും ചേട്ടനെ പോലെ നന്നായി വരയ്ക്കും.

രതീഷ് : വീട്ടിൽ എഴുതാനുള്ള മുറിയൊക്കെയുണ്ടെങ്കിലും എന്തെങ്കിലും ചെയ്യാനിരുന്നാൽ മോൾ സ്കെച്ച് ബുക്കുമായി വന്നു മടിയിൽ കയറും. പിന്നെ, വരയോടു വരയാണ്. എ ന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോൾ വരയ്ക്കണമെന്ന്. വരദക്ഷിണ എന്ന പേരിട്ടതും ‘വരയ്ക്കുള്ള ദക്ഷിണ’ എന്ന അർഥത്തിലാണ്.

സിനിമ പറയുന്ന വീട്

രതീഷ് : ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ റിസ്ക്കുള്ള പ്രമേയം ആയിരുന്നെന്നു പിന്നീട് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ,  
അത്തരം സാഹസികതകൾ ജീവിതത്തില്‍ എപ്പോഴുമുണ്ടായിട്ടുണ്ട്. ആഡ് ഫിലിമിൽ പ്രൊഡക്‌ഷൻ ഡിസൈന റായി സുരക്ഷിതമായി മുന്നോട്ടു പോകുമ്പോഴാണു സംവിധാനം എന്ന പരീക്ഷണത്തിനിറങ്ങുന്നത്.

വിജയിച്ചില്ലെങ്കിൽ ചിലപ്പോൾ ജീവിതം പോകും. എനിക്കു വേറെ വഴിയില്ല. അത്രയ്ക്കാണു സിനിമയോടുള്ള മോഹം. രണ്ടുവർഷത്തെ അലച്ചിൽ. ഒടുവിൽ പ്രോജക്ട് ഒാകെ ആയി.  
ദിവ്യ: എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, ചേട്ടന്റെ പാഷൻ അറിയാവുന്നതിനാൽ നിരുത്സാഹപ്പെടുത്തിയില്ല. എന്താണോ ഇഷ്ടം അതു ചെയ്യട്ടേ എന്നേ കരുതിയുള്ളൂ. അത്യാവശ്യം സേവിങ്സ് ഉണ്ടായിരുന്നതു പതിയെ തീരാൻ തുടങ്ങി. സമയവും കടന്നു പോകുന്നു. അൽപംഅപകടകരമായ  നിലയിലേക്കു നീങ്ങിതുടങ്ങുമ്പോഴാണ്  ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ ഓൺ ആയത്.

ratheesh-divya

രതീഷ്: രാവിലെ എവിടെ പോകുന്നു? എന്നു ചോദിച്ചാൽ ‘സിനിമയുടെ പണിക്കു പോകുന്നു’ എന്നാണല്ലോ പറയുക. തിരിച്ചു വരുമ്പോഴും അന്നത്തെ വിശേഷങ്ങളും സിനിമയെക്കുറിച്ചു തന്നെ. അതുകൊണ്ടു സിനിമാസംസാരങ്ങൾ വീട്ടിൽ എപ്പോഴുമുണ്ട്.  എന്റെ എല്ലാ തിരക്കഥകളും എഴുതിക്കഴിഞ്ഞു ദിവ്യ വായിക്കും. മോശമാണെങ്കിൽ കൃത്യമായി പറയും. ആ ഫീഡ് ബാക് അനുസരിച്ചു തിരുത്തലുകളുണ്ടായിട്ടുണ്ട്. രസകരമായ ഒരു സംഭവം പറയാം.

‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് കട്ട് കണ്ട് ദിവ്യ ടെൻഷനായി. ‘തിരിച്ച് മുംബൈയ്ക്കു പോകാം, ചേട്ടന്റെ ഫ്യൂച്ചർ ഇവിടെ കഴിഞ്ഞു. ഇനിയും സിനിമയെന്നു പറഞ്ഞു നിന്നാൽ വീടിന്റെ ലോൺ അടയ്ക്കാനൊക്കില്ല’ എന്നൊക്കെ പറഞ്ഞു. ഞാനാകെ തകർന്നു. ഒരു വർഷമെടുത്തു ചെയ്ത പടമാണ് ഒറ്റ നിമിഷം കൊണ്ടു പൊട്ടുമെന്നു പറഞ്ഞത്. പടം ഹിറ്റായ ശേഷം കക്ഷി മിണ്ടിയിട്ടില്ല.
‘ന്നാ താൻ കേസ് കൊട്’ ന്റെ ‘തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകം ഇത്ര വലിയ വിവാദമാകുമെന്നു കരുതിയില്ല.  ആ പരസ്യത്തിൽ എന്റെ പൊളിറ്റിക്സ് ഇല്ലെങ്കിലും ഒരു പൗരന്‍ എന്ന നിലയിലുള്ള വളരെ നിഷ്കളങ്കമായ പ്രതികരണം ഉണ്ട്. നമ്മള്‍ ജീവിക്കുന്ന സമൂഹം എക്കാലവും കലയെ സ്വാധീനിക്കും. അതിനെ അവഗണിച്ചു ജീവിക്കാനാകില്ല. 

സിനിമയുടെ പേരു കണ്ടെത്തുമ്പോഴും  ഈ കൗതുകം പരീക്ഷിക്കാറുണ്ട്. ആളുകൾ പെട്ടെന്നു ശ്രദ്ധിക്കുന്നതാകണം ടൈറ്റിൽ. ഇതൊക്കെയാണെങ്കിലും സിനിമ നന്നാകുമ്പോഴാണ് ടൈറ്റിലും നന്നാകുക. എത്ര മോശം ടൈറ്റിലായാലും പടം ഹിറ്റായാൽ പേരും ഹിറ്റാകും.

‘ന്നാ താൻ കേസ് കൊട്’ൽ സുരേശനും സുമലതയും  ചെറിയ ഭാഗമാണ്.  ആ കഥാപാത്രങ്ങൾക്കു ലഭിച്ച ജനപ്രീതി കണ്ടിട്ടാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമ ആലോചിച്ചത്. യഥാർഥത്തിൽ പയ്യന്നൂരിൽ ഉള്ളവരാണ് സുരേശനും സുമലതയും. അതിൽ ഒരാളെ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളൂ.
ദിവ്യ : ലോകത്ത് എവിടെ ജീവിച്ചാലും നാട്ടിലെ കാര്യങ്ങളും വിശേഷങ്ങളുമാണ് എപ്പോഴും ചേട്ടന്റെ മനസ്സിൽ.

അതു ഞങ്ങളുടെ കഥ

‘കനകം കാമിനി കലഹം’ കണ്ട് ‘ഇത് നിങ്ങളുടെ കഥയാണോ’ എന്ന് പലരും ചോദിച്ചു. ഒരു സീരിയൽ നടിയും സംവിധായകനാകാൻ ശ്രമിക്കുന്ന ഭർത്താവുമാണല്ലോ പ്രധാന കഥാപാത്രങ്ങൾ. കഥയുടെ ബേസിക് പ്ലോട്ട് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതാണ്. വി.കെ പ്രകാശിന്റെ ‘റോക്ക് സ്റ്റാർ’ എന്ന സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈൻ ഞാനായിരുന്നു.  ഷൂട്ട് ബെംഗളൂരുവിൽ നടക്കുമ്പോൾ ദിവ്യയും ഒപ്പം വന്നു. വി.കെ.പി. ദിവ്യയെ ഒരു പാട്ടിൽ കല്യാണപ്പെണ്ണായി അഭിനയിപ്പിച്ചു. മേക്കപ് ചെയ്തപ്പോൾ മാലയും വളയും ഊരി ഹോട്ടൽ മുറിയിൽ വച്ചിട്ടാണു ലൊക്കേഷനിലേക്കു പോയത്. തിരികെ വരുമ്പോൾ ഒരു മാല കാണുന്നില്ല. അതോടെ ഹോട്ടലിൽ വലിയ ബഹളമായി. സിനിമക്കാരെല്ലാം കൂടി.
അവിടേക്കു സിനിമയിൽ ജാഫർ ഇടുക്കി അവതരിപ്പിച്ചതു പോലെ ഒരു കുടിയനും വന്നു. രാത്രി  രണ്ട് മണി വരെ ആകെ പൊടിപൂരം. ഞാനും റിസപ്ഷനിസ്റ്റും തമ്മിൽ അടിയുടെ വക്ക് വരെയെത്തി. പിന്നീട് മുംബൈയിൽ തിരിച്ചെത്തി. ഒന്നോ രണ്ടോ മാസം കഴിഞ്ഞപ്പോഴാണ് ആ മാല ഞങ്ങളുടെ ബാഗിലുണ്ടെന്നു മനസ്സിലായത്. അതറിഞ്ഞെങ്കിൽ ആ ഹോട്ടലുകാർ വന്നു ഞങ്ങളെ തല്ലിയേനെ. ആ സംഭവം ആദ്യം  ഷോർട്ട് ഫിലിം ആക്കാനായിരുന്നു പദ്ധതി. ലോക്ക് ഡൗൺ സമയത്താണ് ഫീച്ചർ സിനിമ എന്ന ചിന്തയിലേക്കെത്തിയത്.

അഭിനയം തുടരും

കട്ടപ്പനയാണ് നാട്. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിൽ പഠിക്കുമ്പോൾ എന്റെ ഫോട്ടോ മലയാള മനോരമ ആഴ്ച്ചപതിപ്പിന്റെ കവർചിത്രമായി. അങ്ങനെ ചന്ദ്രനിലേക്കുള്ള വഴി എന്ന സിനിമയിൽ  അവസരം കിട്ടി. മനപ്പൊരുത്തം സീരിയലിലൂടെ മിനിസ്ക്രീനിൽ സജീവമായി. ഇരുപതോളം സീരിയലിൽ അഭിനയിച്ചെങ്കിലും ഏറ്റവും ശ്രദ്ധ നേടിയത് ‘സ്ത്രീധന’മാണ്.  
ഗർഭകാലത്ത് അഭിനരംഗത്തു നിന്നു പൂർണമായും പിന്മാറി. മോൾ വന്നതോടെ സൂപ്പർ ബിസിയായി. മോൾ പ്ലേ സ്കൂളിൽ ആയപ്പോഴാണ് തമിഴ് സീരിയലിലൂടെ തിരിച്ചെത്തുന്നത്. ഓഫറുകൾ വരുന്നുണ്ട്. നല്ല കഥാപാത്രം കിട്ടിയാൽ അഭിനയം തുടരും.

മനസ്സിലെന്നും പയ്യന്നൂർ

രതീഷ് : പയ്യന്നൂർ മഹാദേവ ഗ്രാമമാണ് എന്റെ നാട്.  തെയ്യം, നാടകം, എഴുത്ത്, ഫിലിം സൊസൈറ്റി  എന്നിങ്ങനെ കലയുമായി ബന്ധപ്പെട്ട അന്തരീക്ഷത്തിലാണു വളർന്നത്. അച്ഛന് സ്റ്റേഷനറി കടയാണ്. അമ്മ വീട്ടമ്മ. എന്റെ അ റിവിൽ രണ്ടു തലമുറ മുൻപു വരെ ആരും കലാരംഗത്തുണ്ടായിട്ടില്ല. ചെറുപ്പം മുതലേ വരയ്ക്കും. പയ്യന്നൂർ കോളജില്‍ പഠിക്കുന്ന കാലത്തു ചിത്രംവര നാലാളറിയുന്ന തരത്തിൽ എത്തിയിരുന്നു. എന്റെ കസിൻ സംവിധായകൻ ദീപന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ ശുപാർശയിൽ ക ലാസംവിധായകൻ ബാവയുടെ സഹായി ആയാണു സിനിമയിലെത്തിയത്. ‘സദാനന്ദന്റെ സമയം’ ആണ് ആദ്യ സിനിമ. പി ന്നീട് സി.ഐ.ഡി മൂസ. കുറച്ചു കാലം കഴിഞ്ഞപ്പോൾ എനിക്കു മടുത്തു. സംവിധാനമാണല്ലോ ലക്ഷ്യം.
  പ്രശസ്ത ഛായാഗ്രാഹകൻ കെ.യു മോഹൻ എന്റെ ബന്ധുവാണ്. അദ്ദേഹം വഴി മുംബൈയിലെത്തി. പ്രൊഡക്‌ഷൻ ഡിസൈനിങ് കമ്പനിയിൽ ജോലി കിട്ടി. മൂന്നാലു വർഷം കഴിഞ്ഞു കൂട്ടുകാരുമൊത്ത്  ‘പ്യൂപ്പ’ എന്ന പ്രൊഡക്‌ഷൻ ഡിസൈന്‍ കമ്പനി തുടങ്ങി. ഒരു വർഷം 500 പരസ്യംചെയ്യുന്ന കമ്പനിയായിരുന്നു ഞങ്ങളുടേത്. ‘ഫോഴ്സ്’ ആണ് പ്രൊഡക്‌ഷൻ ഡിസൈൻ ചെയ്ത ആദ്യ സിനിമ. ‘ഇൻക് ലാബ്’ ആണ് സ്വന്തമായി തുടങ്ങിയ കമ്പനി. ‘കമ്മട്ടിപാടം’ ആണു പ്രൊഡക്‌ഷൻ ഡിസൈൻ ചെയ്ത ആദ്യ മലയാള സിനിമ.

സംഭാഷണം അവസാനിപ്പിക്കുമ്പോൾ കൗതുകത്തിന്  ചോദിച്ചു, ‘എന്നാണ് ഭർത്താവിന്റെ സംവിധാനത്തിൽ ഭാര്യ അഭിനയിക്കുക?‘എന്നോട് ചാൻസ് ചോദിച്ചിട്ടുണ്ട്’ എന്ന് രതീഷ്. ‘അതോർമയുണ്ടല്ലോ’ എന്നു ദിവ്യയും.

വി.ജി. നകുൽ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ