Friday 22 May 2020 06:10 PM IST

നാലാം വയസ്സിൽ ഇന്റർനാഷനൽ മോഡൽ , ആറാം വയസ്സിൽ സൂപ്പർ വില്ലൻ! ഫോറൻസിക്കിൽ കയ്യടി വാരിയ റൂബൻ ഏലിയാസ് ഇതാണ്

V.G. Nakul

Sub- Editor

roopan

വെറും രണ്ടു മിനിറ്റേ അവന്‍ സ്‌ക്രീനിലുള്ളൂ. സംഭാഷണങ്ങളുമുണ്ടായിരുന്നില്ല. പക്ഷേ ആ രണ്ടു മിനിറ്റ് ധാരാളമായിരുന്നു, റൂബൻ ഏലിയാസ് എന്ന കുട്ടി വില്ലന് പ്രേക്ഷകരുടെ മനസ്സില്‍ കയറാന്‍. 

ചെക്കന്‍ കൊള്ളാം....

ടൊവിനോ തോമസ് നായകനായ ഫോറന്‍സിക് കണ്ടവരൊക്കെ ഒരേ ശബ്ദത്തില്‍ അഭിനന്ദനം ചൊരിയുമ്പോള്‍, റൂബൻ ഏലിയാസായി സ്‌ക്രീനില്‍ ജീവിച്ച ഹാത്തിം മുബീര്‍ എന്ന ആറുവയസ്സുകാരനും ഹാപ്പിയോട് ഹാപ്പിയാണ്.

r1

ഫ്രണ്ട്‌സ് ഒക്കെ നല്ലതാണെന്ന് പറഞ്ഞു. അഭിനയിക്കുന്നത് രസമാണ്. കുറേ ആള്‍ക്കാര് വിളിച്ചു. മെസേജ് ഒക്കെ അയച്ചു. സ്‌കൂളില് സ്റ്റാറാ...  - ആദ്യ സിനിമയിലെ അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹാത്തിം വനിത ഓണ്‍ലൈനോട് പറഞ്ഞു തുടങ്ങിയതിങ്ങനെ.

സ്റ്റാര്‍ ട്വിന്‍സ് 

കോഴിക്കോട് സ്വദേശിയാണ് ഹാത്തിം. മുബീര്‍-ജസ്‌ന ദമ്പതികളുടെ മകന്‍. ഇരട്ടസഹോദരി സോയ. സോയയും ഹാത്തിമിന്റെ വഴിയേ അഭിനയരംഗത്തേക്കു തന്നെയാണ് വരുന്നത്. ഇതിനോടകം ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. ഇന്റീരിയല്‍ ഡിസൈനനാണ് മുബീര്‍.

പ്രതാപ് പോത്തന്‍ സാറിനൊപ്പമാണ് മോന്‍ ആദ്യം അഭിനയിച്ചത്. എല്ലാവര്‍ക്കും ഇഷ്ടമായി. സംവിധായകനും ടൊവിനോയുമൊക്കെ അഭിനന്ദിച്ചു. മുന്‍പ് അഭിനയിച്ച് പരിചയുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. ആദ്യ സിനിമയാണെന്ന് തോന്നുകയേയില്ലെന്ന് പറഞ്ഞു. - ഹാത്തിമിന്റെ അമ്മ ജസ്‌ന പറയുന്നു.

നാലാം വയസ്സില്‍ മോഡല്‍ ഇന്റര്‍നാഷനല്‍ 

മോഡലിങ്ങിലൂടെയാണ് ഹാത്തിമിന്റെ വരവ്. ഈ ചെറിയ പ്രായത്തിനിടെ നിരവധി മോഡലിങ് ഷോസില്‍ പങ്കെടുത്തു. 2018ലെ ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷനല്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആകുമ്പോള്‍ 4 വയസ്സായിരുന്നു പ്രായം. പരസ്യ ചിത്രങ്ങളിലും ഫോട്ടോ മോഡലായിട്ടുണ്ട്. ഒപ്പം മൂന്നു ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു.  

ഓഡീഷന്‍ വഴിയാണ് ഫോറന്‍സിക്കില്‍ അവസരം ലഭിച്ചത്. 8000 കുട്ടികളില്‍ നിന്നാണ് 3 റൗണ്ടുകളിലായി അവസാന ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. 

പൊളി ലുക്ക് 

ലുക്കിലും വേറിട്ടു നില്‍ക്കുന്നതാണ് ഹാത്തിമിനെ ശ്രദ്ധേയനാക്കുന്നത്. തിളങ്ങുന്ന കണ്ണുകളും നീട്ടി വളര്‍ത്തി അലസമായി വിടര്‍ത്തിയിട്ട മുടിയും ഹൈലൈറ്റാണ്. വേഗം മനസ്സില്‍ പതിയുന്നതാണ് ഈ രൂപം. 

സിനിമയ്ക്കു വേണ്ടി ഈ ലുക്കില്‍ എത്തിയതല്ല, മോന് മുടി വളര്‍ത്തുന്നത് വലിയ ഇഷ്ടമാണെന്ന് ജസ്‌ന പറയുന്നു. ഫുട്‌ബോളാണ് ഹാത്തിമിന്റെ മറ്റൊരു പാഷന്‍. മെസിയുടെ കട്ട ഫാനാണ്. 

r3

ഫോറന്‍സിക്കിനു ശേഷം തമിഴില്‍ നിന്നുള്‍പ്പടെ ധാരാളം അവസരങ്ങള്‍ ഈ കുട്ടിത്താരത്തെ തേടിയെത്തുന്നു. മഡ്ഡിയാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ഇതില്‍ നായകന്റെ കുട്ടിക്കാലമാണ് അവതരിപ്പിക്കുക. 

ടൊവിനോ സൂപ്പറാ

ടൊവിനോയെ കുറിച്ച് ചോദിച്ചപ്പോള്‍ നൂറു നാവാണ് ഹാത്തിമിന്.

ടൊവിനോ സൂപ്പറല്ലേ. ഗ്ലാമറാ. നല്ല മസിലൊണ്ട്. ഭയങ്ക കമ്പനിയാ...

r4

സിനിമ ഇറങ്ങിയതിനുശേഷം ടോവിനോയും മംമ്തയും സംവിധായകരായ അഖില്‍ പോളും അനസ് ഖാനുമെല്ലാം വിളിച്ച് അഭിനന്ദിച്ചു. സ്‌കൂളില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ദേവഗിരി സി.എം.ഐ സ്‌കൂളിലെ ഒന്നാംതരം വിദ്യാര്‍ത്ഥിയാണ് ഹാത്തിം.