Saturday 04 May 2019 02:48 PM IST

‘സകല മസിലുകളുടെയും മുകളിൽ നല്ല കൺട്രോൾ ഉള്ള ഒരു വിദഗ്ദ്ധൻ’; സായ് പല്ലവിയെ അമ്പരപ്പിച്ച ആ നടൻ!

Syama

Sub Editor

pallavi-sai08643
ഫോട്ടോ: അപ്പോളോ ഫോക്സ്

ഹേയ്... എൻ ഗോലി സോഡാവേ.. എൻ കറികൊഴമ്പേ...

ഉൻ കുട്ടിപപ്പി നാൻ... ടേക് മീ.. ടേക് മീ...

മാരി ടുവിലെ ഈ പാട്ട് പിറന്നുവീണതും ലോകം മുഴുവനുമുള്ള ഡാൻസ് പ്രേമികൾ കൈകളിൽ ക്യൂട്ട് കുട്ടി ഷൂ അണിഞ്ഞ് ചുവടുവയ്ക്കാൻ തുടങ്ങി. യൂട്യൂബിനെ ത്രസിപ്പിച്ച, മുന്നൂറ് മില്യൻ  വ്യൂസിലേക്ക് ഒാടിച്ചുകയറ്റിയ സൂപ്പർഹിറ്റ് പാട്ടിൽ ധനുഷിനൊപ്പം മൈഡിയർ മച്ചാ... നീ മനസ്സ് വച്ചാ... എന്നു പാടി തുള്ളിക്കളിച്ചത് നമ്മുടെ  സ്വന്തം ‘മലർ’ സായ് പല്ലവിയാണ്. ‘ബോൺലെസ്സ് ബോഡി’ എന്നു തോന്നിക്കും വിധം അസാധാരണ മെയ്‌വഴക്കത്തോടെ.

പ്രേമത്തിൽ കണ്ട സായ്  പല്ലവിയുടെ ഡാൻസ്  ഒരു ഡാൻസേ  ആയിരുന്നില്ല എന്ന വിധം  നൃത്തം ചെയ്തു തകർത്ത ശേഷം സായ് ദാ, വീണ്ടും  മലയാളത്തിലേക്ക് എത്തുന്നു. ഫഹദ് ഫാസിലിനൊപ്പം ‘അതിരന്‍’ എന്ന പുതിയ ചിത്രത്തിൽ വിടർന്ന കണ്ണുള്ള നായികയാകാൻ.

മലയാളം എന്നെ അതിശയിപ്പിക്കുന്നു...

‘‘പ്രേമമല്ല മലയാളത്തിെല എന്റെ ആദ്യത്തെ ചിത്രം, കസ്തൂരിമാനാണ്.’’ ഇത് പറഞ്ഞ് പല്ലവി ചിരി തുടങ്ങി. ‘‘സത്യത്തിൽ അഭിനയിക്കാനല്ല ഞാൻ  പോയത്....  മാത്‌സ് ടെസ്റ്റിൽ നിന്നു മുങ്ങാനാണ്. ആറിലോ ഏഴിലോ ഒക്കെ പഠിക്കുമ്പോഴേ പരിപാടികൾക്ക് ഡാൻസ് ചെയ്യുമായിരുന്നു. എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്നു തലപുകഞ്ഞിരിക്കുന്ന നേരത്ത് എഡ്വിൻ എന്നൊരു ഡാൻസ് മാസ്റ്റർ വഴിയാണ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്.

അമ്മയെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ച് അഭിനയിക്കാൻ പോയി. അന്ന്  അഭിനയമെന്താണെന്നൊന്നും അറിയില്ല. അവർ പറഞ്ഞ സ്ഥലത്തു നിന്ന് പറഞ്ഞതു പോലെ ചെയ്തു.  ക്യാമറ ശ്രദ്ധിക്കണമെന്ന്  പോലും അറിയില്ല. പിന്നെയും  മാത്‌സ് പരീക്ഷ കട്ട്  ചെയ്ത് അഭിനയിച്ചത്  തമിഴിലാണ് ‘ധാം ധൂം’. ഇതാണ് എന്റെ വഴി എന്നു പറയാൻ ദൈവം എനിക്കു തന്നെ ചെറിയ ക്ലൂ ആയിരിക്കണം ഇതൊക്കെ. അന്നൊന്നും നടിയാകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചതല്ല. എന്നിട്ടും ‘പ്രേമം’ സംഭവിച്ചു. അതിനു ശേഷം ‘കലി’. ഇപ്പോൾ ‘അതിരൻ’.

എനിക്ക് മലയാളത്തോട് അതിരറ്റ ബഹുമാനമാണ്. കൊമേഴ്സ്യൽ സിനിമകൾ പോലും എത്ര റിയലിസ്റ്റിക്കായിട്ടാണ് ഇവിടെ എടുക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് ഒക്കെ  എന്തൊരു സൂപ്പർ സിനിമയാണ്.

‘കലി’ ചെയ്തു കഴിഞ്ഞ് മലയാളം ചെയ്യാൻ താമസിച്ചത് ഡബ്ബിങ്ങിന്റെ കാര്യം ഓർത്താണ്. നല്ല കഥാപാത്രം ചെയ്യുമ്പോൾ ശബ്ദവും ഞാൻ തന്നെ കൊടുക്കണം എന്നുണ്ടായിരുന്നു. സംവിധായകൻ വിവേക് കഥ പറഞ്ഞപ്പോഴേ ഞാൻ ചോദിച്ചത് ‘എനിക്കു ഡബ്ബ് ചെയ്യാൻ ചേരുന്നൊരു ഡബ്ബിങ് ആർട്ടിസ്റ്റ് ഉണ്ടോ, അതോ ഡയലോഗ്സ് കുറവാണോ’ എന്നാണ്. ഡയലോഗ്സ് കുറവായിരുന്നതു കൊണ്ട് ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. മലയാളം ‘മലയാള’മായി തന്നെ പറയാൻ നല്ല പാടാണ്. എനിക്ക് ഒരിക്കലും ചെയ്യാൻ പറ്റില്ല എന്ന് കരുതിയ കുറേ കാര്യങ്ങൾ ഈ സിനിമയ്ക്കായി ഞാൻ ചെയ്തിട്ടുണ്ട്. മലയാളം എന്നെ ‘സ്വന്തം’ എന്നാണ് കരുതുന്നതെന്ന് നന്നായി അറിയാം. ആ സ്നേഹം എന്നെന്നും നിലനിർത്തി പോകണം എന്നാണ് ആഗ്രഹം.

ഫഹദിനൊപ്പമാണ് പുതിയ ചിത്രത്തിൽ. സകല മസിലുകളുടെയും മുകളിൽ നല്ല കൺട്രോൾ ഉള്ള ഒരു വിദഗ്ദ്ധൻ എന്നൊക്കെ പറയാം അദ്ദേഹത്തെ. അഭിനേതാവിനപ്പുറം വ്യക്തി എന്ന നിലയിലും വളരെ ജെനുവിനായ ഒരാൾ. സെറ്റിലൊക്കെ ആള് നല്ല ഫണ്ണിയാണ്. ‘ആക്‌ഷൻ’ എന്നു കേട്ടാൽ ഒരു തരം പരകായപ്രവേശവും.

പ്രഭുദേവ സർ വേണ്ട

‘റൗഡി ബേബി’ എന്ന പാട്ടിന്റെ കാര്യം എന്നോട് പറഞ്ഞപ്പോൾ തന്നെ ‘അയ്യോ, പ്രഭുദേവ സർ വേണ്ടാ’ എന്നാണ് ഞാൻ പറഞ്ഞത്.  അദ്ദേഹം കൊറിയോഗ്രഫി ചെയ്യുമ്പോൾ  100 തവണ വരെ സ്റ്റെപ് ചെയ്യിച്ച് കറക്ട് ചെയ്യിക്കുമെന്നൊക്കെ എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്, ഞാനാണേൽ ഒന്നാം തരം  മടിച്ചിയും. സെറ്റിലെത്തിയപ്പോ ഡാൻസേഴ്സെല്ലാം നിലത്തു കിടന്നൊക്കെ ഡാൻസ് ചെയ്യുന്നു. അപ്പോൾ ധനുഷിനോട് ചോദിച്ചു, ‘ഇത് നമ്മുടെ പാട്ടിനുവേണ്ടി അല്ലല്ലോ...ല്ലേ...’ ‘ഏയ്, അല്ല’  എന്ന് ധനുഷ്.

പക്ഷേ, അൽപ നേരം കഴിഞ്ഞതും സംവിധായകൻ വന്നു പറയുന്നു, പ്രഭുദേവ സാറാണ് കൊറിയോഗ്രാഫറെന്ന്. അപ്പോൾ ധനുഷ് മെല്ലെ വന്ന് പറയുകയാണ് ‘ശരിക്കും അത് നമ്മുടെ പാട്ടിന്റെ സ്റ്റെപ്സാ’ണെന്ന്.  ‘യൂ ചീറ്റർ’ എന്നൊക്കെ വിളിച്ച് ഞാൻ ധനുഷിനു പുറകെ... എന്നിട്ടെന്താ... മൂന്നുദിവസമെടുത്തു  ആ  ഡാൻസ് പ്രാക്ടീസ് ചെയ്യാൻ. മസിൽ  പെയ്നും, ബ്ലഡ് ക്ലോട്ടും ഒക്കെ വന്നിരുന്നു മിക്കവർക്കും. എന്നാലും അവസാനം ടേയ്ക്ക് എടുത്തപ്പോ എല്ലാവരും തകർത്തു.

ചെറുപ്പം മുതലേ ഡാൻസ് ഒപ്പമുണ്ട്. മാധുരി ദിക്ഷിതിന്റെയും ഐശ്വര്യ റായുടേയുമൊക്കെ നൃത്തം ടിവിയിൽ വരുമ്പോൾ അതേ പോലെ ചെയ്യും. അമ്മയായിരുന്നു ഏറ്റവും വലിയ സപ്പോർട്ട്. നിറയെ വീഡിയോസ് കാണിച്ചു തരും. ക്ലാസിക്കൽ ഡാൻസ് വീഡിയോസിൽ ഏറ്റവും കൂടുതൽ കണ്ടത് ശോഭനയുടേതാകും.

ഇന്റർസ്കൂൾ  മത്സരത്തിന് ആദ്യതവണ പോയപ്പോ തോറ്റു. ഡാൻസ് ചെയ്യാൻ പറ്റുന്നതാണ് സന്തോഷം, സമ്മാനം കിട്ടുന്നതായിരുന്നില്ല. ഡാൻസ് കണ്ട് എഡ്വിൻ സാറാണ് അവരുടെ ട്രൂപ്പിനൊപ്പം ചേരാനാവസരം തന്നത്. പിന്നീടാണ് ‘ഉങ്കളിൽ യാർ അടുത്ത പ്രഭുദേവ’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വരുന്നത്. അതേയിടത്തിൽ പത്തു വർഷത്തിനു ശേഷം ‘റൗഡി ബേബി...’ക്കായി പ്രഭുദേവ സാറിനെ കാണാനായത് മറ്റൊരു നിമിത്തം. ‌എല്ലാവരും ഡാൻസ് ചെയ്യുന്ന പാട്ടായി അത് മാറിയതിൽ വളരെ സന്തോഷം.

നോ മെയ്ക്കപ്പ് ഇസ് മൈ ചോയ്സ്

പഠിക്കുന്ന കാലം തൊട്ടേ മുഖക്കുരു എനിക്ക് വില്ലനാണ്. ജോ ർജിയയിൽ പഠിക്കുമ്പോൾ മുഖക്കുരു മറയ്ക്കാനായി പലപ്പോഴും സ്കാർഫ് ചുറ്റുമായിരുന്നു. പ്രേമം ഇറങ്ങുന്ന ദിവസം പോലും  ഞാൻ അമ്മയുടെ കൈ മുറുകെ പിടിച്ച് ചോദിച്ചു ‘ആള‍്‍ക്കാർക്ക് എന്നെ ഇഷ്ടപ്പെടുമോ?’.

pallavi-sai0865

ആ സിനിമ തന്ന കോൺഫിഡൻസ് വളരെ വലുതാണ്. മുഖക്കുരു ഉള്ള പല പെൺകുട്ടികളും പിന്നീട് മുഖം മറച്ചു നടന്നില്ല. മെയ്ക്കപ്പ് വേണ്ട എന്ന തീരുമാനവും അത്തരമൊരു കോൺഫിഡൻസിന്റെ  ഭാഗമാണ്. നിങ്ങള‍്‍  എങ്ങനെയാണോ, അങ്ങനെയിരിക്കുന്നതാണ് ഏറ്റവും ഭംഗി എന്ന് പറയാതെ  പറയാൻ കഴിഞ്ഞു. ഇതുവരെ വന്ന സംവിധായകരും  മറ്റും ആ തീരുമാനത്തെ മാനിച്ചു. അതുപോലെയാണ് വസ്ത്രധാരണത്തിന്റ കാര്യം. ചെറുപ്പത്തിൽ ചെറിയ ഉടുപ്പൊക്കെ ഇട്ട് ഡാൻസ് ചെയ്തിട്ടുണ്ട്. ഇപ്പോ അത്തരം വസ്ത്രങ്ങളിൽ ഞാൻ കംഫർട്ടബിൾ അല്ല. ഇഷ്ടമല്ലാത്ത കാര്യങ്ങൾക്ക് എന്തു വന്നാലും വഴങ്ങരുതെന്നാണ് എന്റെ രീതി.

ജോർജിയയിൽ ആറു വർഷമുണ്ടായിരുന്നു. നാട്ടിൽ നിൽക്കുമ്പോൾ ഒപ്പം അച്ഛനമ്മമാരുണ്ട്, അറിയാവുന്ന ആളുകളുണ്ട്... എന്നാൽ പുതിയൊരു നാട്ടിൽ ചെന്ന് കടിഞ്ഞാണുകളില്ലാതെ ജീവിക്കുമ്പോഴും മൂല്യങ്ങൾ കൈവിടാതിരിക്കുക എന്നത് നമ്മുടെ മാത്രം തീരുമാനമാണ്. അതിൽ ഞാൻ വിജയിച്ചിട്ടുണ്ട്.

എന്റെ ഒരുപാട് ധാരണകൾ മാറ്റി തന്നതും ആ നാടാണ്. അതുവരെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ പഠിച്ചിട്ട് ആൺകുട്ടികളോട് കൂട്ട് കൂടുന്നതും സംസാരിക്കുന്നതും ഒക്കെ മോശം  കാര്യമാണെന്ന ധാരണയുണ്ടായിരുന്നു. എംബിബിഎസ്സിനു ചേർന്നപ്പോൾ ക്ലാസ്സിൽ കൂടുതലും ആൺകുട്ടികൾ.  നല്ല സൗഹൃദങ്ങൾക്ക് ആൺ–പെൺ വ്യത്യാസങ്ങളില്ല എന്നെനിക്കു  മനസ്സിലായി. കൂടുതൽ ഡിസിപ്ലിൻഡായി. ചെറുതെന്നു തോന്നുന്ന വലിയ വലിയ കാര്യങ്ങൾ എനിക്കു പഠിപ്പിച്ചു തന്നത് ജോർജിയയാണ്.

കല്യാണം എന്നാൽ ഫ്രണ്ട്ഷിപ്പ്

വയസ്സ് 26  ആണെങ്കിലും എന്റെ മെന്റൽ ഏജ് ഇരട്ടിയിലധികമായിരിക്കും. ‘ലവ്’ എന്ന് കേൾക്കുമ്പോ ‘It’s so tiring’ എന്നാണ് ഉള്ളിലിരുന്ന് ആരോ വിളിച്ചു പറയുന്നത്. എന്റെ അമ്മയ്ക്ക് എന്നെക്കാൾ മനസ്സിനു ചെറുപ്പമുണ്ടെന്നു തോന്നാറുണ്ട്.

കല്യാണത്തെ കുറിച്ച് ചോദിച്ചാൽ ഞാൻ പറയും ‘Stronger the friendship, happier the marriage’ എന്ന്. അതിനു കാരണം എന്റെ അച്ഛനും അമ്മയും. അവർ ഫാൻസി ഡിന്നറുകൾക്ക് പോകാറില്ല, വില കൂടിയ സമ്മാനങ്ങൾ കൈമാറാറുമില്ല. അവർ നല്ല സുഹൃത്തുക്കളാണ്. തമ്മിലുള്ള റെസ്പെക്റ്റിന് ഏറെ വില നൽകുന്നവർ. പലപ്പോഴും ഇതൊന്നുമില്ലാത്തപ്പോഴാണ് രണ്ടു പേർ തമ്മിലുള്ള ബന്ധം  വഷളാകുന്നത്.  ഇയാളെ  ഞാൻ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടായാൽ  പിന്നെ അറിഞ്ഞോ അറിയാതെയോ അവസാന പ്രയോരിറ്റിയായി  പങ്കാളി മാറും. തമ്മിലുള്ള ബഹുമാനം കൈവിടാതെ, പരസ്പരം  അവഗണിക്കാതെ  മുന്നോട്ടു പോകുന്ന ബന്ധത്തിലാണ് എനിക്ക് വിശ്വാസം.

ഉള്ളം തെളിയണം, അതാണ് സൗന്ദര്യം

എന്തൊക്കെയാണ് സായ് പല്ലവിയുടെ ബ്യൂട്ടി ടിപ്സ്?

ബാഹ്യസൗന്ദര്യത്തെക്കാള്‍ ഉള്ളിലെ സൗന്ദര്യത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. കഴിവതും  കൃത്യമ വസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ  നോക്കും. വെജിറ്റേറിയനാണ്. പാലും പാൽ ഉൽപ്പന്നങ്ങളും കൂടി അകറ്റി വീഗൻ ആകണം എന്നാഗ്രഹമുണ്ട് പക്ഷേ, പലപ്പോഴും  ഭക്ഷണം സ്പൈസിയാകുമ്പോൾ ഒപ്പം തൈരു കഴിച്ചു പോകും.  പൊതുവേ മധുരം കഴിക്കാനിഷ്ടമാണെങ്കിലും ഇപ്പോ കുറച്ചു.

ചെറുതായിരിക്കുമ്പോൾ നമ്മൾ ഓടിക്കളിക്കുന്നുണ്ട്, ഒരുപാട് നടക്കുന്നുണ്ട്, ഡാൻസ് ചെയ്യുന്നുണ്ട്... പതിയെ പതിയെ നമ്മുടെ ചലനം കുറയുന്നു. കുറേ നേരം ഒരേയിരിപ്പു തന്നയാകും പലരും. അപ്പോൾ പണ്ട് കഴിച്ച ഭക്ഷണം തന്നെ തുടർന്നും കഴിച്ചാൽ മുൻപത്തെ പോലെ ദഹിച്ചെന്നു വരില്ല. വ്യായാമവും ഭക്ഷണ ക്രമീകരണവും വേണം.

ആഴ്ചയിൽ 3 ദിവസം രണ്ടു മണിക്കർ തുടർച്ചയായി ഞാൻ ബാറ്റ്മിന്റൺ കളിക്കാറുണ്ട്. എന്നും ഒരു മണിക്കൂർമെഡിറ്റേറ്റ് ചെയ്യും. 108 തവണ ഗായത്രി മന്ത്രവും ത്രയമ്പകവും ചൊല്ലും. ‘ഓം’ എന്ന മന്ത്രമുണ്ടാക്കുന്ന പൊസിറ്റീവ് വൈബ്രേഷനെ പറ്റി അമ്മയാണ് എനിക്ക് പറഞ്ഞു തന്നത്. കണ്ണടച്ചു മെഡിറ്റേറ്റ് ചെയ്താൽ കുമിഞ്ഞു കുടുന്ന ചിന്തകളെ അടക്കി നിർത്തി ഫോക്കസ് ചെയ്യാൻ സാധിക്കും. മനസ്സ് ശാന്തമായാൽ അത് മുഖത്തും ശരീരമാകെയും പ്രതിഫലിക്കും.

മുടി പാരമ്പര്യമായി കിട്ടിയതാണ്. അമ്മൂമ്മയും പിന്നീട് അമ്മയും ഉണ്ടാക്കുന്ന ചെമ്പരത്തിയും കറിവേപ്പിലയും ഇട്ട എണ്ണയാണ് തേക്കാറ്. മുടിയിൽ ചീപ്പ് ഉപയോഗിക്കാറില്ല, വിരലുകൾ കൊണ്ടു ഉടക്കുകൾ കളഞ്ഞ് മുടി കോതിയിടും. 

ഇറക്കിവിടാൻ കഴിയാത്തവർ

എനിക്കങ്ങനെ ഡ്രീം റോൾ ഒന്നുമില്ല. ചില കഥകൾ  കേൾക്കുമ്പോൾ  ഈ  കഥാപാത്രം  ഞാൻ  തന്നെ  ചെയ്യണം  എന്നു  തോന്നും. കമ്മിറ്റ് ചെയ്താൽ അന്നു മുതൽ അതാണ് എന്റെ ഡ്രീം റോൾ. നല്ല സ്ക്രിപ്റ്റ്  തന്നയാണ് ആദ്യം ഇംപ്രസ് ചെയ്യുന്നത്.

ചില കഥാപാത്രങ്ങൾ ചെയ്തു കഴിഞ്ഞാലും അതിന്റെ അംശം നമ്മളിൽ കിടക്കും. അത് എത്രയും വേഗം മാറ്റി കളയാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.  മലർ എന്ന കഥാപാത്രം ചെയ്തതിനു ശേഷം കുറച്ചു നാൾ വസ്ത്രധാരണം വരെ അതിനനുസരിച്ചായിരുന്നു. സ്ലീവ്‌ലെസ് ഇടാതെയായി, മലർ മിസ് അത് ഇടില്ലല്ലോ എന്നായിരുന്നു ചിന്ത.

‘കലി’ ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ദേഷ്യപ്പെടാൻ തുടങ്ങി, അങ്ങനെ ദേഷ്യം വരാത്ത ആളാണ് ഞാൻ. ഒരു കഥാപാത്രത്തെ മുഴുവനായി ഇറക്കി വിട്ടാലേ ശരിയാകൂ. എന്നാലേ, 50 സിനിമകളിൽ ‘ഐ ലവ് യൂ’ എന്നു പറയുന്ന സീൻ  50 തരത്തിൽ ചെയ്യാൻ കഴിയൂ...

എന്റെ അനുജത്തി പൂജയും അഭിനയിച്ചിരുന്നു. ചെന്നൈയിൽ പി.ജിക്കു പഠിക്കുന്നതിനൊപ്പം അവളിപ്പോൾ സോ ഷ്യൽ വർക്കറുമാണ്. ഒരു എൻ.ജി.ഒയുമായി  ചേർന്ന് ജുവനൈൽ ഹോമുകളിൽ കുട്ടികളെ പഠിപ്പിക്കുന്നു. സമൂഹത്തോട്  പ്രതിബദ്ധതയുള്ളവരായി  ഞങ്ങളെ വളർത്താൻ  അച്ഛൻ കണ്ണനും അമ്മ രാധയും ശ്രമിച്ചിട്ടുണ്ട്. ഒരു കാരവാൻ വാങ്ങി പാവപ്പെട്ട ആളുകൾക്കിടയിൽ സഞ്ചരിച്ച് അവരെ സൗജന്യമായി ചികിത്സിച്ച് മരുന്നുകൾ നൽകണം എന്നാണ് ഡോക്ടറായ ശേഷം അമ്മ എനിക്കു വേണ്ടി ആഗ്രഹിച്ചത്. അതെന്നെങ്കിലും ചെയ്യണമെന്നുണ്ട്.’’

ചിന്തകളിൽ സായ് മറ്റേതോ ലോകത്തേക്ക് സ‍ഞ്ചരിച്ചു തുടങ്ങി. ആ മുടിയിഴകളിൽ കുരുങ്ങിയ കാറ്റ് പുറത്തേക്ക് കടക്കാൻ മെനക്കെടാതെ അവിടെ തന്നെ കുരുങ്ങി നിന്ന് പാടും പോലെ തോന്നും.

 ‘‘മലരേ...എന്നുയിരിൽ വിടരും പനിമലരേ...’’

pallavi75332