Wednesday 09 September 2020 04:00 PM IST

‘പ്രോഗ്രാം കണ്ടപ്പോൾ എന്റെ പെരുമാറ്റമൊക്കെ അവർക്കും ഇഷ്ടമായി; പിന്നെ, എല്ലാം പെട്ടെന്നായിരുന്നു’; വിവാഹവിശേഷങ്ങൾ പങ്കുവച്ച് പ്രദീപ് ചന്ദ്രൻ

Roopa Thayabji

Sub Editor

prsbvjdfbfhg6653

‘ഇപ്പോഴാണോ കല്യാണം കഴിക്കാൻ തോന്നിയതെന്ന് ആരും ചോദിച്ചേക്കല്ലേ. 38 വയസ്സുവരെ സിനിമയുടെയും സീരിയലിന്റെയും പിന്നാലെ തന്നെ ആയിരുന്നു. വിവാഹത്തെക്കുറിച്ചു ചിന്തിച്ചില്ല എന്നതാണ് സത്യം. കുറേ നാളായി ‘എന്നാണ് കല്യാണം...’ എന്നു മാത്രമേ ആളുകൾക്ക് ചോദിക്കാനുള്ളൂ. എന്റെ വിവാഹപ്രായം കടന്നു പോകുന്നതിൽ വീട്ടുകാർക്കും ആശങ്കയുണ്ടെന്നു മനസ്സിലായതോടെയാണ് മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഇപ്പോഴാണ് എന്റെ സമയം എത്തിയതെന്നു തോന്നുന്നു, എന്റെ ആളെ കണ്ടെത്തിയതും അതിനുശേഷമാണല്ലോ. 

അഭിനയമായിരുന്നു എല്ലാം...

തിരുവനന്തപുരത്താണ് ഞാൻ ജനിച്ചു വളർന്നത്. അച്ഛൻ ചന്ദ്രശേഖരൻ നായർക്ക് പൊലീസിലായിരുന്നു ജോലി. അമ്മ വൽസല സി. നായർ. ഒരു ചേട്ടനുമുണ്ട്. ചെറുപ്പം മുതലേ അഭിനയം  ഹരമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്താണ് ‘താഴ്‌വാരപ്പക്ഷികൾ’ എന്ന സീരിയലിൽ അഭിനയിച്ചത്. കുറേ വർഷങ്ങൾക്കു ശേഷം എംബിഎ കഴിഞ്ഞ് ബെംഗളൂരുവിൽ പ്രൊജക്റ്റ് ചെയ്യുന്ന കാലത്താണ് അഭിനയമോഹം വീണ്ടും വന്നത്. അതിനിടെ നാട്ടിലൊരു ആക്ടിങ് കോഴ്സ് ഒക്കെ ചെയ്തിരുന്നു. 

പ്രൊജക്റ്റ് പൂർത്തിയാക്കി ബെംഗളൂരുവിൽ നിന്ന് നാട്ടിൽ വന്നപ്പോഴാണ് ജീവിതത്തിലെ ആ ട്വിസ്റ്റ്. എന്റെ ബന്ധുവായ വിമൽകുമാർ ചേട്ടൻ നാട്ടിൽ മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ വലിയ ആളാണ്. ചേട്ടൻ വഴി ഞാൻ മേജർ രവി സാറിനെ പരിചയപ്പെട്ടു. അഭിനയമോഹത്തെ കുറിച്ചൊക്കെ പറഞ്ഞപ്പോൾ പുതിയ സിനിമയിൽ നോക്കാമെന്നു പറഞ്ഞു. അങ്ങനെയാണ് ‘മിഷൻ 90 ഡെയ്സി’ൽ അഭിനയിച്ചത്. പിന്നെ, വലുതും ചെറുതുമായ വേഷങ്ങളിൽ ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചു. 

ഇതിനിടെ ‘കുഞ്ഞാലിമരക്കാർ’ സീരിയലിലെ ടൈറ്റിൽ വേഷമടക്കം കുറേ സീരിയലുകളിലും നല്ല വേഷങ്ങൾ ചെയ്യാൻ പറ്റി. ജോലിയും ഒപ്പം കൊണ്ടുപോകുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് പ്രൊജക്റ്റിൽ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്ന സമയത്താണ് ‘കറുത്ത മുത്തി’ലേക്ക് ഓഫർ വന്നത്. അതു വലിയ ഹിറ്റായി.

prabjfbjdbhjdfg88645

വൈകിയെത്തിയ കല്യാണം...

വിവാഹകാര്യത്തിനായി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തെന്നു പറഞ്ഞില്ലേ. അതിലൂടെയാണ് അനുപമയുടെ ആലോചന വന്നത്. കരുനാഗപ്പള്ളിയാണ് അനുവിന്റെ സ്വദേശം. തിരുവനന്തപുരത്ത് ഇൻഫോസിസിൽ ടെക്നോളജി അനലിസ്റ്റായി ജോലി ചെയ്യുന്നു. ‘ബിഗ് ബോസി’ൽ മത്സരിക്കാൻ പോകും മുൻപേ എന്റെ എല്ലാ കാര്യങ്ങളും അനുവിനോടു തുറന്നു പറഞ്ഞിരുന്നു. പ്രോഗ്രാം കണ്ടപ്പോൾ എന്റെ പെരുമാറ്റമൊക്കെ അവർക്കും ഇഷ്ടമായി. അതു കഴിഞ്ഞു വന്നാണ് വീട്ടുകാർ കല്യാണം ഉറപ്പിച്ചത്. പിന്നെ, എല്ലാം പെട്ടെന്നായിരുന്നു.

ജൂലൈ 12ന് ആഘോഷമായി കല്യാണം നടത്താൻ തിരുവനന്തപുരത്ത് ഹോട്ടൽ ബുക്ക് ചെയ്തെങ്കിലും അപ്പോഴേക്കും ലോക്‌‌ഡൗണും ട്രിപ്പിൾ ലോക്‌ഡൗണുമൊക്കെ വന്നു. ഇതിനിടെ അയർലൻഡിൽ ജോലി കിട്ടി പോയ ചേട്ടൻ പ്രമോദ് അവിടെ നിന്ന് ലീവിനു വരാനാകാതെ ലോക്കായി. 

ചേട്ടൻ കൂടി വന്നിട്ട് വിവാഹം നടത്താമെന്നു കരുതി കാത്തിരുന്നെങ്കിലും അതിനു കാക്കാതെ കല്യാണം നടത്താൻ അവൻ തന്നെ നിർബന്ധിച്ചു. അങ്ങനെയാണ് വധൂഗൃഹത്തിൽ വച്ച് ലളിതമായി വിവാഹം നടത്തിയത്. കല്യാണം കഴിഞ്ഞ് ഒരു ദിവസം അനുവിന്റെ വീട്ടിലേക്ക് പോയി വന്നതല്ലാതെ വിരുന്നിനൊന്നും പോയിട്ടേയില്ല. മരുതംകുഴിയിലെ എന്റെ വീട്ടിൽ അച്ഛനും അമ്മയും ചേട്ടത്തിയും മോളുമൊക്കെ ഉണ്ട്. 

കൂട്ടുകുടുംബത്തിന്റെ സന്തോഷത്തിനൊപ്പമാണ് ഇത്തവണത്തെ ഓണം. പക്കാ വെജിറ്റേറിയനാണ് അനുപമ, ഞങ്ങളെല്ലാം നോൺ വെജിറ്റേറിയനും. ഓണസദ്യയ്ക്കെങ്കിലും വീട്ടിൽ നോൺ വെജ് ഭക്ഷണം ഉണ്ടാകില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇപ്പോൾ അനു...’

pra66464757

-ഫോട്ടോ: പൂജ ക്രിയേഷൻസ് (കരുനാഗപ്പള്ളി), ഷിനാസ് ഹക്കീം (ബിഗ് സ്റ്റോറീസ് വെഡ്ഡിങ് കമ്പനി)

Tags:
  • Celebrity Interview
  • Movies