‘അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് എന്റെ നിലപാട് ’- അനുഭവങ്ങൾ പങ്കു വച്ച് മിനിസ്ക്രീനിലെ പ്രിയനായിക അനുമോൾ
ചുവന്ന പട്ടുസാരിയുടുത്ത്, നിറയെ മുല്ലപ്പൂചൂടി, കഴുത്തിലൊരു പാലയ്ക്കാ മാലയും കാശുമാലയുമണിഞ്ഞ്, കാതിൽ ജിമിക്കിയും കയ്യിൽ വളകളുമിട്ട്, ഒരുങ്ങി കതിർമണ്ഡപത്തിലേക്ക് കയറുന്ന എന്നെ ഞാൻ സ്വപ്നം കാണാറുണ്ട്. സാരിയുടെ നിറം ഇടയ്ക്ക് മാറാറുണ്ടെന്നു മാത്രം’’.
‘ ആരാ വരൻ? ’
‘‘അയ്യോ... എന്റെ കല്യാണമൊന്നുമായില്ല’’
അപ്പോൾ സോഷ്യൽ മീഡിയയിൽ പറഞ്ഞതോ? നവംബറിൽ കല്യാണം എന്ന്?
‘‘അതു വെറുതെ രസത്തിനു പറഞ്ഞതാ. കല്യാണം എന്തായാലും ഉടനേയില്ല. ആകുമ്പോൾ എല്ലാവരേയും ഞാൻ തന്നെ അറിയിക്കും’’ സ്വതസിദ്ധമായ ശൈലിയിൽ, ചിരിയോടെ അനുമോൾ പറഞ്ഞു.
തിരുവനന്തപുരം പേരൂർക്കടയിലെ വീട്ടിലിരുന്നു മിനിസ്ക്രീനിലെ പ്രിയനായികയോടു സംസാരിച്ചു തുടങ്ങിയതു വിവാഹസങ്കൽപ്പങ്ങളെക്കുറിച്ചാണ്.
പങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടാകുമല്ലോ?
നല്ല മനുഷ്യനായിരിക്കണം. എന്റെ ജീവിതത്തിലെ സ ന്തോഷങ്ങളും വിജയങ്ങളും കുഞ്ഞു കുഞ്ഞു സങ്കടങ്ങളും പിണക്കങ്ങളുമെല്ലാം അയാളുടേതു കൂടി ആകണം. തിരിച്ചും അങ്ങനെ ആയിരിക്കും. ഭർത്താവ് എന്നതിലുപരി ബെസ്റ്റ് ഫ്രണ്ട് ഫോർ ലൈഫ് ആണ് എനിക്കിഷ്ടം.
സ്ത്രീധനം വേണമെന്നു പറയുന്ന വ്യക്തിയേയോ കുടുംബത്തേയോ അംഗീകരിക്കാനാവില്ല. വിവാഹാലോചന വരുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പറയും. പൂർണമായി ചേർന്നു നിൽക്കാൻ പറ്റുമെന്നു തോന്നിയാൽ മാത്രം മുന്നോട്ടു പോയാൽ മതിയല്ലോ. എന്നെ സംബന്ധിച്ച് വിവാഹം എന്നത് ലൈഫ് ടൈം പ്രോമിസ് ആണ്. അങ്ങനെയൊരു ജീവിതം തന്നെ കിട്ടണേ എന്നാണു പ്രാർഥന.
ഇത്രയും സ്വപ്നം കാണുന്ന ആൾ വിവാഹ ആഘോഷങ്ങളും പ്ലാൻ ചെയ്തിട്ടുണ്ടാകുമല്ലോ?
കല്യാണം കളറാക്കണം എന്നായിരുന്നു കുറച്ചുകാലം മുൻപ് വരെ. ഹൽദി, മെഹന്ദി, സംഗീത് അങ്ങനെയൊരു ആഘോഷമായിരുന്നു മനസ്സിൽ. പക്വത വന്നതു കൊണ്ടാണോ എന്നറിയില്ല. ആഡംബര വിവാഹം വേണ്ടെന്നാണ് ഇപ്പോഴത്തെ തോന്നൽ. ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി അമ്പലത്തിൽ താലികെട്ട്. വിവാഹശേഷം എല്ലാവർക്കുമായി ചെറിയ വിരുന്ന്. അത്രയും മതി.
സ്വന്തം വീട് എന്നത് വലിയ മോഹമായിരുന്നു, അല്ലേ?
ആര്യനാട് ചേരപ്പള്ളിയാണു ഞാൻ ജനിച്ചു വളർന്ന നാട്. സീരിയലിൽ സജീവമായപ്പോഴാണു നഗരത്തിലേക്കു കൂടുതലായി യാത്ര ചെയ്യുന്നതു പോലും. അന്നൊക്കെ തിരുവനന്തപുരം സിറ്റിയിൽ വാടകയ്ക്ക് എങ്കിലും ഒരു വീടുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. ആ പ്രാർഥനകൾക്കു പത്മനാഭസ്വാമി തന്ന മറുപടിയാണ് ‘ദേവാമൃതം’ എന്ന ഈ വീട്. ഞാനും ചേച്ചി അഖിലയും ചേർന്നു വച്ച വീടാണ്. വീടിനു പുറമേ കുറച്ചു വസ്തുവും വാങ്ങി. ആര്യനാടുള്ള വീട് ഞങ്ങൾക്കേറെ പ്രിയപ്പെട്ടതാണ്. അച്ഛനും അമ്മയ്ക്കുമുള്ള സമ്മാനമായി അതു ഞാൻ പുതുക്കി പണിതു.
ചെറുപ്പത്തിലേ സ്വന്തം അധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുക്കാനായിരുന്നല്ലേ താത്പര്യം?
സ്കൂളിൽ പഠിക്കുമ്പോഴേ ഞാനും ചേച്ചിയും ട്യൂഷൻ എടുക്കുമായിരുന്നു. അൻപതോ നൂറോ രൂപയാണ് ഫീസ് ആയി കിട്ടുക. ഞങ്ങളുടെ ആവശ്യങ്ങൾ അതുകൊണ്ട് നടക്കും. മിച്ചം അമ്മയെ ഏൽപിക്കും. പണം ചെലവാക്കുന്നതിനു മുൻപ് ഇന്നും രണ്ടുവട്ടം ആലോചിക്കും. സീരിയലിൽ അഭിനയിച്ചു തുടങ്ങുന്ന കാലത്തും ട്യൂഷനെടുത്തിരുന്നു.
സ്റ്റേജ് ഷോകളും സീരിയലുമൊക്കെ ചെയ്യുമ്പോൾ നല്ല ഡ്രസ് വേണം. അന്ന് സ്പോൺസർമാരൊന്നുമില്ല. തുണി എടുത്തു തയ്ക്കണമെങ്കിൽ നല്ല തുകയാകും. അ തുകൊണ്ട് യുട്യൂബ് നോക്കി തയ്യൽ പഠിച്ചു. സീരിയലിൽ തിരക്കാകും വരെ എന്റെ ഉടുപ്പുകളെല്ലാം ഞാൻ തന്നെയാണ് തയ്ച്ചിരുന്നത്.
ചേച്ചിയുടെ ഭർത്താവ് മഹേഷിന്റെ സുഹൃത്തായ ഡ ബ്ബിങ് ആർട്ടിസ്റ്റ് ശങ്കർ ലാൽ വഴിയാണ് ആദ്യമായി സീരിയലിൽ അവസരം കിട്ടുന്നത്. മഴവിൽ മനോരമയിലെ അനിയത്തിയാണ് അഭിനയിച്ച ആദ്യ സീരിയൽ. ഒരു ദിവസം മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നത്. പല ഷോട്ടുകളിലായി പത്ത് എപ്പിസോഡിൽ ഞാനുണ്ടായിരുന്നു.
അനിയത്തിക്കു ശേഷം ഒരുപാട് സീരിയലുകളിൽ കുഞ്ഞു കുഞ്ഞ് അവസരങ്ങൾ കിട്ടി. കൂടുതലും അനിയത്തി റോളാണ്. എന്നെങ്കിലും നായികയാകാന്‍ സാധിക്കുമോ എന്നോർത്തു വിഷമിച്ചിട്ടുണ്ട്.
സ്റ്റാർ മാജിക്കും സുസുവും ആണോ കരിയറിലെ വഴിത്തിരിവ് ?
ഏഴു വർഷം മുൻപാണ് സ്റ്റാർ മാജിക്കിലേക്കുള്ള ക്ഷണം കിട്ടുന്നത്. നടിയും സുഹൃത്തുമായ പാർവതി കൃഷ്ണയാണ് എന്നെ സജസ്റ്റ് ചെയ്തത്.
ഫ്ലോറിൽ പരിപാടി ചെയ്യുന്നത് ആദ്യമായാണ്. ഷോ തുടങ്ങുന്ന സമയത്ത് ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് എല്ലാവരും എന്നെ പറ്റിക്കും. പതിയെ മനസ്സിലായി പാവമായി നിൽക്കുന്ന അനുവിനെയാണ് എല്ലാവർക്കും ഇഷ്ടമെന്ന്. ഇപ്പോഴും ആ ഫ്ലോറിൽ എത്തിയാൽ അറിയാതെ കുട്ടിയായിപ്പോകും. എല്ലാവരും ഭയങ്കര സപ്പോർട്ട് ആണ്.
സ്റ്റാർ മാജിക്കിലൂടെയാണ് സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോമിൽ അവസരം ലഭിച്ചത്. മല്ലിക സുകു മാരനൊപ്പം ടേക്ക് എടുക്കുമ്പോൾ ടെൻഷൻ കാരണം തെറ്റിപ്പോകാറുണ്ടായിരുന്നു. പക്ഷേ, അപ്പോൾ തന്നെ സ പ്പോർട്ടുമായി മല്ലികാമ്മ രംഗത്തുവരും. ‘ആ കുട്ടി ചെയ്യട്ടെ. നിങ്ങളൊന്ന് സമാധാനിക്ക് ’. പിന്നെ, ആരും വഴക്കു പറയില്ലല്ലോ. മറ്റുള്ളവരെ സഹായിക്കാനുള്ള അമ്മയുടെ മനസ്സ് എടുത്തു പറയേണ്ടതാണ്. പിറന്നാളിനും ഒാണത്തിനുമൊക്കെ മല്ലികാമ്മ സമ്മാനങ്ങൾ തരാറുണ്ട്.
ഇപ്പോഴത്തെ സന്തോഷം സോഷ്യൽ മീഡിയയിലെ ഡാൻസ് റീൽസ് ആണ്. സുഹൃത്ത് ജീവനാണ് ഡാൻസ് പഠിപ്പിക്കുന്നത്. അഭിയും മഹിയും എന്ന സിറ്റ്കോമിന്റെ സെറ്റിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഇപ്പോളെന്റെ ഏറ്റവുമടുത്ത സുഹൃത്താണ് ജീവൻ. അവനൊപ്പമുള്ള ഡാൻസ് റീലുകൾക്ക് ധാരാളം ഫോളോവേഴ്സ് ഉണ്ട്.
സിനിമ അവസരങ്ങൾ നഷ്ടമായതിൽ വിഷമമുണ്ടോ?
സീരിയലിൽ അഭിനയിക്കുന്നതിനിടെ സിനിമകളിലേക്ക് ക്ഷണം വന്നിട്ടുണ്ട്. തിരക്കുകാരണം പോകാൻ സാധിച്ചില്ല. എത്ര വലുതാണ് നിരസിച്ചതെന്നു തിരിച്ചറിയുന്നതു വൈകിയാണ്. എങ്കിലും തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. നല്ല അവസരങ്ങൾ വന്നാൽ ഉറപ്പായും അഭിനയിക്കും. വളരെ അടുപ്പമുള്ളവരുടെ ചില ‘സ്നേഹപ്പാരകൾ’ മൂലം നഷ്ടപ്പെട്ട അവസരങ്ങളുമുണ്ട്.
പഴയ തൊട്ടാവാടിയിൽ നിന്ന് അനു ഒരുപാടു മാറി?
തൊട്ടാവാടി പരുവം മാറി. നല്ല ധൈര്യവുമായി. ലൊക്കേഷനിലും പ്രോഗ്രാമിനുമെല്ലാം ഒറ്റയ്ക്കാണു പോകുന്നത്. ആരെങ്കിലും മോശമായി പെരുമാറിയാൽ പ്രതികരിക്കണമെന്ന് അമ്മ പറയും. പലപ്പോഴും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ബസ്സിൽ പോവുകയാണ്. രാത്രിയാണ്. മയക്കത്തിനിടെ ആരോ ദേഹത്തു തൊടുന്നതുപോലെ തോന്നി. ഉറക്കത്തിനിടയിൽ തോന്നിയതാകും എന്നാണു കരുതിയത്. അടുത്തിരുന്ന ആൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നതാണെന്ന് പിന്നെ മനസ്സിലായി. ഒട്ടും വൈകിയില്ല, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു. ബസ്സിലെ കണ്ടക്ടർ ഉൾപ്പെടെ വിട്ടുകളഞ്ഞേക്കൂ എന്ന രീതിയിലാണ് സംസാരിച്ചത്. അയാളെ ബസ്സിൽ നിന്ന് ഇറക്കിവിട്ടേ പറ്റൂ എന്നു ഞാൻ വാശി പിടിച്ചു. ഒടുവില്‍ അയാളെ വഴിയിൽ ഇറക്കിയശേഷമാണ് ബസ് മുന്നോട്ടു പോയത്.
അതിക്രമം നടന്നാൽ അപ്പോൾ പ്രതികരിക്കണം. അല്ലാതെ മിണ്ടാതിരുന്നിട്ടോ വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടോ കാര്യമില്ല. അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് എന്റെ നിലപാട്.