Thursday 23 January 2020 02:51 PM IST : By എൻ. ജയചന്ദ്രൻ

‘കടുകുപൊട്ടും പോലെ ഡയലോഗ് അടിച്ചും എക്സ്പ്രഷൻ കൂട്ടിയും ആ വേഷം ഞാനങ്ങ് എടുത്തു’; പൊങ്ങച്ചക്കാരി വാസവദത്തയായി മാറിയ കഥ പറഞ്ഞ് മനീഷ!

manees6677

ഉള്ളുരുകിപ്പാടുമ്പോൾ ഇനിയും കരഞ്ഞു പോ‌യേക്കാമെന്നു മനീഷ പറയുന്നത് ഹൃദയത്തിൽ തൊട്ടാണ്. ദൈവം വലിയ മിഴികൾ തന്നപ്പോൾ നമ്മളായിട്ട് കണ്ണീരിനെ തടയുന്നതെന്തിനെന്നും മനീഷ ചോദിക്കുന്നു. തൃശ്ശൂരിൽ സംഗീതപരിപാടിക്കിടെ എസ്.പി.ബാലസുബ്രഹ്മണ്യവുമൊത്ത് ‘മലരേ മൗനമാ... ’എന്ന ഡ്യൂയറ്റ് പാടുമ്പോൾ വേദിയിൽ കണ്ണീർപൊഴിച്ച തന്റെ ചിത്രം തൃശൂർ കുര്യച്ചിറയിലെ ഫ്ലാറ്റിന്റെ സ്വീകരണമുറിയിൽ തന്നെ മനീഷ സുക്ഷിച്ചിരിക്കുന്നു.

‘‘ജീവിതമെന്നാൽ ചിരി മാത്രമല്ലല്ലോ. അതിൽ പലപ്പോഴും നൊമ്പരത്തിന്റെ അടരുകളുമുണ്ടാകും. അപ്പോഴാണ് നമ്മുടെ ചിരി കൂടുതൽ  അർഥപൂർണ മാകുക. ’’–മനീഷ ചിരിച്ചു.

അനുപമായ ആലാപനം കൊണ്ട് ആത്മാവിൽ ചേർത്തുവച്ച ക്രൈസ്തവ ഭക്തിഗാനം മലയാളത്തിനു നൽകിയ ഗായികയാണ് കെ.എസ്. മനീഷ. ‘‘ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ..നന്ദിചൊല്ലി തീർക്കുവാനീ ജീവിതം പോരാ... ’’എന്ന ഗാനം തൃശൂരിലെ ചേതന സ്റ്റുഡിയോയിൽ ആലപിക്കുമ്പോൾ തൃശൂർ വിമല കോളജിലെ ഡിഗ്രിവിദ്യാർഥിനിയായിരുന്നു മനീഷ. 25 വർഷം മുൻപ്.

ചേതനയുടെ ഡയറക്ടറായിരുന്ന ഫാ.പോൾ ആലക്കാട്ടാണ്  മനീഷയെ പാടാൻ വിളിച്ചത്. വയലിൻ ജേക്കബേട്ടൻ ഒരുക്കിയ ഓർക്കസ്ട്രയ്ക്കു നടുവിൽ ഫാ. തദേവൂസ് അരവിന്ദിന്റെ  വരികൾ. ടോമിൻ തച്ചങ്കരിയുടെ സംഗീതം. ദേവാലയങ്ങളും അൾത്താരകളും വിട്ട്  ജനകീയമായ ക്രിസ്തീയ ഭക്തിഗാന നിരയിലാണ് ഇന്നും ‘ദൈവസ്നേഹം...’  മാറ്റൊലി കൊള്ളുന്നത്. അത് പാടിയ ഗായിക  മനീഷയാണെന്ന് പലർക്കും അറിയില്ലെന്നു മാത്രം. ആ പാട്ട് നൽകിയ സ്വർഗീയാനുഭൂതി വർണിക്കാൻ പാട്ടുകാരിക്കും വാക്കുകളില്ല.

റേഡിയോ ജോക്കിയുടെ റോളിൽ

S-P-Balasubramaniam-and-Maneesha

‘‘ദേശീയ ഇന്റർവാഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽ ലളിതസംഗീതത്തിൽ ജേതാവായ ശേഷം ഗാനമേളട്രൂപ്പിനൊപ്പം ദുബായ്ക്കു പോകുമ്പോഴാണ് യാദൃച്ഛികമായി ഞാൻ അവിടെ റേഡിയോയിൽ ജോക്കിയായി ചേരുന്നത്.1997 ൽ ഇതുപോലൊരു ഡിസംബറിലായിരുന്നു ആ യാത്ര.

ഞാൻ ദുബായിൽ ജോലിക്കു ചേർന്ന ഉടൻ എനിക്ക് കേരള സംഗീതനാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം കിട്ടി. അതെനിക്കെന്റെ കൈകൊണ്ട് വാങ്ങാൻ കഴിഞ്ഞില്ല. സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം  ദൂരദർശൻ അവതരിപ്പിച്ച ദേശഭക്തിഗാന പരിപാടിയിൽ ആ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗായികയായിരുന്നു ഞാൻ. ഉദയഭാനുസാർ ആണ് എന്നെ അതിലേക്ക് ക്ഷണിച്ചത്. അതു വലിയ അംഗീകാരമായിരുന്നു.

11 വർഷം ദുബായിൽ ജോലി ചെയ്തപ്പോൾ ഇവിടെ കിട്ടേണ്ട അവസരങ്ങൾ നഷ്ടമായി. എനിക്കതിൽ ദുഃഖമൊന്നുമില്ല. നമുക്കുള്ള അവസരങ്ങൾ നമുക്കു തന്നെ ലഭിച്ചിരിക്കും.  ഞാൻ വെറുതെ വീട്ടിലിരുന്നു പാടിയ ഒരു തമിഴ്പാട്ടിന്റെ ക്ലിപ് കഴിഞ്ഞ ദിവസം ഗായിക സുജാതചേച്ചി ഫെയ്സ്ബുക്കിലിട്ടു. 20 ലക്ഷം പേരാണ് അതു കണ്ടത്. ’’– അതൊക്കെതന്നെയല്ലേ വലിയ അംഗീകാരം. പത്തുവർഷമായി കേരളത്തിലെ ഗാനമേള  ട്രൂപ്പുകളിലൂടെ മനീഷ സഞ്ചരിക്കാത്ത ഉൽസവപ്പറമ്പുകളും  പെരുന്നാളുമില്ല. കേരളത്തിലെ ട്രൂപ്പുകൾ പോകുന്ന രാജ്യങ്ങളിലെല്ലാം പാടാനും പോയിട്ടുണ്ട്.  

‘‘പാട്ടിലെ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കാൻ കഴിയുമോയെന്നാണ് ഞാൻ സ്റ്റേജിൽ നിൽക്കുമ്പോൾ നോക്കുന്നത്. ‘തളിരിട്ട കിനാക്കൾ’ പാടിയ ജാനകിയമ്മ തന്നെയാണ് ‘ഇഞ്ചിയെടുപ്പഴക്....’എന്ന പാട്ടും പാടിയത്. പാട്ടിലെ നവരസങ്ങൾ ആസ്വാദകരിലെത്തുമ്പോഴാണ് നമുക്ക് കയ്യടി കിട്ടുക’’– സ്റ്റേജിന്റെ മനഃശാസ്ത്രമറിഞ്ഞ മനീഷയുടെ വാക്കുകൾ.

‘‘എന്റെ നാടായ തൃശൂരിൽ മൂന്നുവർഷമായി ഞാൻ പാടിയിട്ട്.  എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ഇടവേളയാണ്. എസ്.പി.സാറിന്റെ പരിപാടിക്ക് ഞാൻ പാടുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു.  ഒടുവിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗായിക ജാനകിയമ്മയുടെ പാട്ടുതന്നെ അദ്ദേഹത്തിനൊപ്പം പാടാൻ കിട്ടിയപ്പോൾ മനസ്സൊന്നു തുളുമ്പിപ്പോയി’’– വീണ്ടുംകണ്ണുതുടച്ച് മനീഷ പാട്ടിൽ മുഖം പൊത്തി.

അഭിനയവും ഡബ്ബിങ്ങും

IMG-6089

പാട്ടു മാത്രമല്ല അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമാണ് മനീഷ. തൻമാത്ര, രസതന്ത്രം എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. മഴവിൽ മനോരമയിലെ ‘തട്ടീംമുട്ടീം’ പരമ്പരയിൽ വാസവദത്തയുടെ വേഷവും ചെയ്യുന്നതിനാൽ വീട്ടമ്മമാർക്കും പ്രിയങ്കരി. ആ റോളിലേക്ക് മനീഷയെത്തുന്നതും മറ്റൊരു യാദൃശ്ചികതയാണ്. കോട്ടയത്ത് ഗാനമേള ട്രൂപ്പിൽ പാട്ടുകാരിയായിരിക്കുമ്പോൾ അവിടെ ഹിന്ദിഗാനം പാടുന്ന ഗായകനായിരുന്നു ‘തട്ടീംമുട്ടീം’ സീരിയലിലെ കമലാസനന്റെ വേഷം ചെയ്യുന്ന സംക്രാന്തി നസീർ. പരമ്പരയിൽ അനുയോജ്യമായ വേഷം വന്നപ്പോൾ നസീറാണ് മനീഷയുടെ പേര് നിർദേശിച്ചത്.

‘ കടുകും പൊട്ടും പോലെ ഡയലോഗ് അടിച്ചും ‘എക്സ്പ്രഷൻ’ പത്തു ശതമാനം കൂട്ടിയിട്ടും വാസവദത്ത എന്ന പൊങ്ങച്ചക്കാരിയുടെ വേഷം ഞാനങ്ങ് എടുത്തു. അത്ര തന്നെ.’ അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മനീഷയുടെ വാക്കുകൾ. തൃശൂരിലെ എസ്പിബി പരിപാടിയുടെ വിഡിയോ യുട്യൂബിലിട്ടപ്പോൾ ഇതുവരെ കണ്ടത് ഏഴുലക്ഷത്തോളം പേരാണ്. പലരും വാസവദത്തയുടെ പാട്ടുകേട്ട് അമ്പരന്നുപോയെന്ന് കമന്റുകൾ വായിച്ചാൽ തന്നെ വ്യക്തം.

അമ്മ സകലകലാവല്ലഭയാണെന്ന്  മക്കളായ നിഥിനും നീരദയും വീട്ടിൽ അമ്മ വരച്ച പെയിന്റിങ്ങുകൾ ചൂണ്ടിക്കാട്ടി നമ്മളോടു പറയും. ‘‘പല കഴിവുകൾ ഉള്ളതു കൊണ്ട് ഒന്നിലും ഫോക്കസ് ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചിലർ എന്നോടു പറയാറുണ്ട്. പക്ഷേ, അതിലൊന്നും വലിയ കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല.’’ സ്റ്റേജിൽ പാടുമ്പോൾ കണ്ണുനിറഞ്ഞു പോകുന്ന പാട്ട് ഏതെന്നു ചോദിച്ചാൽ മനീഷയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ–സുശീലാമ്മയുടെ പ്രിയ ഗാനം– ‘കണ്ണുതുറക്കാത്തദൈവങ്ങളെ...’

Tags:
  • Celebrity Interview
  • Movies