Tuesday 23 October 2018 03:22 PM IST

‘ഡിസ്‍ലൈക്ക് അടിച്ച് തോൽപ്പിക്കാനാകില്ല മക്കളേ...’; ഫ്രീക്ക് പെണ്ണിന്റെ സംഗീത സംവിധായകന് ചിലത് പറയാനുണ്ട്

Vijeesh Gopinath

Senior Sub Editor

shan
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒരൊറ്റ ഇടി. അതോടെ ‘കിളി പറന്നത്’ നാലു ദിക്കിലേക്കുമായിരുന്നു.

പാട്ടിന്റെ ഇടയ്ക്ക് ഇടിക്കെന്തു കാര്യമെന്നാണോ? ബന്ധമുണ്ട്. കരാട്ടെ ക്ലാസ് നടക്കുന്ന ആ കെട്ടിടത്തിലേക്ക് പോയി നോക്കാം. സംഭവം നടക്കുന്നത് ‘റാസൽഖൈമയിലെ ആ വലിയ’ മുറിയിലാണ്. അവിടെ ഏഴാം ക്ലാസുകാരനായ ഷാൻ റഹ്മാൻ ‘ഒറ്റ’യ്ക്കായിരുന്നു.

ഏതോ സിനിമ കണ്ട് പറഞ്ഞുപോയതാണ്, കരാട്ടെ പഠി ക്കണമെന്ന്. പക്ഷേ, വിചാരിച്ചപോലെ എളുപ്പമായില്ല. കഷ്ടപ്പെട്ട് ഷാനും പറഞ്ഞു നോക്കി ‘ഹേയ് ഹൂയ് ഹോ...’ ഒന്നും ഏറ്റില്ല. അങ്ങനെ ഒരു ദിവസമാണ് അത് സംഭവിക്കുന്നത്.

പരിശീലനത്തിനിടെ കൂടെ നിന്ന അറബി പയ്യൻ ഒരൊറ്റ ഇടി. സത്യത്തിൽ എവിടെയാണ് ഇടി കൊണ്ടതെന്ന് ഇന്നും കൃത്യമായി ഓർത്തു പറയാൻ ഷാനിനു പറ്റുന്നില്ല. കണ്ണിലിരുട്ടു കയറി കറങ്ങി നടന്നതു മാത്രം ഒാർമയുണ്ട്. അതോടെ കാര്യത്തിൽ ഒരു തീരുമാനമായി... ഇനി ഈ പടി ചവിട്ടില്ല.

വേദന തിന്ന് തിരിച്ചു പോകുമ്പോൾ ഷാനിനോടു ഉപ്പ ചോദിച്ചു; ‘കരാട്ടേ പഠനം തീർന്നു. ഇനി?’ രണ്ടു കൽപ്പിച്ച് ഷാ ൻ പ്രഖ്യാപിച്ചു, ‘ഇനി കീബോർഡ് പഠിക്കാൻ പോകുന്നു.’

‘‘അതാകുമ്പോൾ തടി കേടാകില്ലല്ലോ. അങ്ങനെ ഇടി കൊ ണ്ടു സംഗീത സംവിധായകനായ ഒരാളാണ് ഞാൻ’’ പൊട്ടി ച്ചിരിയോടെ ഷാൻ പറഞ്ഞു തുടങ്ങി.

എന്നിട്ടോ, കീ ബോർഡ് പഠനം എന്തായി?

‘‘ആകെ നാലു ക്ലാസിനു പോയി. ആയിടയ്ക്ക് ഞങ്ങൾ തല ശ്ശേരിക്കു തിരിച്ചു പോന്നു. വലിയൊരു കീബോർഡും കൊണ്ട് തറവാട്ടിൽ വന്നു കയറിയത് എനിക്കിന്നും ഒാർമയുണ്ട്. തല ശ്ശേരി സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതോടെ കീ ബോർഡ് പഠനത്തിനു വഴിയില്ലാതായി. പിന്നെ, ഒറ്റയ്ക്കു പഠിക്കാൻ തീരുമാനിച്ചു. ടേപ്പ് റെക്കോർഡറിൽ പാട്ട് ഇടും. അതിന്റെ കീ കണ്ടുപിടിക്കും. എന്നിട്ട് പ്ലേ ചെയ്തു നോക്കും. അങ്ങനെ ആദ്യമായി പഠിച്ച പാട്ട് ‘പാപ്പാ കഹ് തേ ഹേ...’ ആയിരുന്നു.

കീ ബോർഡും കൊണ്ടിരിക്കുന്നതിന് വീട്ടുകാർക്കൊന്നും വലിയ എതിർപ്പില്ലായിരുന്നു. ഇഷ്ടം നടക്കട്ടെ എന്ന മട്ട്. അപ്പോഴും ഞാനിത് പ്രഫഷനായി എടുക്കുമെന്നൊന്നും അവർ കരുതിയില്ല. ഡാഡി റാസൽഖൈമയിൽ എൻജിനീയറായിരുന്നു. വീട്ടിൽ എൻജിനീയർമാരും ഡോക്ടർമാരും ഇഷ്ടംപോ ലെ. ഇതൊന്നുമായില്ലെങ്കിലും ഞാൻ ദുബായില‍്‍ ചെന്ന് ബി സിനസ് തുടങ്ങും എന്നാണ് അവർ കരുതിയത്.’’

അങ്ങനെ ബിസിനസ് തുടങ്ങുമെന്ന് എല്ലാവരും വിചാരി ച്ച ഷാൻ പാട്ടിന്റെ കയ്യും പിടിച്ച് പറപറക്കാൻ തുടങ്ങി. സം ഗീതം പകര‍്‍ന്ന പാട്ടുകളൊക്കെയും ചെറുപ്പത്തിന്റെ മനസ്സിനെ തട്ടമിളക്കി കൊതിപ്പിച്ചു. അനുരാഗത്തിൻ വേളയിലും, തിരുവാവണിരാവും ജിമിക്കി കമ്മലും മാണിക്യമലരുംമൊക്കെ കേട്ട് പിള്ളേരു പറഞ്ഞു, ‘ഇക്ക അഡാറ് ടീമാണ്.’

സംസാരം മുറിച്ചു കൊണ്ട് ഫോൺ. മകന്‍ ഏഴു വയസ്സു കാരൻ റയാനാണ്. പനിപിടിച്ച് കിടപ്പാണ് കക്ഷി. വേഗം വ രൂ എന്നു പറഞ്ഞു വിളിച്ചതാണ്...

‘‘പാട്ട് കംപോസ് ചെയ്യുമ്പോൾ മോനും അടുത്തുണ്ടാകും. ചിലപ്പോഴൊക്കെ എന്റെ പാട്ടു കേട്ട് അവനും മൂളാറുണ്ട്. പാട്ടിനോടു താൽപര്യമുണ്ടോ എന്നൊന്നും അറിയില്ല.’’

മാണിക്യമലരും ജിമിക്കി കമ്മലുമൊക്കെ യൂട്യൂബിൽ ചരിത്രമായ പാട്ടുകളാണ്. എല്ലാ പ്രായത്തിലുള്ളവരെ യും എങ്ങനെ ഒപ്പം നടത്താൻ പറ്റുന്നു?

എല്ലാവരുടെ ഉള്ളിലും കുട്ടിയും കൗമാരക്കാരനുമൊക്കെയുണ്ട്. അത് പല സമയത്തും അവർപോലുമറിയാതെ പുറത്തു വരുന്നതാണ്. ചിലർ കുട്ടികളെ കളിപ്പിക്കുമ്പോൾ ശരിക്കും ‘കുട്ടിയായി’ മാറുന്നതു പോലെ ഇത്തരം പാട്ടുകള്‍ കേൾക്കുമ്പോള്‍ പ്രായമായവരുടെ മനസ്സിലും ചെറുപ്പം തുടിക്കുന്നുണ്ടാകാം. അതൊക്കെയാകാം ജിമിക്കി കമ്മലും മാണിക്യമലരും മുത്തു ചിപ്പിയും ഒക്കെ എല്ലാവരും പാടിയത്.

ജിമിക്കി കമ്മൽ ശരിക്കും എനിക്കൊരു വെളിച്ചമായി മാറി. സിനിമയിൽ എന്നെങ്കിലും ഒരുമിക്കണമെന്ന ആഗ്രഹം ഞാൻ രണ്ടുപേരോടേ പറഞ്ഞിട്ടുള്ളൂ. ഒന്ന് ലാലുച്ചേട്ടനോടും (ലാൽ ജോസ്) പിന്നെ, അൻവർ റഷീദിനോടും. പണ്ടെങ്ങോ ഞാൻ പറഞ്ഞ ആ ആഗ്രഹം ലാലുച്ചേട്ടൻ മറന്നു പോയെന്നാണ് കരുതിയത്.

എല്ലാ വിജയങ്ങളും ചില നിമിത്തങ്ങളാണെന്ന് തോന്നിയിട്ടുണ്ട്. ഞാൻ വിനീതിനെ പരിചയപ്പെടുന്നതും സിനിമയ്ക്ക് സംഗീതം നൽകാൻ തുടങ്ങിയതും എല്ലാം അങ്ങനെയാണ്. മാണിക്യ മലരായ പൂവിയും ജിമിക്കി കമ്മലുമെല്ലാം ഇതു പോലെ നിമിത്തങ്ങൾ കൊണ്ട് ഹിറ്റായവയാണ്. ജിമിക്കിയുടെ ആദ്യ നാലുവരി പാട്ടിൽ ചേർക്കേണ്ട എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ, ആ വരികളില്ലാതെ പാട്ടിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കാനേ പറ്റുന്നില്ല.

shan-p1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഹിറ്റായ മിക്ക പാട്ടുകളിലും ഗായകനോ സംവിധായകനോ നടനോ ആയി വീനീത് ശ്രീനിവാസനുണ്ടല്ലോ?

കല്യാണം കഴിച്ചു, കുട്ടികളായി, സിനിമകൾ ചെയ്യാൻ തുട ങ്ങി എന്ന നല്ല മാറ്റങ്ങളല്ലാതെ എന്റെയും വിനീതിന്റെയും സൗഹൃദം ഒട്ടും മാറിയിട്ടില്ല. ‘കോഫി അറ്റ് എംജി റോഡ്’ ആൽബം ചെയ്യാനായി വൈറ്റില ജനതാ റോഡിലെ ഫ്ലാറ്റി ലിരുന്നത് ഇന്നലെ കഴിഞ്ഞതു പോലെയേയുള്ളൂ. ഇന്നും ഞങ്ങൾ സംസാരിക്കുന്നത് കട്ട തലശ്ശേരി ഭാഷയിലാണ്.

വിനീത് എന്ന വ്യക്തി എന്റെ മനസ്സിൽ തൊടുന്നത് ഒരു ഗൾഫ് ഷോയിൽ വച്ചാണ്. ആ യാത്രയിലാണ് ഞാനാദ്യമായി അവനെ കാണുന്നത്. എന്റെ ആദ്യത്തെ സ്റ്റേജ് ഷോ. രണ്ടു ദിവസമുള്ള പരിപാടിയുടെ ആദ്യദിനം. ഞാനും ബാൻഡ് മെമ്പർമാരായ ദീപുവും സിജുവും പാടി തുടങ്ങിയതും മോണിറ്റർ അനങ്ങിയില്ല. പാടുന്നതൊന്നും കേൾക്കുന്നുമില്ല. കൂവൽ എന്നൊക്കെ പറഞ്ഞാൽ.... മത്സരമായിരുന്നു.

പാട്ടു പൊളിഞ്ഞ സങ്കടത്തിൽ ബെൻസിന്റെ എംബ്ലം പോ ലെ ഞങ്ങൾ മൂന്നു പേരും മുഖത്തോടു മുഖം നോക്കി റൂമിൽ ഇരുന്നു. അപ്പോൾ വിനീത് വന്നു പറഞ്ഞു, ‘ഇതൊന്നും ഒന്നുമല്ല എന്റെ ആദ്യ സ്റ്റേജ് ഷോ കാണണമായിരുന്നു. ഇന്നു കേട്ടതിന്റെ നൂറിരട്ടി കൂവലായിരുന്നു അന്ന്...’ അതിൽ സത്യസ ന്ധതയുണ്ടായിരുന്നു. അന്നു തുടങ്ങിയ സൗഹൃദമാണ്.

തലശ്ശേരി ക്രൈസ്റ്റ് കോളജിൽ പഠിക്കുന്ന കാലത്ത് ‘ശ്രീനിവാസനെ’ കാണണം എന്ന് എനിക്കും കൂട്ടുകാരനും മോഹം. രണ്ടും കൽപിച്ച് വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. അവിടെ എത്തിയപ്പോൾ അകത്തേക്ക് കയറണോ എന്നു സം ശയമായി. കൂട്ടുകാരൻ പറഞ്ഞു, ‘ഞാൻ ചോദിക്കാം’. എനിക്ക് അത്രയ്ക്ക് ധൈര്യം ഇല്ലാത്തതുകൊണ്ട് പുറത്തുനിന്നു.

അവൻ നേരെ ഗേറ്റ് തുറന്നു കയറി കോളിങ് ബെൽ അടിച്ചു, വിമലയാന്റിയാണെന്നു തോന്നുന്നു വാതിൽ തുറന്നു. ‘ശ്രീനിയേട്ടൻ ഉണ്ടോ?’

‘ഇല്ല ചെന്നൈയിലാ’ എന്ന മറുപടി കേട്ടതും അവൻ തി രിച്ചോടി വന്നു പറഞ്ഞു, ‘ഹോ രക്ഷപ്പെട്ടെടാ, ശ്രീനിയേട്ടനി ല്ല... ഉണ്ടായിരുന്നെങ്കിൽ ഒന്നു കാണാൻ വന്നതാ എന്നു പറ ഞ്ഞാൽ മൂപ്പര് നല്ല ചീത്ത വിളിച്ചേനെ’

അന്നു പേടിച്ചു പുറത്തു നിന്ന ആ വീട്ടിൽ പിന്നീട് ഞാൻ താമസിച്ചു. ഇപ്പോഴിതാ ശ്രീനിയങ്കിൾ‌ അഭിനയിച്ച ‘അരവിന്ദന്റെ അതിഥികളി’ലെ പാട്ടുകൾക്കു സംഗീതവും ചെയ്തു.

സിംഹത്തിന്റെ മടയിൽ പോയി പാട്ടു പഠിച്ച പഴയ തലമുറ. എന്നാൽ പുതിയ തലമുറ അത്ര വിശാലമായി സം ഗീതം പഠിച്ചവരുമല്ല. അതൊരു പോരായ്മയാണോ?

എനിക്ക് അതൊരു സ്വാതന്ത്ര്യമായാണ് തോന്നുന്നത്. ഞാൻ കുറേ രാഗങ്ങളൊന്നും പഠിച്ചിട്ടില്ല. ഇന്ന രാഗത്തിൽ ചെയ്യണമെന്നു നിർബന്ധം പറഞ്ഞാൽ ആ രാഗം പഠിച്ച് അതിനനുസരിച്ച് കംപോസ് ചെയ്യും. പക്ഷേ, സിനിമയിലെ സിറ്റ്വേഷൻ‌ ഏതാണെന്നു നോക്കി അതിനു ചേരുന്ന രീതിയിൽ പാട്ടൊരു ക്കുന്നതാണ് നല്ലതെന്നു തോന്നിയിട്ടുണ്ട്. കേൾവിക്കാരുടെ മനസ്സിൽ നിറഞ്ഞു നിന്നാൽ പോരെ?

കീ ബോർഡ് മുതൽ കംപോസിങ് പഠിച്ചതു വരെ ഒറ്റയ്ക്കാണ്. ആരുടെയും അസിസ്റ്റന്റായി നിന്നിട്ടില്ല. അതൊക്കെ പോരായ്മയാണെന്ന് തോന്നിയിട്ടില്ല. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഞാനും സുഹൃത്തായ റെയ്ഷാദും ചേർന്ന് തലശ്ശേ രിയിൽ ഒരു സ്റ്റുഡിയോ തുടങ്ങി. അവിടെയിരുന്ന് ‘ഫ്രൂട്ടി ലൂപ്സ്’ പോലുള്ള കുറേ മ്യൂസിക് സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യും. അതിന്റെ ഹെൽപ് മെനു എടുത്ത് പഠിക്കും. പിന്നെ, എഡിറ്റിങ് സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്തു അതിനെക്കുറിച്ചു മനസ്സിലാക്കി. അങ്ങനെയാണ് പഠിച്ചെടുത്തത്. ഞാനാദ്യമായി ഒരു മ്യൂസിക് സ്റ്റുഡിയോയി ൽ പോകുന്നത് എന്റെ തന്നെ പാട്ട് റിക്കോർഡ് ചെയ്യാനാണ്.

തലശ്ശേരി കോളജിൽ പഠിക്കുമ്പോൾ തട്ടത്തിൻ മറയത്തെ ഒരുപാടു സുന്ദരിമാരെ കണ്ടിട്ടില്ലേ?

അന്നു പ്രേമിക്കാനൊന്നും പറ്റിയില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് ബ്രോയിലർ കോഴിയെ പോലെയായിരുന്നു. അത്ര തടിയൻ. എനിക്കും ഫാദറിനും ഒരേ വേസ്റ്റ് സൈസ്. രണ്ടാൾക്കും കൂടി 34 ഇഞ്ചിന്റെ പാന്റ്സാണ് എടുത്തിരുന്നത്. നീളം കുറച്ചാൽ മതി, എനിക്ക് ഉപയോഗിക്കാം.

സ്കൂളിൽ പഠിക്കുന്ന കാലത്ത് കോൺഫിഡൻസ് ഒട്ടുമുണ്ടായിരുന്നില്ല. കുട്ടികൾ ഉപദ്രവിക്കുമോ റാഗ് ചെയ്യുമോ? അ ങ്ങനെയൊക്കെ പേടി. പിന്നെ തടി കൂടിയതിന്റെ നാണക്കേട്... പക്ഷേ, കോളജിൽ എത്തിയപ്പോഴേക്കും തടിയൊക്കെ പോ യി. പിന്നെ, ‘നമ്മൾ വലിയ ഷോ ഒാഫ്’ ആയി. എനിക്കന്നൊരു മാരുതി 800 ഉണ്ടായിരുന്നു. അതിനു തോന്നിയാലേ ഒാടൂ. അങ്ങനൊരു കാർ. ഒരു ദിവസം ഒാടുമ്പോൾ ക്രോസ്ബാർ  ടിഞ്ഞ് എൻജിൻ അടക്കം താഴെപ്പോയി.

കാര്യങ്ങളിങ്ങനെയാണെങ്കിലും മ്യൂസിക്കിന്റെ കാര്യത്തി ൽ ഒരു രക്ഷയുമില്ല. സബ് വൂഫറൊക്കെ വച്ച് പാട്ട് വലിയ ശബ്ദത്തിൽ ഒാൺചെയ്ത് പോകും. കാറല്ല അതിനുള്ളിൽ നിന്നു വരുന്ന പാട്ടിന്റെ ദും ദും ശബ്ദമേ മറ്റുള്ളവർ കേൾക്കൂ. അതു കേൾക്കുമ്പോഴേ ആളുകൾ പറയും ‘ഷാൻ വരുന്നുണ്ട്...’

എങ്കിൽ പറയൂ, സൈറ എന്നാണ് അഡാർ ലൗവിലെ പോലെ പുരികമുയർത്തി കണ്ണിറുക്കി കാണിച്ചത്?

പൊട്ടിച്ചിരി പൊങ്ങുന്നു. റിക്കോർഡിങ്ങിനും പാട്ടു ചർച്ചകൾക്കും വേണ്ടി എടുത്ത ഫ്ലാറ്റിലാണിപ്പോൾ ഷാൻ. കുടുംബം മറ്റൊരു ഫ്ലാറ്റിലാണ്.

പ്രണയ വിവാഹമായിരുന്നല്ലേ എന്നു ചോദിച്ചാൽ പകുതി ശരിയാണെന്നുത്തരം പറയാം. പരിചയപ്പെട്ട് നാലുമാസത്തി നുള്ളിൽ വിവാഹം കഴിഞ്ഞു. ഞങ്ങൾ‌ക്കു രണ്ടുപേർക്കും പൊതു സുഹൃത്തുക്കളുണ്ടായിരുന്നു. കൊച്ചിയിലെ ഒരു മാളിൽ വച്ചാണ് ആദ്യമായി സൈറയെ ഞാൻ കണ്ടത്. ഷോ പ്പിങ് ഒക്കെ കഴിഞ്ഞ് കയ്യിൽ രണ്ടു കവറും പിടിച്ച് പടികളി റങ്ങി വരുന്നു. ഞാനന്ന് ‘പട്ടണത്തിൽ ഭൂത’ത്തിലെ പാട്ടുകൾ ചെയ്തു കഴിഞ്ഞസമയം. പിന്നെ, സംസാരിക്കാൻ തുടങ്ങി.

fm
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഞങ്ങൾക്കു രണ്ടു പേർക്കും വിവാഹമാലോചിക്കുന്ന സ മയമായിരുന്നു അത്. എനിക്കും പെങ്ങൾക്കും ഒരുമിച്ചാണ് കല്യാണാലോചന തുടങ്ങിയത്. പെങ്ങൾ ഡോക്ടറായതു കൊണ്ട് ഒരുപാട് ആലോചനകൾ വന്നു. പക്ഷേ, എന്റെ കാ ര്യമെത്തിയപ്പോൾ ബ്രോക്കർമാർ ‘അതു പിന്നെ...’ എന്നു പറഞ്ഞ് നിർത്തും. ഈ കാര്യം പറഞ്ഞ് കൂട്ടുകാരോടൊരുമിച്ചിരുന്നു ചിരിച്ച ഒരു വൈകുന്നേരമാണ് ആരോ ചോദിച്ചത്, ‘എന്നാൽ സൈറയെ നിനക്ക് കല്യാണം കഴിച്ചൂടെ?’പറഞ്ഞപ്പോള്‍ സൈറയ്ക്കും വീട്ടുകാർക്കും എതിർപ്പില്ല.

ആദ്യ ഈണം ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക്. തുടക്കക്കാരന് അതൊരു ‘ടാസ്ക്’ ആയില്ലേ?

‘പട്ടണത്തിൽ ഭൂത’ത്തിൽ സംഗീതസംവിധാനം ചെയ്യാൻ ജോണിച്ചേട്ടൻ (ജോണി ആന്റണി) അവസരം തന്നു. ആദ്യ സിനിമയുടെ ത്രിൽ മനസ്സിൽ ഉണ്ട്. ആലുവ പാലസ്സിലായിരു ന്നു എനിക്കും ഗിരീഷേട്ടനും മുറി. ജോണിച്ചേട്ടൻ‌ പരിചയപ്പെ ടുത്തിക്കൊടുത്തു ‘ഇത് ഷാൻ, പുതിയ ആളാ.’ ഒന്നിരുത്തി മൂളിയിട്ട് ഗിരീഷേട്ടൻ എന്നോടെന്തൊക്കെയോ ചോദിച്ചു. ഞാൻ ബബ്ബബ്ബ അടിച്ചു. ഇതെന്താ റാഗിങ്ങാണോ എന്ന് ജോ ണിച്ചേട്ടൻ‌ ചോദിച്ചപ്പോൾ ‘ഹേയ് ഞങ്ങള്‍ അടുത്തടുത്ത നാട്ടുകാരാ’ എന്നായിരുന്നു മറുപടി.

പിറ്റേന്ന് ഗിരീഷേട്ടൻ പാട്ടെഴുതി തന്നു. അതിലെ ഒരു വാക്ക് മാറ്റിയാൽ നന്നായിരുന്നു എന്നെനിക്ക് തോന്നി. ഞാനതു പറഞ്ഞപ്പോൾ ഗിരീഷേട്ടന്റെ ചോദ്യം, ‘ഇതു നിന്റെ എത്രാമത്തെ സിനിമയാ?’ ആദ്യത്തെതാണെന്ന് ഞാൻ പതുക്കെ പ റഞ്ഞു. ‘എന്നാലേ എന്റെ മുന്നൂറ്റി ഇരുപതാമത്തെ സിനിമയാ ഇത്... കേട്ടോ?’ ‘ശരി ചേട്ടാ’ എന്നു പറഞ്ഞ് ഞാൻ ഒാടി.

പക്ഷേ, അടുത്ത ദിവസമായപ്പോഴേക്ക് ഞങ്ങൾ സുഹ‍ൃത്തുക്കളായി. ആലുവാപ്പുഴയുടെ തീരത്തിരുന്ന് ഗിരിഷേട്ടൻ കവിത പോലെ സംസാരിച്ചു. ഒരുപാട് അനുഭവങ്ങൾ പറഞ്ഞു തന്നു. ആ അനുഭവങ്ങൾ എനിക്കൊരു പാഠപുസ്തകമായി.

ഒരു പാട്ടിറങ്ങിയാൽ ഉടൻ കോപ്പിയടി വിവാദം വരും. സത്യത്തില്‍ കോപ്പിയടിക്കുന്നത് നല്ല കാര്യമാണോ?

ലിഫ്റ്റിങ് വന്നാൽ നമ്മുടെ കഴിവുകേടാണെന്നേ മറ്റുള്ളവർ കരുതൂ. ആ പാട്ടിന് ഒരു ഒറിജിനല്‍ കംപോസര‍്‍ ഉണ്ട്. അ പ്പോൾ പിന്നെ, അതു നമ്മുടെ പാട്ടാണെന്നു പറഞ്ഞു നടക്കുന്നതിൽ കാര്യമില്ല. ഛായ തോന്നുന്നത് സ്വാഭാവികമാണ്.

ഞാനൊരു പാട്ടു ചെയ്തു കഴിഞ്ഞാൽ ഏറ്റവും അടുത്ത മൂന്നോ നാലോ പേർക്ക് ഞാൻ അയച്ചു കൊടുക്കും. അവരെ ല്ലാം എന്നെക്കാൾ നന്നായി പാട്ടു കേൾക്കുന്നവരാണ്. ഏതെ ങ്കിലും പാട്ടിനോടു സാമ്യമുണ്ടെങ്കിൽ അതു മാറ്റും.

യൂട്യൂബിൽ ഒരേസമയം ലൈക്കും ഡിസ്‌ലൈക്കും കൊണ്ട് റെക്കോർഡിട്ട ആളല്ലേ ഷാൻ?

ഡിസ്‍‌ലൈക് കിട്ടിയത് പാട്ടിന്റെ കുഴപ്പം കൊണ്ടല്ല. അതിനു മറ്റു ചില കാരണങ്ങളുണ്ടായിരുന്നു. പക്ഷേ, എന്തു പറഞ്ഞാലും വലിച്ചു കീറി ഒട്ടിക്കാൻ നിൽക്കുന്ന അസ്വസ്ഥരായ ഒരുപാടുപേർ സോഷ്യൽ മീഡിയയിലുണ്ട്.

ഒരു പാട്ടു കേട്ട്, ഒരു സിനിമ കണ്ട് ഇത്രയ്ക്ക് അസ്വസ്ഥരാകേണ്ട കാര്യം ഉണ്ടോ? എന്റർടെയ്ൻമെന്റല്ലേ ഇതിന്റെ അ ടിസ്ഥാനം. ജിമിക്കി കമ്മൽ ഹിറ്റായപ്പോൾ ഒരു പെൺകുട്ടിയുടെ പ്രസംഗം കേട്ടു.‘കേരളത്തിലെ അമ്മമാരുടെ ജിമിക്കി ക മ്മൽ അച്ഛന്മാർ കട്ടോണ്ടു പോകാറില്ല, അമ്മമാർ ബ്രാണ്ടി കട്ടുകുടിക്കാറുമില്ല. എന്നിട്ടും ഈ പാട്ടെങ്ങനെ ഹിറ്റായെന്ന് ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്.’ ഇതു വെറുമൊരു പാട്ടല്ലേ? കേരളം ചർച്ച ചെയ്യേണ്ട മറ്റെന്തൊക്കെ കാര്യങ്ങളുണ്ട്? പിന്നെ, ഡിസ്‌ലൈക് അടിച്ചാലൊന്നും പാട്ടിനെയോ സിനിമയേയോ തോൽപിക്കാനാകില്ല.

എങ്കിൽ ഇപ്പോൾ കേൾക്കാൻ തോന്നുന്ന ഷാനിന്റെ അഞ്ചു പാട്ടു പാടാമോ?

കീബോർഡിൽ ഷാൻ വിരലമർത്തി... മാണിക്യമലരായ പൂവി, പല വട്ടം കാത്തിരുന്നു ഞാൻ, താഴ്‌വാരം മേലാകെ, അനുരാഗത്തിൽ വേളയിൽ, തിരുവാവണി രാവ്...

പല്ലവി പാടി പിന്നെ, നിർത്തി ഷാൻ പറഞ്ഞു,

‘‘പാടിയതിൽ മിക്കതും വിനീതുമായി ബന്ധമുള്ള പാട്ടുകളാണല്ലേ...’’

അതെ, നല്ല സൗഹൃദമാണല്ലോ എന്നും അഡാർ ഹിറ്റുകളുണ്ടാക്കിയിട്ടുള്ളത്.