Saturday 28 November 2020 03:57 PM IST

‘പ്രളയവും ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്നു പറഞ്ഞപ്പോള്‍ അവർക്കു ചിരി; മക്കളുടെ സ്കൂള്‍ഫീസിനു ഇളവില്ലല്ലോ’

Sujith P Nair

Sub Editor

_REE0235_0002 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ലൊക്കേഷന്‍: ചോപ് ഷോപ്, പനമ്പള്ളി നഗര്‍, കൊച്ചി.

മുടിയും താടിയും നീട്ടിവളർത്തി, കട്ടിക്കണ്ണട വച്ച് പക്കാ വെസ്‌റ്റേൺ ലുക്കിലാണ് വിജയ് യേശുദാസ്. ഒറ്റ നോട്ടത്തിൽ റഫ് ആൻ‍ഡ് ടഫ്. പ ക്ഷേ, കണ്ണട മാറ്റിയാൽ ആ കണ്ണുകളിലെ നിഷ്കളങ്കത തെളിയും. സംസാരിച്ചു തുടങ്ങുമ്പോൾ വാക്കുകളിൽ കുസൃതി നിറയും. സെൽഫി ചോദിച്ചു വരുന്നവരെ ചേർത്തു നിർത്തി ‘നിന്റെ പേരെന്താടാ’ എന്നു ചോദിച്ചു ചിരിച്ച് പോസ് ചെയ്യുമ്പോൾ വിജയ് തനി കൊച്ചിക്കാരൻ ആകും.

‘പൂമുത്തോളേ...’ പാടി മലയാളികളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ച് മൂന്നാമത്തെ സംസ്ഥാന അവാർഡാണ് വിജയ് സ്വന്തമാക്കിയത്. ‘മില്ലേനിയം സ്റ്റാഴ്സി’ല്‍ തുടങ്ങി പിന്നണിഗാന രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന േവളയില്‍ െഞട്ടിക്കുന്ന ഒരു തീരുമാനം പറഞ്ഞാണ് വിജയ് അഭിമുഖം തുടങ്ങിയത്. ‘‘ഇനി മലയാളം സിനിമയിൽ പാടില്ല. അത്രയ്ക്ക് ഈ ഇൻഡസ്ട്രി എന്നെ മടുപ്പിച്ചു.’’

ഗാനഗന്ധർവൻ യേശുദാസിന്റെ വഴി പിന്തുടര്‍ന്ന മകന്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. പക്ഷേ, വിജയ് പറഞ്ഞത് ഏറെയും നിരാശയുടെ ക ഥകളായിരുന്നു.

‘‘മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ഇത്തരം അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. മല യാളത്തിൽ ‘സെല്ക്ടീവ്’ ആകാൻ പോലും താൽപര്യമില്ല.

കോടികൾ മുടക്കി സിനിമ എടുക്കുന്ന നിർമാതാക്കൾ താ രങ്ങൾക്കു വലിയ പ്രതിഫലം നൽകും. പക്ഷേ, സംഗീത സംവിധായകർക്കും ഗായകർക്കും അർഹിക്കുന്ന പ്രതിഫലം പോ ലും നൽകാൻ മടിയാണ്. അടുത്തിടെ ഒരു പ്രമുഖ നിർമാതാവ് വിളിച്ചു. അവർക്ക് അപ്പയെക്കൊണ്ട് പാട്ട് പാടിക്കണം. ഞാൻ മാനേജരുടെ നമ്പർ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു, ‘ദാസേട്ടൻ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അതു വലിയ കൂടുതലാണല്ലോ.’ ഞാൻ ചോദിച്ചു, ‘ചേട്ടാ, നിങ്ങൾക്ക് യേശുദാസിന്റെ ശബ്ദം അല്ലേ വേണ്ടത്. ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്.’   

അര നൂറ്റാണ്ടിലധികമായി പാടുന്ന, അര ലക്ഷത്തിലധികം പാട്ടുകൾ പാടിയ യേശുദാസ് ആറക്കസംഖ്യ പ്രതിഫലം ചോദിക്കുമ്പോഴാണ് ‘വലിയ തുക’യെന്ന് പറയുന്നതെന്നോർക്കണം. അപ്പോൾ എങ്ങനെയാണ് മറ്റു ഗായകർ നിൽക്കുക. 20 വർഷമായി മലയാളത്തിൽ പാടുന്ന എനിക്ക് ഇപ്പോഴും താരതമ്യേന തീരെ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്. ഞാന്‍ ആരേയും കുറ്റപ്പെടുത്തുകയല്ല, ഈ ഇന്‍ഡസ്ട്രി ഇങ്ങനെയാണ്. അതുെകാണ്ട്, അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും േവണ്ടി ഞാനിങ്ങനെയൊരു കഠിന തീരുമാനമെടുത്തു.

യേശുദാസിന്റെ മക്കളിൽ പാട്ടിന്റെ വഴി പിന്തുടർന്നത് വിജയ് മാത്രമാണ്, എന്നിട്ടും ?

അങ്ങനെയൊക്കെ ചിന്തിക്കുന്നതിൽ അർഥമില്ല. അപ്പയുടെ പാട്ടിന്റെ വഴി എന്നൊക്കെ നിങ്ങളെല്ലാവരും ചേർന്നു പറഞ്ഞുണ്ടാക്കിയതല്ലേ. സിനിമാപാട്ടിെന്‍റ മേഖലയില്‍ അതൊന്നും ആരും കണക്കിലെടുക്കില്ല. ഈയിടെ കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ കുറച്ചു പേർ അടുത്തെത്തി. സംസാരം ലോക്ഡൗണിനെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ഒക്കെയായി. പ്രളയവും തുടർന്നെത്തിയ ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്നു ഞാൻ പറഞ്ഞപ്പോള്‍ അവർക്കു ചിരി.

യേശുദാസിന്റെ മകന് ഇഷ്ടം പോലെ കാശുണ്ടാകുമല്ലോ എന്നാണ് അവർ പറയുന്നത്. ഒരു സിനിമയിൽ പാടുന്നതിന് എനിക്ക് എത്ര പ്രതിഫലം കിട്ടുമെന്ന് ഊഹിച്ചു പറയാമോ എന്നു ഞാൻ ചോദിച്ചു. അവർ പറഞ്ഞ തുക അഞ്ചു സിനിമകളിൽ പാടിയാൽ പോലും എനിക്കു കിട്ടുന്നില്ല എന്നതാണ് സത്യം. ലോക്ഡൗണും കൊറോണയും മൂലം പ്രോഗ്രാമുകൾ ക്യാൻസൽ ആയെങ്കിലും നമ്മളെ ആശ്രയിച്ചു കഴിയുന്നവരെ നമ്മൾ തന്നെ നോക്കേണ്ടേ. മക്കളുടെ സ്കൂള്‍ ഫീസിനും മറ്റുമൊന്നും ഇളവില്ലല്ലോ.  

vijay-yesudasewdgvhgv

വിജയ്‌യുടെ പുതിയ പാട്ടുകൾ ഇനി മലയാളത്തിൽ ഉണ്ടാകില്ലെന്നാണോ?

സിനിമ മാത്രമല്ലല്ലോ സംഗീതത്തിനുള്ള വഴി. മറ്റു ചില പദ്ധതികൾ മനസ്സിലുണ്ട്. ഇൻഡിപെൻഡന്റ് മ്യൂസികിന് ഇവിടെ വലിയ സാധ്യതകളുണ്ട്. പ്രളയവും കൊറോണയുമൊക്കെ വ ന്നപ്പോൾ ജോലി നഷ്ടപ്പെട്ടു ബുദ്ധിമുട്ടിയവരിൽ വലിയൊരു വിഭാഗം സംഗീതജ്ഞരുണ്ട്. അതൊക്കെ കണ്ടപ്പോഴാണ് ഈ ആഗ്രഹം ശക്തമായത്. സ്വന്തം മ്യൂസിക് കമ്പനി ആഗ്രഹങ്ങളിലൊന്നാണ്. The V Company by VJY എന്ന യൂട്യൂബ് ചാനലും സജീവമാക്കും. ആൽബങ്ങളും മറ്റും തുടർന്നും ചെയ്യും. പുതിയ ടാലന്റുകൾക്ക് വഴിയൊരുക്കാനുള്ള വേദിയൊരുക്കാനാകും ഇനി എന്റെ പരിശ്രമം. അത്ര മോഹിപ്പിക്കുന്ന ഗാനവും ഈണവും ആയി ആരെങ്കിലും സമീപിച്ചാൽ മാത്രമേ ഈ തീരുമാനം മാറ്റുന്നതിെനക്കുറിച്ചു ഞാന്‍ ചിന്തിക്കുക േപാലും ഉള്ളൂ.

അപ്പ ഈ തീരുമാനത്തെ പിന്തുണച്ചോ ?

എന്റെ തീരുമാനങ്ങളെല്ലാം എന്റേതു മാത്രമാണ്. പാട്ടും അഭിനയവും ബിസിനസുമെല്ലാം ഞാൻ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഈ പ്രായത്തിലും അച്ഛന്റെ സമ്മതം ചോദിച്ച് തീരുമാനങ്ങളെടുക്കാൻ പറ്റുമോ. യേശുദാസ് ലെജൻഡ് ആണ്. വർഷങ്ങളായി അദ്ദേഹം ആർജിച്ച് എടുത്തതാണ് ആ സ്ഥാനം. ഞാൻ എന്തു ചെയ്താലും അതിന് ഒരു പോറൽ പോലും ഏൽക്കില്ല. എസ്പിബിയുടെ മകൻ ചരൺ, ഗായകൻ എന്നതിനേക്കാൾ സിനിമാനിർമാണം അടക്കം മറ്റു പല മേഖലകളിലുമാണ് തിളങ്ങുന്നത്. അതു മോശമാണെന്ന് ആരെങ്കിലും പറയുമോ. അപ്പയുടെ രീതിയിൽ ഞാനും ജീവിക്കണമെന്ന് ആരും നിർബന്ധം പറയാറില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഉൾക്കൊള്ളാറുണ്ട്. പക്ഷേ, എല്ലാത്തിനും അപ്പയുടെ അനുവാദം ചോദിക്കുന്ന മകനല്ല ഞാൻ.

മുൻപ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ അപ്പയുടെ അനുവാദം വാങ്ങിയോ എന്നു ചിലർ ചോദിച്ചു. അപ്പയെ അക്കാര്യം അറിയിച്ചിരുന്നു, അനുവാദം ചോദിക്കാനൊന്നും നിന്നില്ല. ഇത്രയും പ്രായം ആയിട്ടും അനുവാദം വാങ്ങാനൊക്കെ നിന്നാൽ പിന്നെ, ഞാൻ ഒരു അച്ഛനാണെന്ന് പറയുന്നതിൽ എന്തർഥം. ദൈവവിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യങ്ങളിലും ഞാനും അപ്പയും തമ്മിൽ ചേരില്ല.

ദാസേട്ടന്റെ മകൻ ദൈവവിശ്വാസി അല്ലെന്നാണോ ?

അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടിഉണര്‍ത്തുന്നതും  ഉറക്കുന്നതും അപ്പയാണ്.  കച്ചേരിക്കു മുൻപ് പ്രത്യേക വ്രതചിട്ടയും ഉണ്ട്. എല്ലാ ദൈവങ്ങളെയും ബ ഹുമാനിക്കണം എന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്. പ ണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റെയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തിൽ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോൾ അഞ്ചു വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്.

പ്രാർഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവും ഇല്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നമ്മുടെ സ്വർണമാല കളഞ്ഞു പോയെന്ന് കരുതുക. അതു കിട്ടാൽ വഴിപാടും നേർച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോൾ അതു കണ്ടുകിട്ടിയേക്കും. ഉടനെ വഴിപാടു കഴിക്കാൻ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോർത്തു നോക്കൂ. അത് മുൻപും അവിടെത്തന്നെ ഇരിപ്പില്ലേ. വഴിപാടും നേർച്ചയും നേരുമ്പോൾ ദൈവം അവിടെ കൊണ്ടു വയ്ക്കുന്നതല്ലല്ലോ.  

കയ്യിൽ ധാരാളം പണം വരാൻ വേണ്ടി ദിവസവും പ്രാർഥി ക്കണം എന്നൊക്കെ പറയുന്നത് എന്തു ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനർജി ഉണ്ടെന്നു വിശ്വസിക്കുന്നു, നമ്മളെ പോസിറ്റീവാക്കുന്ന എനർജിയാണ് എന്റെ ദൈവം. ന മ്മുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ വേണം പരിഹരിക്കാൻ.

ഇത് അച്ചടിച്ചു വരുമ്പോൾ എനിക്ക് വീട്ടിൽ നിന്നു കണക്കിന് കിട്ടും. എന്റെ അടുത്ത സുഹൃത്താണ് വ്ലോഗർ കൂടിയായ ശരത് കൃഷ്ണൻ. വലിയ ഗുരുവായൂരപ്പൻ ഭക്തനാണ്. അവനെ കാണുമ്പോൾ അമ്മ ചോദിക്കും, ‘കൂട്ടുകാരനെ ഒന്ന് ഉപദേശിച്ചു കൂടേ’ എന്ന്. അവനറിയാം എന്നെ ഉപദേശിച്ചിട്ടൊന്നും കാര്യമില്ലെന്ന്.

അഭിനയത്തിലേക്ക് പൂർണമായി മാറുമോ ?

രണ്ടും ഒരുമിച്ചു കൊണ്ടുപോകാനാണ് തീരുമാനം. പലരും വിചാരിച്ചിരിക്കുന്നത് ‘മാരി’യിൽ വില്ലനായി അഭിനയിക്കാൻ കാരണം ധനുഷുമായുള്ള അടുത്ത സൗഹൃദം ആണെന്നാണ്. ശ രിക്കും സംവിധായകൻ ബാലാജി മോഹന്റെ നിർബന്ധമാണ് എന്നെ ആ  പ്രൊജക്റ്റിലേക്ക് എത്തിച്ചത്. ‘പടൈവീരൻ’ ആ യിരുന്നു അടുത്ത ചിത്രം. സിനിമയുടെ പ്രിവ്യൂ കണ്ട് ധനുഷ് പറഞ്ഞു, ‘നീ മാരിയിലേക്കാൾ ഒരുപാട് നന്നായി ചെയ്തിട്ടുണ്ടല്ലോ.’ മാരിയിൽ നീയും സംവിധായകനും പറഞ്ഞു തന്നതിന്റെ ഗുണമാണ് അതെന്നായിരുന്നു എന്റെ മറുപടി.

ധനുഷ് ഇടയ്ക്ക് തമാശയ്ക്ക് പറയും, ‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഗായകൻ ഞാനാണ്.’ അതു സത്യവുമാണ്. ഇവിടുത്തെ ഏതു പ്രഫഷനൽ ഗായകർക്കു കിട്ടുന്നതിനേക്കാളും കൂടിയ തുകയ്ക്കാണ് അവൻ ‘വൈ ദി സ് കൊലവെറി’ പാടിയത്. അവന്റെ ‘സ്‌റ്റാർ‍ഡ’ത്തിനു ലഭിച്ചതാണ് ആ പ്രതിഫലം.

vijjttyyuy

സൗഹൃദങ്ങൾ ഒരുപാടുണ്ടോ ?

തമിഴിൽ യുവൻ ശങ്കർരാജയും അനിരുദ്ധും ഹാരിസ് ജയരാജുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. മലയാളത്തിൽ എം. ജയചന്ദ്രനും ഗോപി സുന്ദറും രതീഷ് വേഗയുമടക്കം കുറേ പേർ. തുടക്കത്തിൽ ഇംഗ്ലിഷിൽ എഴുതി മലയാളം പാട്ടുകൾ പാടുമ്പോൾ ഉച്ചാരണം വലിയ പ്രശ്നമായിരുന്നു. എംജെസി (എം. ജയചന്ദ്രൻ) എല്ലാം പറഞ്ഞു തന്ന് ഒപ്പം നിന്നു. അന്നു തുടങ്ങിയ അടുപ്പമാണ്. ദുൽഖറും പ്രണവും ഫഹദുമൊക്കെ  ഫ്രണ്ട്സ് സർക്കിളിലുണ്ട്.

സൗഹൃദങ്ങളുടെ ഉള്ളിൽ നിന്നു ജോലി ചെയ്യാനാണ് കൂടുതലിഷ്ടം. അപ്പോൾ വലിയ എനർജി തോന്നും. ഇപ്പോൾ  കൊച്ചി പനമ്പിള്ളി നഗറിൽ രാജ്യാന്തര മെൻസ് ഗ്രൂമിങ് ബ്രാ ൻഡായ ‘ചോപ് ഷോപ് ബാർബർ ആൻഡ് ബ്രാൻഡ്’ തുടങ്ങിയതു പോലും സൗഹൃദത്തിന്റെ കൈപിടിച്ചാണ്. സൗത്ത് ഇന്ത്യ മുഴുവൻ ചോപ് ഷോപ്പിന്റെ ഫ്രാഞ്ചൈസി തുടങ്ങാനാണ് പദ്ധതി. പാട്ടും അഭിനയവും ഇപ്പോൾ ബിസിനസും. പ്രളയവും കോവിഡുമെല്ലാം നമ്മളെ പുതിയ ജോലികൾ പഠിപ്പിക്കുമെന്നു പറയുന്നതു ചുമ്മാതല്ല.

മെൻസ് ഗ്രൂമിങ് ഷോപ്.  ഈ ബിസിനസിലേക്ക് എങ്ങനെയെത്തി ?

അടുത്ത സുഹൃത്തുക്കളായ വിജയും അനസ് നസീറും ആണ് ഈ ആശയം പറഞ്ഞത്. ഞങ്ങൾ ഗോവയിലെ ചോപ് ഷോപ്പിൽ  പോയി കാര്യങ്ങൾ കണ്ടു മനസ്സിലാക്കി. തുടർന്നു ബ്രാ ൻഡിന്റെ സൗത്ത് ഫ്രാഞ്ചൈസി എടുത്തു. ആദ്യം കൊച്ചിയില്‍. പിന്നീടു ചെന്നൈ, ബെംഗളൂരു ഉൾപ്പെടെയുള്ള മെട്രോകളിലും കേരളത്തിലെ പ്രധാന നഗരങ്ങളിലും.

കനേഡിയൻ ഫാഷൻ ഫൊട്ടോഗ്രഫറായ മാർട്ടിൻ പ്രിയോദയാണു ബ്രാൻഡിന്റെ ഉപജ്ഞാതാവ്. സാധാരണ ബാർബർ ഷോപ് അല്ല ചോപ് ഷോപ്. ലോകമെമ്പാടും ഒരേ രീതിയിലുള്ള ഇന്റീരിയര്‍ ആണ്. മാർട്ടിൻ നേരിട്ടെത്തിയാണ് ഇവിടെയും ഇന്റീരിയർ ചെയ്തത്. യുകെയിൽ നിന്നു വിദഗ്ധ പരിശീലനം ലഭിച്ചവരാണു ജീവനക്കാർ.

സൗഹൃദങ്ങൾ പോലെ തന്നെയാണ് വാഹന ക്രേസും ?

ലോങ്ഡ്രൈവുകൾ‌ വലിയ ഇഷ്ടമാണ്. 2009ൽ, ദർശന അമേയയെ ഗർഭം ധരിച്ചിരിക്കുന്ന സമയം. ഞാന്‍ െചന്നൈയിലാണ്. അവർ തിരുവനന്തപുരത്തും. ഒരു ദിവസം എനിക്കു തോന്നി നാട്ടിലേക്കു പോണമെന്ന്. അമേയയ്ക്കായി വാങ്ങിയ കുഞ്ഞുടുപ്പുകളും കളിപ്പാട്ടവുമൊക്കെ വണ്ടിയിലാക്കി ഞാൻ തിരു വനന്തപുരത്തേക്കു വിട്ടു. രാത്രി 11ന് വണ്ടിയെടുത്ത് രാവിലെ ഏഴരയോടെ വീട്ടിലെത്തി. അദ്ഭുതമെന്നു പറയട്ടെ, ഞാൻ എ ത്തിയതിന്റെ പിറ്റേന്ന് ദർശന പ്രസവിച്ചു. ‍ഡോക്ടര്‍മാർ പറഞ്ഞിരുന്ന ഡേറ്റിനേക്കാൾ 20 ദിവസങ്ങൾക്കു മുൻപേ.

ചെന്നൈയിൽ ഞങ്ങൾക്കൊരു ക്രിക്കറ്റ് ടീമുണ്ട്, ‘മദ്രാസ് ഓൾ സ്റ്റാഴ്സ് (മാസ്).’ ഒരിക്കൽ കൊച്ചി അധികാരിവളപ്പിലെ കച്ചേരി കഴിഞ്ഞ് രാത്രിയിൽ കാറെടുത്ത് പോയി പിറ്റേന്ന് ചെന്നൈയിലെത്തി ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്. അന്നാണ് ആദ്യമായി 50 അടിച്ചത്. അപ്പയും പണ്ടു ലോങ് ഡ്രൈവുകൾ ചെയ്യുമായിരുന്നെന്നു കേട്ടിട്ടുണ്ട്. ഓടിച്ചപ്പോൾ ഇഷ്ടം തോന്നിയാണ് ഇപ്പോഴുള്ള ജാഗ്വാർ വാങ്ങിയത്. കാശൊന്നും ഇല്ലാത്തതിനാൽ രണ്ടും കൽപ്പിച്ച് ബാങ്ക് േലാണെടുത്തു വാങ്ങി. അന്നു വെള്ള നിറമായിരുന്നു. പിന്നീട് നീലയാക്കി, ഇപ്പോൾ കറുപ്പാണ്. വീട്ടിൽ ചേട്ടനൊക്കെ ചോദിക്കും, അതു വിൽക്കാറായില്ലേ എന്ന്. ജാഗ്വാറിനു ശേഷം ഓഡി വാങ്ങിയെങ്കിലും അതു വിറ്റു. ഇലക്ട്രിക് കാർ ആണ് ഇപ്പോഴത്തെ ആഗ്രഹം.

അഭിനയിച്ച സിനിമകളും റിലീസാകാനുണ്ട് ?

‘സാൽമൺ’ എന്ന ത്രിഡി ഹൊറർ ത്രില്ലറാണ് അടുത്തതായി റിലീസ് ചെയ്യുക. ഇതിന്റെ പകുതിയോളം ഷൂട്ടിങ് പൂർത്തിയായപ്പോഴാണ് ലോക്ഡൗൺ വന്നത്. മറ്റു മൂന്നു സിനിമകളും ഏറെക്കുറേ ഉറപ്പിച്ചിട്ടുണ്ട്. അനൂപ് മേനോന്റെ ‘കിങ്ഫിഷി’ലെ ഗാനങ്ങളാണ് ഒടുവിൽ പുറത്തിറങ്ങിയത്. ‘ആടുജീവിത’ത്തിൽ എ.ആർ. റഹ്മാന്റെ സംഗീത സംവിധാനത്തിൽ മലയാളത്തിൽ പാടാൻ കഴിഞ്ഞു. മറ്റു ഭാഷകളിലും പ്രൊജ ക്റ്റുകൾ പാതിവഴിയിലാണ്.

മോളും മോനും പാട്ടിന്റെ വഴിയേ ആണോ ?

അമേയ കുട്ടിക്കാലത്തേ സംഗീതത്തില്‍ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അപ്പയും ഞാനും പാടിയ ‘ശ്യാമരാഗ’ത്തിൽ അവളെ കൊണ്ടും ദക്ഷിണാമൂർത്തി സ്വാമി പാടിപ്പിച്ചിരുന്നു. അപ്പ സ്വരസ്ഥാനങ്ങൾ പറഞ്ഞു കൊടുക്കുന്ന തരത്തിലായിരുന്നു ഗാനചിത്രീകരണം. ആ വിഡിയോ ഈയിടെ പുറത്തുവന്നു. എനിക്കും ആദ്യമായി പാട്ട് പറഞ്ഞുതന്നത് സ്വാമിയാണ്. ഇപ്പോൾ മോൾക്ക് 11 വയസായി. പാടാനൊക്കെ കുറച്ച് ഷൈ ആണ്. വെസ്‌റ്റേൺ മ്യൂസിക്കിനോടാണ് താൽപര്യം.

അവ്യാന് അഞ്ചു വയസ്സായി. രണ്ടുപേരും പിയാനോയും  മ്യൂസികും പഠിക്കുന്നുണ്ട്. തമിഴിൽ ഞാൻ പാടിയ ‘പട്ടാസി’ ലെ പാട്ട് അവർക്ക് ഇഷ്ടമാണ്. പാട്ട് കേൾക്കാനൊന്നും ഞാ ൻ നിർബന്ധിക്കാറില്ല. മക്കളെ അത്യാവശ്യം ശാസിക്കുന്ന അച്ഛനാണ് ഞാൻ. അമേയയെ ഇടയ്ക്കു വഴക്കു പറയും. അവ്യാൻ തിരിച്ചും വഴക്കിടും. ചെന്നൈയിലെ ഒരേ ഫ്ലാറ്റിലാണ് എല്ലാവരും. ഞങ്ങള്‍ താഴത്തെ അപ്പാർട്ട്മെന്റിൽ. അപ്പയും അമ്മയും മുകളിലെ അപാര്‍ട്െമന്‍റില്‍. കോവിഡ് പടർന്നു തുടങ്ങിയപ്പോൾ അപ്പയും അമ്മയും യുഎസിൽ കുടുങ്ങി. ഇതുവരെ ചെന്നൈയിലേക്ക് തിരിച്ചു വന്നിട്ടില്ല.

ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം

അപ്പയ്ക്കു തുല്യനായിരുന്നു എനിക്ക് എസ്.പി. ബാലസുബ്രഹ്മണ്യം. അദ്ദേഹം മരിക്കുമ്പോൾ ഞാൻ കൊച്ചിയിലായിരുന്നു. അതുകൊണ്ട് അവസാനമായി ഒന്നു കാണാൻ ക ഴിഞ്ഞില്ല. കുറച്ചുനാൾ മുൻപ് സിംഗപ്പൂരിൽ  ഒരു പരിപാടിയിൽ അപ്പയും എസ്പിബിയും ഞാനും ചരണും ഒരുമിച്ച് പെർഫോം ചെയ്തു. ഞാനും ചരണും പല്ലവി പാടി കഴിയുമ്പോൾ അനുപല്ലവി പാടി എസ്പിബിയും അപ്പയും വേദിയിലെത്തുന്ന രീതിയിലായിരുന്നു ആ പാട്ട്.

അവർക്കൊപ്പം വേദി പങ്കിടുന്നതു തന്നെ വലിയ കാര്യമല്ലേ. അപ്പോഴാണ് അവരുടെ ഗാനങ്ങൾ അവരുടെ സാന്നിധ്യത്തിൽ ആലപിക്കുന്നത്. സ്‌റ്റേജിൽ ലൈവ് പാടുന്ന എന്റെ രീതിയെ എസ്പിബി എപ്പോഴും അഭിനന്ദിക്കുമായിരുന്നു. അതിൽ നിന്നു കിട്ടുന്ന എനർജി നഷ്ടപ്പെടുത്തരുത് എന്നും ഉപദേശിക്കും. ഒരിക്കൽ ദുബായിൽ ഒരു പരിപാടിയിൽ മമ്മൂക്കയും എസ്പിബിയുമൊക്കെ വിശിഷ്ടാതിഥികളായുണ്ട്. അന്ന് എന്റെ ജന്മദിനം ആയിരുന്നു. അവതാരക അത് അനൗൺസ് ചെയ്തു. ഉടനേ എസ്പിബി മൈക്ക് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ശൈലിയിൽ പല രീതിയിൽ ‘ഹാപ്പി ബർത്ഡേ ടു യു...’ പാടി. എനിക്കു ജീവിതത്തിൽ കിട്ടിയ വലിയ പിറന്നാള്‍ സമ്മാനമാണത്.

Tags:
  • Celebrity Interview
  • Movies