Saturday 04 April 2020 02:21 PM IST

തേപ്പു കിട്ടിയ കണ്ണേട്ടനല്ല ഞാൻ, ഇപ്പോഴും അവൾ എന്റെ അടുത്ത സുഹൃത്ത്! മധുരഗാനത്തിന്റെ ‘ഇടനാഴിയിൽ ഓടിക്കയറി’ ശ്രീജേഷ് പങ്കുവച്ച കഥ

Binsha Muhammed

Kannan-1

ഒരു മധുരസ്വരം കേട്ടങ്ങനെ കൊതിച്ച് നില്‍ക്കുകയാണ് സംഗീത പ്രേമികളും സോഷ്യല്‍ മീഡിയയും. കുഞ്ഞെല്‍ദോയിലെ ഫെയര്‍വെല്‍ സോംഗിനു പിന്നിലെ അനുഗ്രഹീത ഗായകനെ തേടിയുള്ള അന്വേഷണം ആയിരുന്നു ആദ്യം. സരിഗമപയെന്ന റിയാലിറ്റി ഷോയിലൂടെ ഹൃദയത്തില്‍ കുടിയേറിയ തങ്ങളുടെ 'കണ്ണേട്ടനാണ'് ആ പാട്ടുകാരന്‍ എന്നറിഞ്ഞതോടെ അന്വേഷണം സഫലം. പിന്നെ ഇഷ്ടങ്ങള്‍ ലൈക്കിന്റെ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലേക്ക് ഒഴുകി. കാത്തിരുന്ന ഗാനത്തിന് ചേരുന്ന കൊതിപ്പിക്കുന്ന ശബ്ദമെന്ന് വാഴ്ത്തി. നൊസ്റ്റുവും സൗഹൃദവും പ്രണയവും ഓര്‍മകളുടെ ഇടനാഴിയിലേക്ക് ഓടിക്കയറിയ നിമിഷത്തില്‍ ശ്രീജിഷ് എന്ന കണ്ണേട്ടന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായി. കുഞ്ഞെല്‍ദോയിലെ ‘ഇടനാഴിയില്‍ ഓടിക്കയറണ’ എന്ന ഗാനം സംഗീതലോകം ഏറ്റെടുക്കുമ്പോള്‍ പാലക്കാട് ആനക്കര സ്വദേശി ശ്രീജിഷ് ചോലയില്‍ എന്ന റിയാലിറ്റി ഷോയിലെ മിന്നും താരം ഹാപ്പിയോടു ഹാപ്പി. ഒരു പൂ ചോദിച്ചവന് പൂക്കാലം നല്‍കിയ കാലത്തിനും ദൈവത്തിനും നന്ദി പറഞ്ഞു കൊണ്ട് ശ്രീജിഷ് വനിത ഓണ്‍ലൈന്‍ വായനക്കാരോട് സംസാരിക്കുകയാണ്. റിയാലിറ്റി ഷോയില്‍ ഫ്‌ളോറില്‍ നിന്നും പിന്നണി ഗാനരംഗത്തേക്ക് പിച്ചവച്ച ആ യാത്ര ശ്രീജിഷ് പറയുമ്പോള്‍ ഒരു സിനിമാക്കഥ പോലെ കേട്ടിരിക്കാം...

സംഗീതം പഠിക്കണമെന്ന മോഹവുമായ്...

സംഗീതം ഉപജീവനമായി കാണാനുള്ള കോണ്‍ഫിഡന്‍സ് കേരളത്തിലെ പുതുതലമുറയ്ക്ക് വന്നിട്ടുണ്ട്. മറുവശത്ത് നമ്മളെ സ്‌നേഹിക്കുന്ന മാതാപിതാക്കള്‍ക്ക് മകന്‍ അല്ലെങ്കില്‍ മകള്‍ സംഗീതം ജീവിതമായി തെരഞ്ഞെടുത്തു എന്ന് കേള്‍ക്കുമ്പോള്‍ ബിപി കൂടാറാണ് പതിവ്. കാരണം മക്കളുടെ ശോഭനമായ ഭാവി സ്വപ്‌നം കാണുന്ന അച്ഛനമ്മമാര്‍ക്ക് സംഗീതം ഇന്നും ഹോബി മാത്രമാണ്. ബാങ്ക് മാനേജറായ എന്റെ അച്ഛന്‍ സുബ്രഹ്മണ്യന് ഞാന്‍ ബികോം പഠിച്ച് ബാങ്കിംഗ് മേഖലയിലേക്ക് വരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ എന്റെ തലയിലെഴുത്തും സ്വപ്‌നവും മറ്റൊന്നായി. വീട്ടുകാരുടെ കാലുപിടിച്ച് അസ്ഥിക്ക് പിടിച്ച സംഗീത പ്രേമവുമായി പാലക്കാട്ടെ ചെമ്പൈ സംഗീത കോളജിലേക്ക്. അവിടെ വോക്കലില്‍ സ്‌പെ്ഷ്യലൈസ് ചെയ്ത് പഠനം. പഠനത്തിനിടെയാണ് സരിഗമപയുടെ ഓഡിഷനിലേക്ക് ക്ഷണം. ശരിക്കും പറഞ്ഞാല്‍ ജീവിതത്തിലെ വേക്ക് അപ് കോള്‍. ചങ്ങാതിമാര്‍ പോകുന്നുവെന്ന് അറിഞ്ഞാണ് ഓഡിഷനിലേക്കുള്ള വണ്ടി പിടിച്ചത്. തലവരയും ഭാഗ്യവും ആ ഫ്്‌ലോറില്‍ തെളിയുകയായിരുന്നു. എനിക്കിപ്പോ എന്റെ അച്ഛനോട് ധൈര്യമായി പറയാം അച്ഛന്റെ മോന്റെ സ്വപ്‌നം വെറുതെയായില്ലെന്ന്.

സരിഗമപ സ്വപ്‌ന വേദി

പാട്ടുകാരന്‍ ചെക്കന് പിന്നണി ഗായകനായി പ്രൊമോഷന്‍ നല്‍കിയ സ്വപ്‌ന വേദിയാണിത്. എന്നെ ഞാനാക്കിയ വേദി. അവിടുന്ന് കിട്ടിയ അറിവൊന്നും വെറുതെ പോയിട്ടില്ല. ശരിക്കും പറഞ്ഞാല്‍ ഞങ്ങളെ തേച്ചു മിനുക്കി എടുത്തത് അവിടമാണ്. നല്‍കിയ അനുഭവങ്ങള്‍ക്കും പാഠങ്്ങള്‍ക്കും സെര്‍ഗോ സാറിനോടും ജഡ്ജസിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല. വേദിയില്‍ ബ്ലോക്ബസ്റ്റര്‍ അടിച്ച കണ്ണാന കണ്ണേ എന്ന ഗാനവും ചലഞ്ച് റൗണ്ടിലെ 'ഗനന് ഗനന്' എന്ന ഗാനവും ഒരിക്കലും മറക്കില്ല.

ഇടനാഴിയില്‍ ഓടിക്കയറണ്...

ജീവിതം തന്നത് സരിഗമപ റിയാലിറ്റി ഷോ വേദിയാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. എന്നെ ആദ്യമായി റെക്കോഡിങ് സ്റ്റുഡിയോയിലേക്ക് കൈപിടിച്ച് നടത്തിയത്‌ഗോപി ചേട്ടനാണ്. പുറത്തിറങ്ങാനിരിക്കുന്ന യുവം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു എന്നെ തെരഞ്ഞെടുത്തത്. ആസിഫ് അലിയുടെ പുതിയ ചിത്രമായ ഇടനാഴിയില്‍ ഓടിക്കയറണ് എന്ന ഗാനം ഒരു നിയോഗം പോലെയാണ് എന്നിലേക്ക് എത്തിയത്. സംവിധായകന്‍ ആര്‍ജെ മാത്തുക്കുട്ടി ഒരു ഫ്രഷ് വോയ്‌സിനായുള്ള അന്വേഷണത്തിലായിരുന്നു. ആ അന്വേഷണം ഭാഗ്യം പോലെ വന്ന് നിന്നത് എന്നില്‍. സംഗീത സംവിധായകനും എന്റെ ഗുരുവുമായ ഷാന്‍ റഹ്മാനോടാണ് നന്ദി അറിയിക്കാനുള്ളത്. വിനീത്ശ്രീനിനവാസന്‍ ട്രാക്ക് പാടിയഗാനമാണ് എന്റെ മുന്നിലേക്ക് അനുഗ്രഹം പോലെ ഷാനിക്ക് വച്ചു നീട്ടിയത്. അതോര്‍ക്കുമ്പോള്‍ എത്രമാത്രം അനുഗ്രഹീതനാണ് ഞാനെന്ന് ഓര്‍ക്കുന്നത്. നേരത്തെ ഷാനിക്കയ്ക്കു വേണ്ടി ഒരു പാട്ട് പാടാന്‍ എന്നെ തെരഞ്ഞെടുത്തതാണ് നിര്‍ഭാഗ്യ വശാല്‍ ആ സമയംഎനിക്ക് സുഖമില്ലാതെ ആയി. പക്ഷേ കൈവിടാത്ത ഭാഗ്യം വീണ്ടും എനിക്കീ പാട്ടു തന്നു. നമ്മുടെ സ്‌കൂളോര്‍മകളിലേക്കുള്ള തിരിഞ്ഞു നടത്തമാണ് ഈ പാട്ട്. അവതാരക അശ്വതി ശ്രീകാന്താണ് ഈ പാട്ട് എഴുതിയിരിക്കുന്നത്. കണ്‍മുന്നില്‍ തെളിയുന്നത്പുതിയ അവസരങ്ങളിലേക്കുള്ള പടിവാതിലാണ്. സ്വപ്‌നം പോലെ പുതിയ അവസരങ്ങള്‍ തേടി വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഞങ്ങളൊക്കെ തുടങ്ങിയിട്ടേ ഉള്ളൂ. നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടെങ്കില്‍ ഇനിയും ഏറെ ദൂരം പോകാനുണ്ട്.

Kannan-1

വിരഹ കാമുകനല്ല കണ്ണേട്ടന്‍

എപ്പോഴോ പങ്കുവച്ച നഷ്ട പ്രണയത്തെ പറ്റി മാത്രമാണ് പ്രിയപ്പെട്ടവര്‍ക്ക് ചോദിക്കാനുള്ളൂ. ടിപ്പിക്കല്‍ പ്രണയകഥയിലെ തേപ്പ് കിട്ടിയ നായകനായിട്ടാണ് എന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പോളി ടെക്‌നിക്ക് കാലത്ത് മൊട്ടിട്ട ആ പ്രണയത്തില്‍ ഒരിക്കലും തേപ്പോ പറ്റിക്കലുകളോ ഒന്നും ഉണ്ടായിരുന്നില്ല. പുള്ളിക്കാരിയുടെ വീട്ടുകാരുടെ നിര്‍ബന്ധം ഏറെയായപ്പോള്‍ മനസില്ലാ മനസോടെ പിരിഞ്ഞു എന്നു മാത്രം. അതൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ...പിന്നെ അവൾ ഇന്ന് എന്റെ നല്ലൊരു സുഹൃത്ത് കൂടിയാണ്. എന്റെ പാട്ടു കേട്ട് അഭിപ്രായമൊക്കെ പറയാറുണ്ട്. പിന്നെ കണ്ണേട്ടനെന്ന ഈ പേര്, അതെന്നെ വീട്ടില്‍ വിളിക്കുന്ന പേരാണ്. നഷ്ട പ്രണയനായകനല്ല കണ്ണേട്ടന്‍-ശ്രീജിഷ് ചിരിയോടെ പറഞ്ഞു നിര്‍ത്തി.