എല്ലാ അർഥത്തിലും അവളൊരു നടി തന്നെ’ എന്നു കേൾക്കാ ൻ എനിക്കിഷ്ടമില്ല. ക്യാമറയ്ക്കു മുന്നിൽ നന്നായി അഭിനയിക്കുകയും ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്യാനാണു താത്പര്യം. വ്യക്തിപരമായി നല്ലൊരു മനുഷ്യനായിരിക്കണം എന്നാഗ്രഹിക്കുന്നു. അതുകൊണ്ടു സിനിമയ്ക്കു പുറത്ത് ഉള്ളത് ഉള്ളതു പോലെ തുറന്നു പറയാനാണിഷ്ടം.’’ കോഴിക്കോടൻ ഭാഷയുടെ ഈണം തീരെയില്ലാത്ത ഭാഷയിൽ സുരഭി പറയുന്നു.
അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ ടൊവീനോ തോമസിന്റെ നായികയായി ഗംഭീര പ്രകടനത്തിനു ലഭിച്ച അഭിനന്ദന പ്രവാഹങ്ങൾക്കിടയിലും സുരഭി കാലുകൾ നിലത്തുറപ്പിച്ച് നിൽക്കുന്നു. ദേശീയ അ വാർഡ് തേടി വന്നപ്പോഴും ഇതേ നിൽപ്പ് നിന്നയാളാണു സുരഭി.
കവിക്കും അഭിനേതാവിനുമൊക്കെ ആ ൺ – പെൺ ഭേദമുണ്ടോ ? അങ്ങനെയെങ്കിൽ സുരഭിയെ വിശേഷിപ്പിക്കേണ്ടത് ‘ബ്രില്യന്റ് ആക്ടർ’ എന്നല്ലാതെ മറ്റെന്താണ്.
കമേഴ്സ്യൽ സിനിമയിൽ നിന്നു ശക്തമായൊരു കഥാപാത്രം സുരഭിയെ തേടി വന്നു അല്ലേ ?
വിദ്യാഭ്യാസവായ്പ നിഷേധിക്കപ്പെട്ടതിന്റെ പേരിൽ കെട്ടിടത്തിൽ നിന്നു ചാടി മരിച്ച പെൺകുട്ടിയായിരുന്നു വെള്ളിത്തിരയിലെ എന്റെ ആദ്യ കഥാപാത്രം. ദരിദ്രരരായതിനാൽ തിരിച്ചടവ് ശേഷിയില്ലെന്ന് വിധിയെഴുതിയാണ് വായ്പ നിഷേധിക്കപ്പെട്ടത്.
രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട് എ ന്ന് പറയുന്ന കഥാപാത്രമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് പ്രമുഖ നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റും ആയയും.
ഇത്തരം ‘ഡൾ’ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അതുപോലുള്ളവ തന്നെയാണു വീണ്ടും വരിക. ഒരു വർഷം രണ്ട് സിനിമയിൽ കൂടുതൽ ലഭിക്കുന്ന നടിമാർ നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നിരിക്കെ കഥാപാത്രം തിരഞ്ഞെടുത്ത് അഭിനയിക്കലൊന്നും തുടക്കത്തിൽ സാധ്യമായിരുന്നില്ല. കിട്ടിയവയെല്ലാം ചെയ്തു.
ഇപ്പോഴും കൈ നിറയെ അവസരങ്ങളുണ്ടായിട്ടല്ല. എങ്കിലും ഒരു കാര്യം തീരുമാനിച്ചു. ചെയ്ത അതേ രീതിയിലുള്ള കഥാപാത്രങ്ങൾ ഒഴിവാക്കും. മാണിക്യം പോലെയൊരു ശക്തമായ കഥാപാത്രം കിട്ടുന്നത് ഇരുപത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്.
ഒരു ആക്ടർ എന്ന നിലയ്ക്ക് മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന കഥാപാത്രമായിരുന്നു മാണിക്യം. അത് അംഗീകരിക്കപ്പെട്ടു.
പദ്മ, കള്ളൻ ഡിസൂസ തുടങ്ങിയ സിനിമകളിലേതു നല്ല കഥാപാത്രങ്ങളായിരുന്നു. എന്നിരുന്നാലും നന്നായി വിജയം നേടുന്ന കമേഴ്സ്യൽ സിനിമയിൽ എത്തിപ്പെട്ടാൽ മാത്രമേ നമുക്ക് ലഭിച്ച അംഗീകാരങ്ങൾ പോലും സാധാരണക്കാർ തിരിച്ചറിയുകയുള്ളൂ. ആ അവസരമാണ് മാണിക്യം കൊണ്ടു തന്നത്.
ഉയർന്ന പ്രായത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടി തോന്നിയിട്ടില്ലേ ?
മനോരഥങ്ങളിലെ വൃദ്ധകഥാപാത്രം ചെയ്യുന്നത് രണ്ട് വർഷം മുൻപാണ്. റിലീസായത് അടുത്തയിടെ ആയിരുന്നു എന്നുമാത്രം. എആർഎമ്മിൽ മാണിക്യത്തിന്റെ വാർധക്യവും ചെയ്തു. മാണിക്യത്തിന്റെ വാർധക്യകാലം ഒഴിവാക്കാൻ വയ്യാത്ത ആവശ്യമായിരുന്നു.
പ്രായക്കൂടുതലുള്ള കഥാപാത്രം ചെയ്യുമ്പോഴുള്ള പ്രധാന വെല്ലുവിളി മേക്കപ്പാണ്. പ്രായക്കൂടുതൽ തോന്നിക്കാൻ ചെയ്യുന്ന മേക്കപ്പ് ‘എസി’ ഇല്ലാത്ത സാഹചര്യത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ പ്രയാസമാണ്. എ ആർഎമ്മിലെ വാർധക്യ സീൻ ഔട്ട് ഡോറായിരുന്നതിനാൽ വളരെ പ്രയാസപ്പെട്ടാണത് ചിത്രീകരിച്ചത്. പുറത്തെ ചൂടിൽ മേക്കപ് വരണ്ട് ഇളകിവരുമായിരുന്നു.
മകളായി അഭിനയിക്കുന്നത് എന്നെക്കാൾ പ്രായമുള്ള രോഹിണി ചേച്ചിയാണല്ലോ. ഒന്നിച്ചുള്ള സീനിൽ പ്രായവ്യത്യാസം അറിയാതിരിക്കാൻ ലോങ് ഷോട്ടിലാണ് ചിത്രീകരിച്ചത്.
എംടി സാറിന്റെ കഥ, സ്ക്രിപ്റ്റ്, പ്രിയദർശൻ സാറിന്റെ സംവിധാനം, ലാൽ സാറാണ് നായകൻ തുടങ്ങിയ ഘടകങ്ങൾ കൊണ്ടാണ് മനോരഥങ്ങൾ ചെയ്യാൻ തീരുമാനിച്ചത്. ഏറെ അഭിനന്ദനം കിട്ടിയെങ്കിലും ബീപാത്തു എന്ന കഥാപാത്രം എനിക്ക് തൃപ്തികരമായില്ല. കുറച്ചു കൂടി നന്നാക്കണമായിരുന്നു എന്നാണ് തോന്നിയത്.
എന്റെ പ്രായത്തിലുള്ളതോ അതിനെക്കാൾ അഞ്ചോ പത്തോ വയസ്സ് കൂടുതലോ കുറവോ ഉള്ളതോ ആയ കഥാപാത്രങ്ങൾ ചെയ്യാനാണ് താത്പര്യം. അതിലും കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങൾ വന്നാൽ ആലോചിച്ചേ തീരുമാനമെടുക്കൂ. അത്തരം റോളുകളിൽ കുടുങ്ങാൻ താത്പര്യമില്ല. മനോരഥങ്ങളുടെ ഷൂട്ട് കഴിഞ്ഞപ്പോൾ ഞാൻ എല്ലാവരോടും തമാശയ്ക്ക് പറഞ്ഞു. ‘ഇത്തവണ എന്നെ അമ്മയാക്കിയത് ഓകെ... ഇനി ആവർത്തിക്കരുത് കേട്ടോ...

‘കോഴിക്കോടൻ ഭാഷ കൊണ്ടല്ലേ അവര് പിടിച്ച് നിൽക്കുന്നത്’ എന്നു കേൾക്കേണ്ടി വന്നിട്ടില്ലേ ?
സംസ്ഥാന ടെലിവിഷൻ അവാർഡ് നടക്കുമ്പോൾ ഒരു ജ ഡ്ജ് ഇവർ കോഴിക്കോടൻ ഭാഷ വച്ചു പിടിച്ചു നിൽക്കുന്ന നടിയാണ് അവർക്ക് അവാർഡ് കൊടുക്കരുത് എന്നു വാദിച്ചു. പിന്നീട് അദ്ദേഹത്തിന്റെ അഭിപ്രായം മാറി. അദ്ദേഹത്തിന്റെ സിനിമയിൽ എന്നെ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന നായികയാക്കി. അപ്പൊഴും ധൈര്യം പോരാഞ്ഞ് എന്നോട് പറഞ്ഞു ‘കോഴിക്കോടൻ ഭാഷ നമുക്കീ സിനിമയിൽ വേണ്ടാട്ടോ...’ ‘ഇല്ല സർ... ഒരിക്കലും ചെയ്യില്ല ’ എന്നു ഞാൻ ഉറപ്പു കൊടുത്തു. എനിക്ക് ദേശീയ അവാർഡ് കിട്ടിയ ‘മിന്നാമിനുങ്ങ്’ എന്ന സിനിമയായിരുന്നു അത്.
അവാർഡ് കിട്ടിയ ശേഷം സംവിധായകൻ അനിൽ തോമസ് തന്നെ പറഞ്ഞാണ് ഞാനീ കഥയറിയുന്നത്. ‘സുരഭീ നിന്നോട് ഞാനിങ്ങനെയൊരു കാര്യം ചെയ്തിട്ടുണ്ട്. ആ നീ എന്റെ സിനിമയിൽ തിരുവനന്തപുരം ഭാഷ സംസാരിച്ച് അവാർഡ് നേടിയതിൽ ഞാൻ അഭിമാനിക്കുന്നു’ എന്നദ്ദേഹം പറഞ്ഞു. മിന്നാമിനുങ്ങാണ് എന്റെ ആദ്യ സിനിമ എന്ന് പലരും തെറ്റിധരിക്കുന്നുണ്ട്. ഞാൻ നായികയായി അഭിനയിച്ച ആദ്യ സിനിമയാണത്.
നാഷനൽ അവാർഡ് കിട്ടിയപ്പോൾ ജനങ്ങൾ എന്നെ തിരിച്ചറിഞ്ഞത് എം80 മൂസ എന്ന സൂപ്പർ ഹിറ്റ് സീരീസി ൽ അഭിനയിച്ചത് കൊണ്ടാണ്. ഇത്തവണത്തെ നാഷനൽ അവാർഡ് നമ്മുടെ പാത്തുവിനാ കിട്ടിയത് എന്നാണ് എ ല്ലാവരും പറഞ്ഞത്. എം80 മൂസയ്ക്കാണോ അവാർഡ് കിട്ടിയത് എന്നു ചോദിച്ചവർ വരെയുണ്ട്.
350 എപ്പിസോഡുള്ള ആ സീരീസിലെ പാത്തു എന്ന കഥാപാത്രം ഉപയോഗിക്കുന്നത് എന്റെ കാലത്ത് നിന്ന് അറുപത് വർഷം പിന്നോട്ടുള്ള കോഴിക്കോടൻ ഭാഷയാണ്. ആ വേഷത്തിനായി ഞാനത് പഠിച്ചെടുക്കുകയായിരുന്നു. എനിക്കേറ്റവും പ്രിയമാണ് പാത്തു എന്ന കഥാപാത്രത്തോട്. പക്ഷേ, പിന്നീട് വരുന്നതെല്ലാം കോഴിക്കോടൻ ഭാഷയുപയോഗിക്കുന്ന കഥാപാത്രങ്ങളായി.
എനിക്ക് കോഴിക്കോടൻ സംസാരരീതിയേ പറ്റൂ എന്ന ധാരണ വരെയുണ്ടായി. അതൊന്ന് മാറണം എന്നെനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എആർഎം വന്ന ശേഷം ആളുകൾ എന്നെ മാണിക്യം എന്നു വിളിച്ചു തുടങ്ങി. ഏറെ സ ന്തോഷം തരുന്നുണ്ട് അത്. ചുരുക്കി പറഞ്ഞാൽ സ്ലാങ്ങിനൊന്നും എന്നെ തളർത്താൻ പറ്റൂല്ല മക്കളേ...
പക്ഷേ, അഭിമുഖങ്ങളിലും സാധാരണ സംസാരിക്കുമ്പോഴും ഞാൻ കോഴിക്കോടൻ ഭാഷയേ ഉപയോഗിക്കൂ. എന്റെ നാടും വീടും മറന്ന് വേറൊരു മനുഷ്യനായി ജീവിക്കാൻ എനിക്ക് കഴിയില്ല.
അസുഖകരമായ ചോദ്യങ്ങളോട് പോലും കൂളായി പ്ര തികരിക്കുന്നയാളാണ് സുരഭി. സദാ കൂൾ ആണോ ?
വീട്ടിലുള്ളവർ എന്നെ വിളിക്കുന്നത് ‘സൈക്കോ സുരഭി’ എന്നാണ്. എല്ലാ വസ്തുക്കളും അടുക്കും ചിട്ടയോടെയും വയ്ക്കുന്ന ആളാണ്. എന്റെ സാധനങ്ങൾ എവിടിരിക്കു ന്നു എന്നു സെറ്റിലായിരുന്നാൽ പോലും പറഞ്ഞു കൊടുക്കാൻ എനിക്കു കഴിയും. അതാരെങ്കിലും മാറ്റി വച്ചാൽ ഞാൻ അൽപം സൈക്കോ ആകും.
പുറത്ത് പല വിധത്തിലുള്ള അസുഖകരമായ പെരുമാറ്റങ്ങൾ സഹിക്കേണ്ടി വരുന്നതിന്റെ ദേഷ്യമൊക്കെ വീട്ടിൽ ചെന്നാണ് കാണിക്കുക. അവർക്കെന്നെ അറിയാമല്ലോ.
നാളെ നമ്മൾ കാണാൻ സാധ്യതയില്ലാത്ത ആളുകളോട് നന്നായി ഇടപെടുകയും സന്തോഷത്തോടെ പിരിയുകയും ചെയ്യുന്നതാണ് എന്റെ രീതി.
ഹേമ കമ്മിഷൻ റിപ്പോർട്ട് സിനിമാ മേഖലയിൽ സ്ത്രീകളോടുള്ള പെരുമാറ്റങ്ങളിൽ കാര്യമായ മാറ്റം വരുത്തുമെ ന്നു കരുതുന്നുണ്ടോ ?
ഉറപ്പായും. പക്ഷേ, റിപ്പോർട്ടിന് ശേഷം ചർച്ച ചെയ്യപ്പെട്ട പ്രശ്നങ്ങൾ ലൈംഗിക ചൂഷണം എന്ന വിഷയത്തിൽ മാത്രമായി ഒതുങ്ങിപ്പോയി. സിനിമയിൽ ആൺ പെൺ ഭേദമില്ലാതെ പുതുതായി ചെറിയ റോളുകളിൽ വരുന്ന ആർട്ടിസ്റ്റുകൾ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് തുടങ്ങിയവർക്ക് വളരെ കുറവ് വേതനവും, അടിസ്ഥാന സൗകര്യങ്ങളുമൊക്കെയാണു നൽകുന്നത്. എല്ലാം പ്രഫഷനലായി നടക്കുന്ന സെറ്റുകളുണ്ട്. തീരെ ഇല്ലാത്തവയും ഉണ്ട്.
താണു കേണു ഡബ്ബിങ് വരെ ചെയ്യിച്ച ശേഷം പണം തരാതിരിക്കുകയും വിളിച്ചാൽ ഫോണെടുക്കാതിരിക്കുകയും മോശമായി പ്രതികരിക്കുകയും ചെയ്ത അനുഭവങ്ങളുണ്ട്. കഷ്ടപ്പെട്ടു ചെയ്ത ജോലിക്കുള്ള വേതനം സഹികെട്ട് വേണ്ടെന്ന് വയ്ക്കുകയും, തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. ചെറിയ റോളുകളിൽ വരുന്ന നടിയിൽ നിന്നും നായിക നടിയാകുമ്പോൾ മാറ്റം ഉറപ്പായും ഉണ്ടാകും

എന്റെ അഭിപ്രായം തുടക്കക്കാർക്കും ജോലിക്ക് അർഹമായ വേതനം ലഭിക്കുന്നതിനും വ്യക്തി എന്ന നിലയിൽ അപമാനിക്കപ്പെടാതിരിക്കുന്നതിനും അടിസ്ഥാന ക്രമീകരണം സിനിമയിൽ നിയമപരമായിത്തന്നെ ഉണ്ടാകേണ്ടതാണെന്നാണ്.
സുരഭി എന്ന പേര് ആരാണ് തിരഞ്ഞെടുത്ത് തന്നത് ?
എന്റെ അച്ഛൻ ആണ്ടിയും അമ്മ രാധയും ആദ്യത്തെ മൂന്നു മക്കൾക്ക് സുധീഷ്, സുബിത, സുമിത എന്നു പേരിട്ടു. അച്ഛൻ ഏറെക്കാലം സൗദിയിലായിരുന്നിട്ട് തിരികെവന്നപ്പോഴുണ്ടായ കുട്ടിയാണ് ഞാൻ. അപ്പോഴേക്കും അവരുടെ ‘സു’ പേരുകളുടെ കളക്‌ഷനൊക്കെ തീർന്നു.
നാലാമതൊരു പേരിനു വേണ്ടി വിഷമിക്കുമ്പോഴാണ് തൊട്ടടുത്ത വീട്ടിലെ പുഷ്പ ചേച്ചി ബാലുശ്ശേരി മുക്കിലെ സുരഭി മെഡിക്കൽസിനെക്കുറിച്ച് പറയുന്നത്. അങ്ങനെ മെഡിക്കൽ ഷോപ്പിന്റെ പേര് എനിക്ക് കിട്ടി.
ഏതായാലും ആ പേര് അന്വർഥമായി. ‘ആർക്കെന്താ എപ്പഴാ വരിക എന്നറിയില്ലല്ലോ’ എന്ന ചിന്തയിൽ സദാ ഒരു കൊട്ട മരുന്നുമായാണ് ഞാൻ നടക്കല്.
ഭരതനാട്യം ബിരുദം ഒന്നാം റാങ്കിൽ പാസായ സുരഭിക്ക് കലാവാസന ആരിൽ നിന്നാണ് കിട്ടിയത് ?
അമ്മയിൽ നിന്നാണ് കലാവാസന കിട്ടിയത്. അമ്മ നന്നായി നൃത്തം ചെയ്യുമായിരുന്നു. അമ്മയുടെ നൃത്ത പരിപാടി കണ്ട് ഇഷ്ടമായാണ് അച്ഛൻ വിവാഹാലോചനയുമായി ചെല്ലുന്നത്.
ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. ചേച്ചിമാർ വിവാഹം കഴിച്ചു കുടുംബമായി. സഹോദരൻ അവിവാഹിതനാണ്. ചേട്ടനാണ് എല്ലായിടത്തും എന്നോടൊപ്പം ഉണ്ടാകുന്നത്.
ബിഎ ഭരതനാട്യവും എംഎ തിയറ്ററും കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലും എംഫിൽ എംജി യൂണിവേഴ്സിറ്റിയിലും ചെയ്തു. ഇപ്പോൾ ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ തിയറ്ററിൽ പിഎച്ച്‌ഡി ചെയ്യുന്നു.
അടുത്ത ചിത്രം ?
ഗെറ്റ് സെറ്റ് ബേബിയിൽ സൂധീഷേട്ടനൊപ്പം നല്ലൊരു വേ ഷം ചെയ്തിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ് ആണ് മറ്റൊന്ന്. അതിൽ തോക്കൊക്കെ എടുക്കുന്നുണ്ട്. ജീവിതത്തിൽ ഇന്നുവരെ ഞാൻ ചെയ്യാത്തതൊക്കെ ചെയ്യുന്നുണ്ട്. റൈഫിൾ ക്ലബ്ബിന്റെ സെറ്റ് കോളജ് ദിനങ്ങൾ തിരിച്ചു കിട്ടിയതുപോലെയൊരു ‘ഫീൽ ’ആണ് തന്നത്. ശേഷം സ്ക്രീനിൽ കാണാം.
രാഖി റാസ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ