Saturday 02 November 2019 03:56 PM IST

‘ദിവസവും ഏഴു മണിക്കൂറോളം ജിമ്മിൽ, മൂന്നു വർഷം ഏകാന്തവാസം; സ്നേഹ അന്ന് നീരസം പ്രകടിപ്പിച്ചിരുന്നെങ്കിൽ ഞാൻ തകർന്നു പോയേനെ’

Sujith P Nair

Sub Editor

_REE0518 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പനൈയൂരിലെ ബീച്ചിൽ നിന്നു കഷ്ടിച്ച് പത്തടി ദൂരമേയുള്ളൂ പ്രസന്നയുടെ ആ സ്നേഹക്കൂട്ടിലേക്ക്. ഗേറ്റിലെത്തുമ്പോഴേ കേൾക്കാം, കരയെ പുണരാനെത്തുന്ന തിരയുടെ ശബ്ദത്തെ മറികടന്ന് ഒരു കുറുമ്പന്റെ കുസൃതി മേളം. പ്രണയത്തിന്റെ കടൽക്കാറ്റ് പുൽകുന്ന ആ വീട്ടിൽ മുത്തും പവിഴവും പോലെ പ്രസന്നയും സ്നേഹയും. നാലു വയസ്സുകാരൻ വിഹാനു കൂട്ടായി അഞ്ചു മാസത്തിനപ്പുറം എത്തുന്ന പുതിയ അതിഥിയെ വരവേൽക്കാൻ തയാറെടുക്കുകയാണ് ആ വീട്. 

തമിഴിൽ നിന്നെത്തി മലയാളത്തിന്റെ സ്നേഹം ആദ്യം സ്വന്തമാക്കിയത് സ്നേഹയെന്ന വിടർന്ന കണ്ണുള്ള ഈ സുന്ദരിയാണ്. ഇപ്പോഴിതാ ‘ബ്രദേഴ്സ് ഡേ’യിലൂടെ മലയാളത്തിന്റെ മനം കവരാൻ പ്രസന്നയും എത്തിയിരിക്കുന്നു. വിഹാന്റെ കുസൃതികൾ അതിരുവിടുമ്പോൾ ഗൗരവക്കാരിയായ സ്നേഹയെ കാണാം, ‘കണ്ണാ സുമ്മാ ഇരി...’  

വിഹാന്റെ കളിപ്പാട്ടങ്ങളാണ് വീടു നിറയെ. മനോഹരമായ പൂമുഖ വാതിൽ തുറക്കുന്നത് വിശാലമായ ഹാളിലേക്ക്. ചിട്ടയായി ഡിസൈൻ ചെയ്ത ഇന്റീരിയറിൽ ഭംഗി തുളുമ്പുന്ന അപൂർവ ചിത്രങ്ങളും പൊയ്ക്കാലിലാടുന്ന വലിയ കുതിരയും.

കൗതുകം കണ്ടാകണം, പ്രസന്ന പറഞ്ഞു തുടങ്ങിയതും വീടിനെക്കുറിച്ചു തന്നെ. ‘‘സ്നേഹയുടെ കയ്യൊപ്പ് പതിഞ്ഞതാണ് ഈ വീടിന്റെ ഓരോ ഇടവും. ഈ ചിത്രങ്ങൾ ഏതോ വെബ്സൈറ്റിൽ കണ്ട്, ലണ്ടനിലെ സുഹൃത്തിനെക്കൊണ്ട് അളവ് പറഞ്ഞുകൊടുത്തു വാങ്ങിയതാണ്. വീടിന്റെ അകത്തളത്തിന്റെ മുഖം എപ്പോഴും ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കാൻ സ്നേഹയ്ക്കു വലിയ ഇഷ്ടമാണ്.’’  സ്നേഹയും  പ്രസന്നയും ‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖം.  

മലയാളത്തിലെ ആദ്യ കഥാപാത്രം ഇഷ്ടമായോ ?

ഒരുപാട്  വെല്ലുവിളികളുള്ള കഥാപാത്രമാണ്  ‘ബ്രദേഴ്സ് ഡേ’ യിൽ എന്റേത്. വെറുപ്പു തോന്നുന്ന വില്ലൻ വേഷം. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനുമായുള്ള സൗഹൃദമാണ് ഈ റോളിലേക്ക് എത്തിച്ചത്. ‘ട്രാഫിക്കി’ന്റെ തമിഴിൽ ചാക്കോച്ചന്റെ റോളിലേക്കാണ് ആദ്യം വിളിച്ചത്. അത്തരം സിനിമ തമിഴ് പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് അന്നെനിക്കു സംശയമായിരുന്നു. അപ്പോൾ അദ്ദേഹം മറ്റൊരു ഓഫർ വച്ചു, ‘ചാപ്പാ കുരിശി’ന്റെ തമിഴ് റീമേക്കിൽ ഫഹദിന്റെ റോൾ നൽകാം എന്ന്. സാധാരണ നിർമാതാക്കൾ അങ്ങനെ വാക്ക് പാലിക്കാറൊന്നുമില്ല, എന്നാൽ ആ വാക്കും പാലിച്ചു. ഇപ്പോൾ ഞങ്ങളുടെ വീട്ടിലെ ഒരംഗം തന്നെയാണ് അദ്ദേഹം. ആരുമായി എളുപ്പം അടുക്കാത്ത സ്നേഹ പോലും  ലിസ്റ്റിന്റെ അടുത്ത സുഹൃത്താണ്.

മലയാളം എന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ഇൻഡസ്ട്രിയാണ്. ‘കസ്തൂരിമാൻ’ തമിഴിൽ റീമേക്ക് ചെയ്തപ്പോൾ കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം ഞാനാണ് ചെയ്തത്.  തമിഴിലും നായിക മീര ജാസ്മിൻ തന്നെയായിരുന്നു. ലോഹിതദാസ് ആദ്യമായി തമിഴിൽ സംവിധാനം ചെയ്ത ചിത്രവുമാണത്.

സിദ്ദിഖ് (ലാൽ) സാർ ആദ്യമായി തമിഴിൽ സംവിധാനം ചെയ്ത ‘സാധു മിരണ്ടാലിൽ’ ഞാനും കാവ്യാ മാധവനുമായിരുന്നു പ്രധാന റോളുകളിൽ. ‘അഴകിയ തീയേ’യിൽ നവ്യാ നായർ ആയിരുന്നു എന്റെ നായിക. ‘അമര’മാണ് മലയാളത്തിൽ ഏറ്റവും ഇഷ്ടമുള്ള ചിത്രം. ലോഹിതദാസ് സാറിന്റെ സിനിമ ചെയ്തതോടെ അഭിനയത്തോടുള്ള എന്റെ കാഴ്ചപ്പാട് ത ന്നെ മാറി . ‘കിരീട’വും ‘ഭൂതക്കണ്ണാടി’യും ഇപ്പോൾ ‘കുമ്പളങ്ങി നൈറ്റ്സും’ വരെ എത്രയെത്ര അദ്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണ് മലയാളത്തിലുള്ളത്.

മലയാളത്തിൽ ഒരു അവസരത്തിനായി ഏറെ ആഗ്രഹിച്ചിരുന്നു. ‘ബ്രദേഴ്സ് ഡേ’യുടെ സെറ്റിൽ പൃഥ്വിരാജിനോട് തമാശയായി  പറഞ്ഞിരുന്നു, മലയാളത്തിൽ നല്ലവനായൊരു  കഥാപാത്രം  ലഭിക്കണമെന്ന് വലിയ മോഹമായിരുന്നു. എന്നിട്ടു കിട്ടിയത് ഇത്ര ‘വൃത്തികെട്ടവനായ’ ക്യാരക്ടറാണല്ലോ എന്ന്.

ഇത്ര മനോഹരമായി മലയാളം സംസാരിക്കാൻ പഠിച്ചതെങ്ങനെ?

‘കണ്ടീപ്പാ ഇവന് ഒരു മലയാളി ലവർ  ഇരുന്തിരിക്ക വേണം. ആനാ സമ്മതിക്കമാട്ടേൻ. അന്തമാതിരി ഫ്ലുവന്റ് മലയാളം താൻ പേസ്റേൻ...’ മറുപടി പറഞ്ഞത് സ്നേഹയാണ്. ‘ഞാനും ഇപ്പൊ  എല്ലാവരോടും അങ്ങനെ തന്നെയാണ് പറയുക...’ പൊ ട്ടിച്ചിരിയിൽ പ്രസന്നയും പങ്കുചേർന്നു.

‘ഭെല്ലി’ൽ ജീവനക്കാരനായിരുന്നു അച്ഛൻ. വീട്ടിൽ വലിയ സ്ട്രിക്ട്. ഞാൻ എൻജിനീയറാകണമെന്നായിരുന്നു അ ച്ഛന്റെ ആഗ്രഹം. എനിക്ക് കുട്ടിക്കാലം തൊട്ടേ സിനിമാമോഹവും. ആദ്യസിനിമയിൽ അഭിനയിക്കും വരെ വീട്ടിൽ നിന്ന് ഞങ്ങളെല്ലാവരും കൂടി ഒരു സിനിമയ്ക്കു പോലും പോയിട്ടില്ല.

_REE0489

കുട്ടിക്കാലം തൊട്ടേ മലയാള സിനിമയാണ് കൂടുതൽ ക ണ്ടിരുന്നത്. ബന്ധങ്ങളുടെ ആഴം മലയാള സിനിമയിൽ മനോഹരമായാണ് ചിത്രീകരിക്കുക. അതു നിങ്ങളുടെ സംസ്കാരത്തിന്റെ പ്രത്യേകതയാകാം.

മറ്റൊരു സത്യം കൂടി പറയാം, മലയാളത്തിൽ അഭിനയിക്കാൻ വേണ്ടി കരിയറിന്റെ തുടക്കത്തിൽ തന്നെ ഭാഷാപുസ്തകം വാങ്ങി മലയാളം പഠിച്ചയാളാണ് ഞാൻ. ‘30 ദിവസം കൊണ്ട് മലയാളം പഠിക്കാം’ എന്ന ബുക്ക്  വാങ്ങിത്തന്നത്  നാട്ടിൽ ഞങ്ങളുടെ അടുത്തു താമസിച്ചിരുന്ന ജ്യോതി ആന്റിയാണ്. അവരുടെ മകൾ ചൈതന്യ മുപ്പതോളം സിനിമകളിൽ ചൈൽഡ് ആർട്ടിസ്റ്റായിരുന്നു. അന്നെനിക്ക് ആകെ പരിചയമുള്ള സിനിമാക്കാരും  അവരാണ്. ആന്റിയാണ് ലോഹി സാറിനെയും  സിദ്ദിഖ് സാറിനെയും  പരിചയപ്പെടുത്തി തന്നത്. എല്ലാവരും  എന്നോട് മലയാളം പഠിക്കണമെന്ന് ആവശ്യപ്പെട്ടു. പ ക്ഷേ, പിന്നീട് തമിഴിൽ തിരക്കായി.

മലയാളത്തിൽ നിന്നു മൂന്നുനാലു തവണ അവസരം  വന്നെങ്കിലും അപ്പോഴെല്ലാം തമിഴിലെ തിരക്ക് കാരണം ഓഫർ സ്വീകരിക്കാനായില്ല. ‘നേര’ത്തിന്റെ സ്ക്രിപ്റ്റുമായി അൽഫോൻസ് പുത്രൻ വന്നിരുന്നു, പക്ഷേ, അന്ന് അൽഫോൻസിന് പ്രൊഡ്യൂസറെ കിട്ടിയിരുന്നില്ല. നടൻ നരേൻ അടുത്ത സുഹൃത്താണ്. അദ്ദേഹവുമായി സംസാരിച്ചും  കുറേ മലയാളം പഠിച്ചു. തെലുങ്കും സംസാരിക്കാനറിയാം, ഹിന്ദിയാണ് ഒരു രക്ഷയുമില്ലാത്തത്. എന്നെ അദ്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലിഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈയിടെ ഖത്തറിൽ നടന്ന പ്രമോഷൻ പരിപാടിയിൽ രാജുവിന്റെ പ്രസംഗം കേട്ട് സദസ്സിലെ പലരും സ്തംഭിച്ചിരുന്നുപോയി.  ‘ഇതിന്റെ ഏറ്റവും ബെസ്റ്റ് എൻകാപ്സുലേഷൻ’ (സാരാംശം) എന്നൊക്കെ പറഞ്ഞു തകർത്തു പ്രസംഗിക്കുകയാണ് രാജു.

ഞാൻ അന്തംവിട്ട് സംവിധായകൻ ഷാജോണിന്റെ മുഖത്തു നോക്കിയപ്പോൾ ‘ഇതൊക്കെ ചെറുത്’ എന്ന മട്ടിൽ പ്രത്യേക ഭാവത്തിൽ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പ ക്ഷേ, ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ  ഇംഗ്ലിഷ്. വായനകൊണ്ടും മറ്റും നേടിയെടുത്തതാണത്.

മണിരത്നം പ്രൊഡക്‌ഷനിലൂടെയല്ലേ സിനിമയിലേക്ക് വന്നത് ?

സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹവുമായി എൻജിനീയറിങ്ങിന് പഠിക്കുന്ന കാലം. അപ്പോഴാണ് വിജയ് ടിവിയിൽ മണിരത്നം സാറിന്റെ ‘മദ്രാസ് ടാക്കിസ്’ എന്ന പ്രൊഡക്‌ഷൻ കമ്പനി നിർമിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുള്ള പരസ്യം കണ്ടത്.

എന്റെ ഫോട്ടോ അയച്ചു കൊടുക്കാൻ മുൻകയ്യെടുത്തതെല്ലാം സുഹൃത്തുക്കളാണ്. ഷോർട് ലിസ്റ്റ് ചെയ്തെന്നു കത്ത് വന്നപ്പോൾ അടുത്ത ടെൻഷൻ, അച്ഛനോട് ഇക്കാര്യം ആരു പറയും. ഒടുവിൽ ആ ചുമതല  സുഹൃത്തുക്കൾ ഏറ്റെടുത്തു. മദ്രാസ് ടാക്കീസെന്നും  മണിരത്നം എന്നുമൊക്കെ പറഞ്ഞ് ഒരുവിധത്തിൽ സമ്മതിപ്പിച്ചു.

മൂന്നൂറോളം പേരിൽ നിന്നാണ് ‘5 സ്റ്റാർ’ എന്ന സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തത്. ചിത്രം റിലീസായതോടെ കോളജിലാകെ സെലിബ്രിറ്റിയായി. മാനേജ്മെന്റിലെ ചിലർക്ക് ബുദ്ധിമുട്ടായതോടെ പഠനം നിർത്തേണ്ടി വന്നു. അപ്പോഴേക്കും അച്ഛനും എന്റെ പാഷൻ മനസ്സിലായിരുന്നു.

പ്രകാശ് രാജാണ് കരിയർ മാറ്റിമറിച്ചത് ?

പ്രകാശ് സാർ പറയാറുണ്ട്, ‘പണമുണ്ടാക്കാൻ വേണ്ടി ഞാൻ പല സിനിമകളിലും അഭിനയിക്കും. എന്റെ സിനിമാ സങ്കൽപങ്ങളോടു ചേർന്നു നിൽക്കുന്നവയാകില്ല അവയിൽ പലതും. എന്നാൽ ഞാൻ നിർമിക്കുന്ന സിനിമകൾ എന്റെ ആഗ്രഹത്തിന് അനുസരിച്ചാണ്. നാളെ എന്റെ മകൾ ആ സിനിമകളെക്കുറിച്ച് കേട്ടാൽ അഭിമാനം കൊള്ളണം.’ നായികയുടെ പിറകേ നടന്നു പ്രണയിക്കുന്ന നായകനാകാനില്ലെന്ന് അന്നാണ് ഞാൻ തീരുമാനിച്ചത്. ‘കണ്ട നാൾ മുതൽ’ എന്ന സിനിമ നിർമിച്ചത് പ്രകാശ് രാജ് സാറാണ്. സിനിമയെക്കുറിച്ച്  പുതിയൊരു സങ്കൽപം അത് എന്നിൽ രൂപപ്പെടുത്തി.   

സ്നേഹയുമായി അടുത്തത് വഴക്കിലൂടെയാണെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ ?

2008ലാണ് സ്നേഹയുമായി ആദ്യം സംസാരിക്കുന്നത്. ചേച്ചിക്ക് സമ്മാനം കൊടുക്കാനായി എന്റെ കയ്യിലുള്ള ഇളയരാജ പാട്ടുകളുടെ കളക്‌ഷൻ ചോദിച്ചാണ് അവൾ വിളിച്ചത്. ഞാൻ അത്ര നന്നായല്ല സംസാരിച്ചത്. അതിന് ഒരു കാരണവുമുണ്ട്.

സ്നേഹ നായികയായ ചിത്രത്തിൽ നായകനായി എന്നെനിശ്ചയിച്ചിരുന്നു. പിന്നീട് എന്നെ ഒഴിവാക്കി. സത്യം അറിയാൻ ഞാൻ പല വഴിക്കും അന്വേഷണം നടത്തി. സ്നേഹയുടെ നിർദേശപ്രകാരമാണ് നായകനെ മാറ്റിയത് എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. (സ്വപ്നത്തിൽ പോലും  അറിയാത്ത കാര്യമെന്ന് സ്നേഹയുടെ വിശദീകരണം).

snehaprasanna

അങ്ങനെയിരിക്കെയാണ് സ്നേഹയുടെ വിളി വന്നത്. ഉള്ളിൽ ദേഷ്യമുള്ളപ്പോൾ സ്വാഭാവികമായി അതു സംസാരിത്തിലും വരുമല്ലോ. അപ്പോൾ അങ്ങനെ പെരുമാറിയതിൽ തെറ്റു പറയാൻ കഴിയുമോ?  (വർഷം 11 കഴിഞ്ഞിട്ടും ആ പാട്ടുകൾ കിട്ടിയില്ലെന്ന് സ്നേഹ. ചേച്ചി കഴിഞ്ഞ ദിവസം കൂടി അതു ചോദിച്ചെന്ന് ഓർമപ്പെടുത്തലും.)

ഏറെ ടെൻഷൻ അനുഭവിച്ച ശേഷമായിരുന്നല്ലേ വിവാഹം ?

2009 ൽ പുറത്തിറങ്ങിയ ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന ചിത്രത്തിലാണ് ഞാനും സ്നേഹയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സ്നേഹയെ അടുത്തറിയുന്നത് അപ്പോഴാണ്. ജീവിതത്തിൽ അഭിനയിക്കാത്ത നടിയാണ്. അവർക്ക് സാധാരണക്കാരിയാകാനാണ് കൂടുതൽ താൽപര്യം എന്നു തിരിച്ചറിഞ്ഞതോടെ ഞങ്ങൾ സൗഹൃദമായി. ഇടയ്ക്ക് ചില ഗോസിപ്പുകൾ വന്നെങ്കിലും അതെല്ലാം ഞാൻ നിഷേധിച്ചു.

ഒരു സിനിമാ നടിയെ വിവാഹം ചെയ്യും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ആളാണ് ഞാൻ. വീട്ടുകാർ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന ചിന്തയും. ഇടയ്ക്ക് ഒന്നു രണ്ടു ക്രഷ് ഒക്കെ ഉണ്ടായിരുന്നെങ്കിലും വിവാഹക്കാര്യം വീട്ടുകാർക്ക് വിട്ടുകൊടുക്കാം എന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, സ്നേഹയാണ് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു.

എന്റെ അച്ഛനെ സമ്മതിപ്പിക്കാൻ ആറു മാസമെടുത്തു, ജാതി ആയിരുന്നു തടസ്സം. ഞങ്ങൾ ബ്രാഹ്മണരാണ്, സ്നേഹ നായിഡുവും. ഒടുവിൽ വർഷങ്ങൾക്കു മുൻപ് റിട്ടയറായ അച്ഛന്റെ സുഹൃത്തുക്കളെ വരെ ഇടപെടുത്തിയാണ് സമ്മതം വാങ്ങിയത്. 2012ലായിരുന്നു വിവാഹം. പറ്റിയാൽ എന്നെങ്കിലും ഞാൻ ഇതൊരു സിനിമയാക്കും. അത്രയ്ക്ക് സംഭവബഹുലമാണ് ആ കഥ. കൗതുകം അതല്ല, ഞാൻ സ്നേഹയെ  പരിചയപ്പെടും മുൻപു തന്നെ അച്ഛൻ അവളുമായി സംസാരിച്ചിരുന്നു. ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട ഒരു വിവാദമുണ്ടായപ്പോൾ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അച്ഛനാണ് അന്ന് ഇടപെട്ടത്.  

എന്റെ അച്ഛനെ ഞാൻ മനസ്സിലാക്കിയത് എനിക്ക് മകൻ ജനിച്ചതോടെയാണ്. പലപ്പോഴും ഞാനും അച്ഛനും വലിയ ഉടക്കിലായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ജീവിക്കാൻ എനിക്കായിട്ടില്ല. എന്നെ എൻജിനീയറായി കാണാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, ഞാൻ നടനായി. വിവാഹവും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നില്ല. എന്നിട്ടും എന്റെ നന്മ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്. മകൻ ജനിച്ച ശേഷമാണ് അച്ഛൻ എന്ന ഫീൽ മനസ്സിലായത്.

വിവാഹത്തോടെ ജീവിതം മാറി ?

അതുവരെ എന്റെ ലോകത്തു മാത്രം ഒതുങ്ങി നിൽക്കുന്നയാളായിരുന്നു ഞാൻ. മറ്റുള്ളവരുടെ ശ്രദ്ധയിൽ നിന്ന് എങ്ങനെ ഒഴിഞ്ഞു നിൽക്കാം എന്നാണ് ചിന്തിച്ചിരുന്നത്. ആത്മവിശ്വാസവും അൽപം കുറവ്. സ്നേഹയാണ് എന്നെ മാറ്റിയത്. സിനിമ തിരഞ്ഞെടുക്കുന്നതിലും വിലയിരുത്തുന്നതിലും എന്നേക്കാൾ കഴിവ് അവൾക്കുണ്ട്. ആദ്യം അതംഗീകരിക്കാൻ ഞാൻ തയാറായില്ല. പക്ഷേ, ഒന്നുരണ്ട് അനുഭവം വന്നതോടെ എനിക്കത് ബോധ്യമായി. അഭിനയത്തിനും ജീവിതത്തിനും എവിടെയാണ് അതിർത്തി നിശ്ചയിക്കേണ്ടതെന്ന് അവളാണ് പറഞ്ഞു തന്നത്. എന്റെ ഡ്രസിങ് സെൻസ് മുതൽ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച വരെ അവൾ മാറ്റിമറിച്ചു. ഇന്നു ഞാൻ ചെയ്യുന്ന പല കാര്യങ്ങൾക്കും ധൈര്യം തന്നത് അവളാണ്.  

‘ചാപ്പാ കുരിശ്’ തമിഴിൽ ‘പുലിവാൽ’ ആയപ്പോൾ ഇവിടത്തെ പ്രേക്ഷകരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ചില വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. പക്ഷേ, പ്രതീക്ഷിച്ചയത്ര വിജയം  നേടാതിരുന്നതോടെ ഭയങ്കര നിരാശയായി. അങ്ങനെയാണ് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത്. അന്നു വിഹാൻ ജനിച്ചിട്ട് അധിക നാൾ ആയിട്ടില്ല. എന്നിട്ടും ആ ആഗ്രഹം പറഞ്ഞപ്പോൾ സ്നേഹ പിന്തുണ തന്നു. ആറു മാസത്തോളം വീട്ടിലിരുന്ന് കുഞ്ഞിനെ കളിപ്പിച്ചു. പിന്നീട് ട്രെയിനറെ വച്ച് ദിവസവും ഏഴു മണിക്കൂറോളം ജിമ്മിൽ. മൂന്നു വർഷം ഒരു പാർട്ടിക്കോ ചടങ്ങിനോ പോലും പോയില്ല. ആത്മവിശ്വാസം തിരികെ കിട്ടിയ ശേഷമാണ് പുറത്തിറങ്ങിയത്. ഇതിനിടെ എപ്പോഴെങ്കിലും സ്നേഹ നീരസം പ്രകടിപ്പിച്ചിരുന്നെങ്കിൽ ഞാൻ തകർന്നു പോയേനെ.

സ്നേഹ: അത്ര ബുദ്ധിമുട്ടൊന്നുമില്ല പ്രസന്നയേ നോക്കാൻ. അധികമൊന്നും സംസാരിക്കാത്ത പ്രകൃതമായിരുന്നു പണ്ടൊക്കെ. വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ ഞങ്ങൾ വാക്കു നൽകി, പരസ്പരം ചേർന്നിരിക്കുന്നതു മാത്രമേ ചിന്തിക്കൂ എന്ന്. അല്ലാത്തതൊന്നും വേണ്ട. മറ്റൊരിക്കൽ പരസ്പരം സിനിമയെക്കുറിച്ച് സംസാരിക്കേണ്ടെന്നും തീരുമാനിച്ചു. ഇപ്പോഴും ഒരുമിച്ചു ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ചു മാത്രമേ വീട്ടിൽ ചർച്ച ചെയ്യാറുള്ളൂ.

വിവാഹശേഷം സിനിമ കുറയ്ക്കാനുള്ള തീരുമാനം എന്റേതായിരുന്നു, അത്രയ്ക്കു തളർന്നിരുന്നു. മോൻ ജനിച്ചതിനു പിന്നാലെ ‘വേലൈക്കാര’നിൽ അഭിനയിച്ചത് ആ കഥാപാത്രത്തിന്റെ സോഷ്യൽ കമ്മിറ്റ്മെന്റ് കണ്ടിട്ടാണ്. കുഞ്ഞിനെയും കൊണ്ടാണ് ലൊക്കേഷനിൽ പോയത്. വിഹാന് ഒരു വയസ്സായതിനു ശേഷമാണ് മമ്മൂട്ടി നായകനായ ‘ഗ്രേറ്റ് ഫാദറി’ൽ അഭിനയിച്ചത്.

_REE0434

ഇടവേളയ്ക്കു ശേഷം റീഎൻട്രി മാസ്സാക്കി ?

ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ‘പവർ പാണ്ടി’യിലൂടെയായിരുന്നു തിരിച്ചു വരവ്. ‘നിബുണൻ’, ‘തുപ്പറിവാളൻ’, ‘തിരുട്ടു പയലേ ടു’ തുടങ്ങിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. രാമർ പെട്രോളിലൂടെ പ്രശസ്തനായ രാമറുടെ കഥ അടിസ്ഥാനമാക്കിയ ‘തിരവം’ എന്ന വെബ് സീരിസിൽ അഭിനയിച്ചത് പുതിയ അനുഭവമായി. കൗമാരക്കാരിയായ മകളുള്ള, കുടവയറും നരയുമുള്ള അച്ഛനായാണ് അതിൽ അഭിനയിച്ചത്. ഇടയ്ക്ക് ചില ടിവി പരിപാടികളും ആങ്കർ ചെയ്തു.

മൂന്നു വർഷം മാറി നിന്നപ്പോൾ എനിക്കുറപ്പായിരുന്നു, തിരിച്ചുവരവിൽ സിനിമ എനിക്ക് അവസരം തരുമെന്ന്. ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ വന്നവനാണ് ഞാൻ. ചില ബിസിനസുകൾ ചെയ്തെങ്കിലും വിജയിച്ചില്ല. അപ്പോഴെല്ലാം ഞാൻ തിരിച്ചറിഞ്ഞതാണ്, ദൈവം എനിക്കു നിശ്ചയിച്ചിരിക്കുന്നത് അഭിനയമാണെന്ന്. ഇപ്പോഴെനിക്ക് ആത്മവിശ്വാസമുണ്ട്, ഇനി എന്റെ കരിയർ ഞാനാകും തീരുമാനിക്കുക. തമിഴിൽ ഒരു ചൊല്ലുണ്ട്, ‘കെടയ്ക്കതു കെടയ്ക്കാതെയിരിക്കാത്, കെടയ്ക്കാമയിരിക്കത് കെടയ്ക്കാത്.’ ദൈവം വിധിച്ചത് നമുക്ക് കിട്ടാതെ പോകില്ല, വിധിക്കാത്തത് എത്ര ശ്രമിച്ചാലും കിട്ടുകയുമില്ല.

‘നോ ജംഗ് ഫൂഡ്സ് ഫോർ വിഹാൻ’

‘വിഹാന് നാലു വയസായി. വീട്ടിൽ തയാറാക്കുന്ന ഭക്ഷണം മാത്രമേ ഇത്ര നാളായി അവന് നൽകിയിട്ടുള്ളൂ. അടുത്തിടെ ഞങ്ങൾ പാരിസിൽ പോയിരുന്നു. അവന് മൂന്നു നേരത്തേക്കുമുള്ള ഫൂഡ് കയ്യിൽ കരുതിയാണ് ഫ്ലൈറ്റ് കയറിയത്. പാരിസിൽ രാത്രി എത്തിയപ്പോഴും സ്വന്തമായി കുക്ക് ചെയ്താണ് ഭക്ഷണം നൽകിയത്.

ജംഗ് ഫൂഡ് അവന് നൽകിയിട്ടേയില്ല. ഒരിക്കൽ രുചി പിടിച്ചാൽ പിന്നെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. ബർഗറും പീ‌ത്‌സയും ഒന്നും കുട്ടികൾക്ക് നല്ലതല്ലെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. ഞങ്ങൾ പുറത്തുനിന്നു കഴിക്കുമ്പോഴും അവനുള്ള ഭക്ഷണം വീട്ടിൽ നിന്ന് ഉണ്ടാക്കി പായ്ക്ക് ചെയ്തു കൊണ്ടുപോകാറുണ്ട്. ഇപ്പോഴവന് നാലു വയസ്സല്ലേ ഉള്ളൂ. അതുകൊണ്ട് എനിക്കു നിയന്ത്രിക്കാൻ പറ്റും. അടുത്ത രണ്ടു വർഷം എങ്ങനെയാകുമെന്ന് ദൈവത്തിനറിയാം. എങ്കിലും ഭക്ഷണശീലം പരമാവധി നിയന്ത്രിക്കണം എന്നു തന്നെയാണ് ആഗ്രഹം.

Tags:
  • Celebrity Interview
  • Movies