Saturday 15 December 2018 02:07 PM IST

നാൻ താൻ എന്നോടെ ഹീറോ! വിജയ് സേതുപതി ‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖം

Roopa Thayabji

Sub Editor

vijay_main

ചെന്നൈ കീഴ്പാക്കത്തെ വിജയ് സേതുപതിയുടെ വീടിനു മുന്നിൽ ഒരു ഉത്സവത്തിനുള്ള ആൾക്കൂട്ടമുണ്ട്. ‘മക്കൾ സെൽവനെ’ ഒരു നോക്കുകാണാൻ തമിഴ്നാടിന്റെ പല ഭാഗത്തു നിന്നു വന്നവരാണ്. തലേദിവസം രാത്രി ഷൂട്ടിങ് സെറ്റിൽ നിന്നു വളരെ വൈകി വന്നതുകൊണ്ട് രാവിലെ ഉണരാൻ താമസിച്ചെങ്കിലും വിജയ് സേതുപതി ആദ്യമെത്തിയത് തന്നെ കാത്തുനിന്ന ആ കൂട്ടത്തെ കാണാനാണ്. ആ മനുഷ്യനൊപ്പം ചിത്രമെടുക്കാനും മധുരം നൽകാനും ആരാധകർ മത്സരിക്കുന്നു. ചിലരുടെ മൊ ബൈൽ ക്യാമറ വാങ്ങി വിജയ് തന്നെ സെൽഫിയെടുത്തു കൊടുക്കുന്നു. എല്ലാവരോടും പുഞ്ചിരിച്ചു കൊണ്ട് കുശലം പറയുന്നു. ഇതിനിടയിൽ ഒരു ചെറിയ കുട്ടി നൽകിയ കാഡ്ബറീസിന്റെ ഒരു കടി അവനും ബാക്കി തന്റെ വായിലേക്കും വച്ചു.  


അവസാനത്തെ ആരാധകനെയും സന്തോഷത്തോടെ യാത്രയാക്കിയ ശേഷം സംസാരിക്കാനിരുന്നപ്പോൾ ചിരിച്ചുകൊണ്ട് വിജയ് സേതുപതി പറഞ്ഞതും അതുതന്നെ, ‘‘ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെ ടുക്കേണ്ടി വന്നു. നാട്ടിലെ ചെറിയ ജോലികളേക്കാൾ നാലി രട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോൾ ഇരുപതാം വയസ്സിൽ ഗൾഫിലേക്ക് പോയി. അച്ഛന്റെ പേരിലുണ്ടായിരുന്ന പ ത്തുലക്ഷം രൂപയുടെ കടം വീട്ടാനും നല്ലൊരു ബിസിനസ് തുടങ്ങാനുമുള്ള പണം സമ്പാദിക്കാൻ ഒരു വഴിയേ മനസ്സിൽ തെളിഞ്ഞുള്ളൂ, സിനിമ. റോളുകള്‍ക്കു വേണ്ടി പലരുടെയും കാലുപിടിച്ചു നടന്ന കുറേ വര്‍ഷങ്ങൾ. വെറുതേയെങ്കിലും  ലൊക്കേഷനിൽ നിർത്താമോ എന്നു പോലും പലരോടും അപേക്ഷിച്ചിട്ടുണ്ട്. എന്റെ രൂപത്തിനു ചേരുന്നതല്ല സിനിമയെന്നു ചിലർ കളിയാക്കി. ഒരിക്കലും ഹീറോ ആകാൻ മോഹിച്ചില്ല. പക്ഷേ, ദൈവം കാത്തുവച്ചത് ഇതാണ്.’’     
തലതൊട്ടപ്പന്മാരൊന്നുമില്ലാതെ എത്തി ഏഴുവർഷം കൊ ണ്ടു തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ പദവിയിലേക്കുയർന്ന ഈ നടൻ സിനിമ സ്വപ്നം കാണുന്നവർക്കെല്ലാം വിസ്മയമാ ണ്. സസ്പെൻസും ട്വിസ്റ്റുമുള്ള ത്രില്ലർ സിനിമ പോലെ ആ ജീവിതത്തെക്കുറിച്ച് വിജയ് സേതുപതി സംസാരിക്കുന്നു.

vijay2
വിക്രം വേദയില്‍


വിക്രം– വേദ കേരളത്തിലും തരംഗമാണ് ?


ഈ സിനിമ റിലീസായ ശേഷം ദിവസവും ഫെയ്സ്ബുക്കിൽ വരുന്ന മെസേജുകൾക്ക് കണക്കില്ല. കേരളത്തിൽ നിന്നു നൂ റുകണക്കിനു മെസേജുകൾ വരും. നാട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതാണ് മിക്കവയും. മലയാളി ഫാൻസിനെ കാ ണാൻ തീർച്ചയായും കേരളത്തിലേക്ക് വരും.
മലയാളികൾ സ്വന്തം സിനിമ പോലെ സ്വീകരിച്ചു വെന്നറിഞ്ഞതിൽ വളരെ സന്തോഷം. വിക്രം– വേദ യുടെ വിജയം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുണ്ട്. എന്നിൽ പ്രതീക്ഷയർപ്പിച്ചു വരുന്നവരോ ടു തിരിച്ചുകാണിക്കേണ്ട ഉത്തരവാദിത്തം. അതിനാകുമെന്നാണ് പ്രതീക്ഷ.
പുറത്തു പോകുമ്പോൾ ആളുകൾ വന്നു സംസാരിക്കുന്നതും സന്തോഷം കൊണ്ടു കെ ട്ടിപ്പിടിക്കുന്നതും കാണുമ്പോൾ മക്കൾക്ക് വലിയ ദേഷ്യമാണ്. ഞങ്ങളുടെ അപ്പയെ വേറെ ആരും കെട്ടിപ്പിടിക്കേണ്ട എന്നാണ് അവർ പറയുക. അത് അവരുടെ മാത്രം അവകാശമല്ലേയെന്നാണ് ചോദ്യം.

മക്കളാണോ അപ്പയുടെ വിമർശകർ ?


എന്റെ ഫാൻസാണ് മക്കൾ രണ്ടുപേരും, അത് അങ്ങനെയല്ലേ വേണ്ടത്. ഇതുവരെ അവർ അഞ്ചുവട്ടം വിക്രം– വേദ കണ്ടുകഴി ഞ്ഞു. ‘അപ്പാ, യു ഡിഡ് ഇറ്റ് വെരി വെൽ, സൂപ്പറായിര്ക്ക്’ എന്നാണ് പറഞ്ഞത്. സൂപ്പറായിരുന്നു എന്നാണ് ഭാര്യയുടെയും അഭിപ്രായം. എന്റെ ഏതു സിനിമ കണ്ടാലും അവളുടെ അഭിപ്രായം അതുതന്നെ. മോൻ സിനിമയിലെ ഓരോ രംഗവും നന്നായി നിരീക്ഷിച്ച് അഭിപ്രായം പറയും. ‘നാനും റൗഡി താ ൻ’ എന്ന സിനിമയിൽ എന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് അ വനാണ്. പിന്നീട് കുറേ സിനിമകളിലേക്ക് ഓഫർ വന്നിരുന്നു. പക്ഷേ, ഞാൻ വലിയ താൽപര്യം കാണിച്ചില്ല. അവർക്ക് ആ ക്ടിങ് ക്രേസ് ഉണ്ടോ എന്നറിയില്ല. ഇപ്പോൾ കുട്ടിക്കാലം ന ന്നായി ആസ്വദിച്ചു വളരട്ടെ.

vijay4

വിജയ്ക്ക് സിനിമാക്രേസ് ഉണ്ടായിരുന്നോ?


മധുരയിലാണ് ആറാം ക്ലാസ് വരെ പഠിച്ചത്. പിന്നെ, ചെന്നൈയിലേക്ക് വന്നു. അപ്പ കാളിമുത്തു സിവിൽ എൻജിനീയറായിരുന്നു, അമ്മ സരസ്വതി സാധാരണ തമിഴ് വീട്ടമ്മ. ഞങ്ങൾ നാ ലു മക്കളുടെ പേരിനും ചില പ്രത്യേകതകളുണ്ട്. അമ്മൂമ്മയുടെ പേര് ഷൺമുഖം എന്നാണ്. അതു ചേർത്ത് ചേട്ടന് ഉമാ ഷൺമുഖപ്രിയൻ എന്ന് അപ്പ പേരിട്ടു. അപ്പൂപ്പന്റെ പേരായ ഗുരുസ്വാമി ചേർത്ത് ഞാൻ വിജയ് ഗുരുനാഥ സേതുപതി ആയി. ഭാരതിയാരുടെ വലിയ ആരാധകനാണ് അപ്പ. അങ്ങനെയാണ് അനിയൻ യുവഭാരതി രാമനാഥൻ ആയത്. കുലദൈവമായ കാളിയുടെ പേരു ചേർത്തപ്പോൾ അനിയത്തിക്ക് കിട്ടിയത് ജയശ്രീ ഹിമവാഹിനി എന്ന പേര്.


കുട്ടിക്കാലത്ത് ഒട്ടും സിനിമാ ക്രേസ് ഇല്ലായിരുന്നു. സിനി മ കാണുന്നതേ ഇഷ്ടമല്ല. വീട്ടിൽ എല്ലാവരും ടിവിയിൽ സി നിമ കാണുമ്പോൾ എനിക്കു ബോറടിക്കും. അതുകൊണ്ട് ആ സമയം ഞാൻ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോകും. ക്ലാസി ലും ശരാശരി വിദ്യാർഥിയായിരുന്നു. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലോ സ്പോർട്സിലോ ഒന്നും താൽപര്യമില്ല. അന്നേ പോക്കറ്റ് മണിക്കു വേണ്ടി ചെറിയ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി. ടെലഫോൺ ബൂത്ത് ഓപ്പറേറ്ററായും സെ യിൽസ്മാനായും സമയം പോകുന്നതു കൊണ്ട് ടിവിയും സിനിമയുമൊന്നും കാണാനുള്ള സമയവുമില്ല. കോളജിൽ പ ഠിക്കുന്ന കാലത്തും ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കൊന്നും പോയിട്ടില്ല. ചെന്നൈ ഡിബി ജെയ്ൻ കോളജിലെ ബികോം പഠനത്തിനു ശേഷം ചെറിയ ജോലികൾ ചെയ്തെങ്കിലും വ രുമാനം കുറവായിരുന്നു. അങ്ങനെയാണ് ഗൾഫിലേക്ക് പോ യത്. അപ്പോഴും സിനിമ മനസ്സിലില്ല.

എപ്പോഴാണ് മനസ്സ് സിനിമയിലേക്ക് ചേർത്തത് ?


സിനിമയെ മനസ്സിൽ കയറ്റും മുമ്പേ ഞാൻ ജെസിയെ മനസ്സിൽ നിറച്ചിരുന്നു. മലയാളിയാണ് ജെസി, കൊല്ലമാണ് അവളുടെ നാട്. പക്ഷേ, വളരെക്കാലം മുമ്പേ അവർ ചെന്നൈയിലാണ്. എന്റെ സുഹൃത്തായ ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. ചന്ദ്രു ദുബായിലേക്ക് വന്നപ്പോൾ ജെസിയെക്കു റിച്ചു പറഞ്ഞു. യാഹൂ ചാറ്റ് വഴി ഞങ്ങൾ പരിചയപ്പെട്ടു. സംസാരിച്ചപ്പോൾ നമുക്ക് പറ്റിയ ആളാണെന്നൊരു തോന്നൽ. അങ്ങനെയാണ് ഇഷ്ടം പറഞ്ഞത്. മൂന്നു വർഷം പ്രണയിച്ചു. ആദ്യം വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നെ, സമ്മ തിച്ചു. വിവാഹനിശ്ചയത്തിന്റെ അന്നാണ് ഞങ്ങൾ നേരിൽ കാണുന്നത്. 23 ാം വയസ്സിലായിരുന്നു വിവാഹം. പിന്നെ, ഗ ൾഫിലേക്ക് പോയില്ല. സഹോദരങ്ങളിൽ ആദ്യം വിവാഹിതനായതും ഞാനാണ്.  


കുടുംബവും പ്രാരാബ്ധവുമായിരിക്കുമ്പോൾ സിനിമയിലേക്ക് വരാൻ ധൈര്യമുണ്ടായി ?


24 വയസ്സായപ്പോഴാണ് സിനിമയിൽ അഭിനയിക്കണമെന്ന് മോഹം വരുന്നത്. അന്ന് ജെസി ഗർഭിണിയാണ്. അപ്പയുടെ ബിസിനസ് നഷ്ടത്തിലായി എല്ലാം അവസാനിപ്പിക്കുമ്പോ ൾ പത്തുലക്ഷം രൂപ കടമുണ്ട്. കടം വീട്ടാനും നല്ലൊരു ബിസിനസ് തുടങ്ങാനും പണം വേണം. നേരായ വഴിയിൽ പെട്ടെന്നു പണം സമ്പാദിക്കാൻ വേണ്ടിയാണ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. ജെസി മമ്മൂട്ടിയുടെയും മോഹ ൻലാലിന്റെയും രജനീകാന്തിന്റെയും ഫാനാണ്. നടനാകാൻ ഇറങ്ങുകയാണെന്നു പറഞ്ഞപ്പോൾ അവൾ എതിർത്തില്ല. ആഗ്രഹിക്കുന്ന കാര്യം സാധിച്ചെടുക്കാൻ കൂടെ നിൽക്കുന്ന കൂട്ടുകാരിയെ കിട്ടിയതാണ് ഭാഗ്യം. പ്രായത്തെ കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് ചേട്ടന്റെയോ കൂട്ടുകാരന്റെയോ റോളുകളാണ് പ്രതീക്ഷിച്ചത്. ഹീറോ ആകുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.


ആ കാലത്ത് ഹോളിവുഡ് സിനിമകളൊന്നും കാണില്ലായിരുന്നു, ആ ഭാഷ എനിക്ക് മനസ്സിലാകില്ല. പഴയ തമിഴ്, മ ലയാളം സിനിമകളാണ് പതിവായി കാണുന്നത്. വടപളനിയി ലെ വിഡിയോ ഷോപ്പിൽ നിന്ന് പതിവായി മലയാളം സിനിമ കളെടുക്കുന്ന ആളായിരുന്നു ഞാൻ. ‘വീണ്ടും ചില വീട്ടുകാര്യ ങ്ങൾ’, ‘ഭാഗ്യദേവത’, ‘തന്മാത്ര’, ‘രാജമാണിക്യം’, ‘കറുത്ത പ ക്ഷികൾ’, ‘ഭ്രമരം’. അന്നു കണ്ട സിനിമകളുടെ പേരുകളെല്ലാം ഇപ്പോഴും ഓർമയുണ്ട്.


ആരാണ് ഡ്രീം ഹീറോ ?


നടനാകണമെന്നു മോഹം തുടങ്ങിയ കാലം മുതലേ എന്റെ മനസ്സിലെ നായകൻ ഞാനാണ്, നാൻ താൻ എന്നോടെ ഹീറോ. ഓരോ നടന്മാരുടെ അഭിനയം കാണുമ്പോഴും ആ ഷോട്ട് എടുക്കുന്ന സമയത്ത് അവർ എന്താകും മനസ്സിൽ ആലോചിച്ചിട്ടുണ്ടാകുക എന്ന് ഇമാജിൻ ചെയ്യും. സിനിമയിലേക്കെത്താൻ പല വഴികളും നോക്കി. ഡബ്ബിങ് ആണ് ആദ്യത്തേത്. പഴയ മലയാളം സിനിമകൾ തമിഴിലേക്ക് ഡബ് ചെയ്ത് ലോക്കൽ കേബിൾ ചാനലുകളിൽ കാണിക്കാറുണ്ട്. ആദ്യം ആൾക്കൂട്ടത്തിലെ ചിലരുടെ ശബ്ദമാണ് ചെയ്തത്. പിന്നെ, പ്രമോഷൻ കിട്ടി. ലാലേട്ടൻ അഭിനയിച്ച ‘വരവേൽപ്പ്’ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അതിന്റെ തമിഴ് പതിപ്പിൽ ലാലേട്ടനു ഡബ് ചെയ്തത് ഞാനാണ്.

vijay5
1. സേതുപതിയിൽ, 2. ഓറഞ്ച് മിഠായിയിൽ

നടനാകാൻ പിന്നെയും കാത്തിരുന്നു ?


‘കുത്തുപ്പട്ടറെ’ എന്ന തിയറ്റർ ഗ്രൂപ്പിനൊപ്പം അക്കൗണ്ടന്റായി ചേർന്നതാണ് ജീവിതത്തിലെ വഴിത്തിരിവ്. ജീവിക്കാനുള്ള വ കയും അഭിനയത്തോടുള്ള മോഹവുമായിരുന്നു ആ ജോലി. നടന്മാരെ ലഭിക്കാത്ത അവസരങ്ങളില്‍ ചെറിയ റോളുകളിൽ മുഖം കാണിച്ചു. ആയിടയ്ക്കാണ് എന്റെയൊരു പെർഫോമൻസ് സംവിധായകൻ ബാലു മഹേന്ദ്ര കണ്ടത്. ഫൊട്ടോജനിക് ആയ മുഖമാണ് എന്റേത് എന്ന അഭിനന്ദനം സിനിമയില്‍ നിൽക്കാൻ ധൈര്യം തന്നു. ചില സിനിമകളിലും മുഖം കാണിച്ചു. പക്ഷേ, അപ്പോഴേക്കും ബന്ധുക്കളും പരിചയക്കാരുമെല്ലാം കു റ്റപ്പെടുത്താൻ തുടങ്ങി. കുടുംബം നോക്കാതെ സിനിമയ്ക്കു പിന്നാലെ പോകുന്നു എന്നാണ് ആരോപണം. പക്ഷേ, ജെസി പിന്തുണ തന്നു കൂടെ നിന്നു.
ആ കാലത്ത് ഒരു സീരിയൽ ചെയ്തു. യുവസംവിധായക രെ തേടിയുള്ള ചാനൽ റിയാലിറ്റി ഷോയിൽ വച്ചാണ് കാർ ത്തിക് സുബ്ബരാജിനെയും അൽഫോൺസ് പുത്രനെയും പരിച യപ്പെടുന്നത്. അൽഫോൺസിന്റെ എയ്ഞ്ചൽ, നേരം എന്നീ ഷോർട് ഫിലിമുകളിൽ അഭിനയിച്ചു. നേരം പിന്നീട് സിനിമയായി. ഷോർട് ഫിലിമിൽ ഞാൻ ചെയ്ത വില്ലൻ റോളാണ് സിനിമയിൽ ബോബി സിംഹ ചെയ്തത്. 2010ലാണ് സീനു രാ മസ്വാമിയുടെ ‘തെൻമേര്‍ക്ക് പരുവക്കാറ്റ്’ എന്ന ചിത്രത്തിൽ നായകനാകുന്നത്. ആ ചിത്രം ദേശീയ അവാര്‍ഡ് നേടിയപ്പോ ൾ എന്റെയും രാശി തെളിഞ്ഞു. ‘സുന്ദരപാണ്ഡ്യനി’ലെ നെഗറ്റീ വ് വേഷവും ക്ലിക്കായി.


പിസ്സയ്ക്കു ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നില്ല ?


റിയാലിറ്റി ഷോയുടെ കാലത്തെ പരിചയമാണ് കാർത്തിക് സുബ്ബരാജിന്റെ ആദ്യ സിനിമയായ ‘പിസ്സ’യിൽ എന്നെ നായകനാക്കിയത്. വമ്പന്‍ ഹിറ്റായി അത്. പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നില്ല എന്നുതന്നെ പറയാം. സാമ്പത്തികമായും മെച്ചപ്പെട്ടു. ആദ്യത്തെ സിനിമയിൽ അമ്പതിനായിരം രൂപയായിരുന്നു പ്രതിഫലം. മൂന്നു വർഷമെടുത്തു അച്ഛന്റെ കടം തീർക്കാൻ. കീഴ്പാക്കത്തെ ഈ വീട് വാങ്ങിയിട്ട്  ഒരു വർഷമേ ആയുള്ളൂ. വിക്രം– വേദയ്ക്കു ശേഷമാണ് ആഡംബര കാർ വാങ്ങിയത്. ഇപ്പോഴും സിനിമയിൽ നിന്നു കിട്ടിയ ചെക്കുകൾ പലതും ബാങ്കിൽ നിന്നു മടങ്ങിവരുന്നുണ്ട്. അച്ഛന്റെ കടത്തേക്കാൾ വലിയ തുക അങ്ങനെ കിട്ടാനുമുണ്ട്. എങ്കിലും ഇ വിടെ നിൽക്കുമ്പോൾ മനസ്സിൽ സന്തോഷമേയുള്ളൂ.


അഭിനയിച്ചു ഫലിപ്പിക്കുന്നത് എങ്ങനെയാണ് ?


ആദ്യകാലത്ത് ഡയലോഗ് കാണാപ്പാഠം പഠിച്ച് പറയുകയായിരുന്നു. പിന്നെയാണ് നന്നായി ചെയ്യണമെന്ന് തോന്നിയത്. മറ്റൊരു ഘട്ടത്തില്‍ ആളുകളുടെ കൈയടി കിട്ടണമെന്നു തോന്നി. അഭിനയിക്കുന്നത് യാഥാര്‍ഥ്യമായിരിക്കണം എ ന്നാണ് ഇപ്പോൾ തോന്നുന്നത്. ആദ്യം അത്  എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തണം.
സീനിനു വേണ്ടി ഒരു തയാറെടുപ്പും നേരത്തേ ചെയ്യാറില്ല. ആക്‌ഷൻ പറയുമ്പോൾ തോന്നുന്നതു പോലെ അഭിനയിക്കും. എന്റെ അഭിനയത്തില്‍ തെറ്റുണ്ടെന്നു തോന്നിയാല്‍ ഞാന്‍ തന്നെ പറഞ്ഞ് റീടേക്ക് എടുക്കും. ഓരോ ഷോട്ട് എടുക്കും മുമ്പും  മനസ്സിൽ ചെറിയ ഭയം തോന്നും. ആ ഭയം തന്നെയാണ് നന്നായി ചെയ്യാൻ കരുത്ത് നൽകുന്നത്.
എനിക്ക് പ്ലാനിങ് ഇഷ്ടമല്ല. അതുകൊണ്ടു തന്നെ വലിയ ബജറ്റ് ചിത്രങ്ങള്‍ ചെയ്യാൻ പേടിയാണ്. ഒറ്റയ്ക്കു പഠിച്ച പാ ഠങ്ങളാണ് ഇവിടെ വരെ എത്തിച്ചത്. സെറ്റിൽ എല്ലാവരും ഹാ പ്പി ആയിരിക്കണമെന്നാണ് ആഗ്രഹം. സെറ്റിലെ പൊസിറ്റീ വ് എനർജിയാണ് നമ്മുടെ അഭിനയത്തിലും പ്രതിഫലിക്കു ന്നത്. ആത്മാർഥമായ പരിശ്രമമുണ്ടെങ്കിൽ ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തുക തന്നെ ചെയ്യും. എന്റെ ജീവിതമാണ് അതിനു തെളിവ്.

vijay3
മലയാളത്തിലെ നായികമാര്‍ക്കൊപ്പം തമിഴ് സിനിമകളില്‍

മലയാളത്തിലേക്ക് എപ്പോഴാണ് ?

സിനിമ മോഹിച്ച കാലത്ത് മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം വല്ലാതെ സ്പർശിച്ചിട്ടുണ്ട്, തിലകൻ സാറിന്റെയും മുരളി സാറിന്റെയും. മലയാളികളായ നയൻതാരയും രമ്യാ നമ്പീശനും  മ ഡോണയും ലക്ഷ്മി മേനോനുമൊക്കെ തമിഴിൽ എ ന്റെ നായികമാരായിട്ടുണ്ട്. മലയാളത്തിൽ അഭിനയിക്കണമെന്നു മോഹമുണ്ട്. വരട്ടെ, കാണാം.


വീട്ടുവിശേഷങ്ങൾ ?

മൂത്ത മകൻ സൂര്യ എട്ടാം ക്ലാസിലാണ്, ഇളയവൾ ശ്രീജ അഞ്ചാം ക്ലാസിൽ. സ്കൂൾ കാലത്ത് എന്റെ സുഹൃത്തായിരുന്ന, പിന്നീട് എന്നെ വിട്ടുപോയ സൂര്യയുടെ പേരാണ് മോന് ഇട്ടത്. ‘സേതുപതി’യിലെ പോലെ ഇടയ്ക്ക് ഞാൻ ജെസിയെ നോക്കി മീശ പിരിക്കും. അവളെ നോക്കിയാണ് പാട്ടുകളൊക്കെ പാടാറുള്ളത്. അങ്ങനെ ഒരു സിനിമയിലും പാടി. അടുക്കളയിൽ എല്ലാ സഹായവും ചെയ്യും, ഭക്ഷണം ക ഴിക്കുന്ന കാര്യത്തിൽ.

ജെസി നല്ല കുക്കാണ്, വെജും നോൺവെജും നന്നായി ഉണ്ടാക്കും. ജെസിയുടെ അമ്മയുണ്ടാക്കുന്ന മീൻകറി സൂപ്പറാണ്. വത്തക്കുഴമ്പും ബീഫ് ഫ്രൈയും എത്ര കിട്ടിയാലും ഞാൻ വിടില്ല. ഡയറ്റൊന്നുമില്ല. വളരെ പ്രിയപ്പെട്ട ഒരു കേരളാ ഐറ്റമുണ്ട്, കഞ്ഞിയും തേങ്ങാ ചമ്മന്തിയും  മത്തി ഫ്രൈയും. ആഴ്ചയിലൊരിക്കൽ ജെസി എനിക്കുവേണ്ടി അതുണ്ടാക്കും.