Friday 14 December 2018 10:32 AM IST

‘ബജറ്റ് കൂടിക്കോട്ടെ, വിജയം പിന്നാലെ വരും’; ടോമിച്ചൻ ആത്മവിശ്വാസത്തിലാണ്

Sujith P Nair

Sub Editor

tomichan-i2
ഫോട്ടോ: ടോമി മുളകുപാടം, ബിനു സൂപ്പർവിഷൻ

കൊച്ചി കച്ചേരിപ്പടിയിലെ മുളകുപാടം ഫിലിംസിന്റെ ഓഫിസിലേക്ക് സ്വാഗതം ചെയ്യുന്നത് പോർച്ചിൽ വിശ്രമിക്കുന്ന പുതുപുത്തൻ പോർഷെ. കാറിന്റെ നമ്പറിൽ തന്നെയുണ്ട് കൗതുകം. 3333. മലയാള സിനിമയിലെ ആദ്യ നൂറ്റമ്പതുകോടി ചിത്രമായ ‘പുലിമുരുകനും’ അമ്പതുകോടി കടന്നു കുതിക്കുന്ന ‘രാമലീല’യും കോടികൾ വാരിയ ‘പോക്കിരിരാജ’യും നിർമിച്ച ടോമിച്ചൻ മുളകുപാടം എന്ന സൂപ്പർ നിർമാതാവിന്റെ ഓഫിസിലെ ആഡംബരം ഇവിടെ തീരുന്നു.

സാധാരണ നിർമാതാക്കളുടെ ഓഫിസ് ഭിത്തി നിറഞ്ഞുനിൽക്കുന്ന ദൈവങ്ങളുടെ ചിത്രം ഒന്നുപോലുമില്ല. അദ്ഭുതപ്പെട്ടു നിൽക്കുമ്പോൾ ടോമിച്ചൻ അതിന്റെ കാരണം വിശദീകരിച്ചു. ‘‘ദൈവങ്ങളേക്കാൾ എനിക്കു വിശ്വാസം ജനങ്ങളെയാണ്. അവരെയാണ് ആരാധിക്കുന്നത്. കോടികൾ മുടക്കുന്ന ബിസിനസ് ആയതുകൊണ്ടാകാം, ഈ മേഖലയിൽ മിക്കവർക്കും വിശ്വാസം അൽപം കൂടുതലാണ്. സിനിമ നല്ലതാണെങ്കിൽ ജനങ്ങൾ കാണും. അ ല്ലെങ്കിൽ ഏതു ദൈവം വിചാരിച്ചാലും രക്ഷയില്ല. ഈ ശ്വരവിശ്വാസം ഇല്ലെന്നല്ല, അമിതമായിട്ടില്ലെന്നു മാത്രം. ചങ്ങനാശേരിയിലെ ഇടവക പള്ളിയിലാണ് ആകെ പോകുന്നത്. ഭാര്യ റോസക്കുട്ടിക്ക് വിശ്വാസം അൽപം കൂടുതലുണ്ട്. അവരുടെ പ്രാർഥനയാകാം എന്റെ ശക്തി.’’ വിജയത്തിന്റെ സൂപ്പർ ഹിറ്റ് രഹസ്യങ്ങൾ ‘വനിത’യോടു പങ്കുവയ്ക്കുന്നു, ടോമിച്ചൻ മുളകുപാടം.

വിവാദങ്ങൾ താണ്ടി ‘രാമലീല’ 50 കോടി ക്ലബിൽ?

അനിശ്ചിതത്വമുള്ള വ്യവസായമാണ് സിനിമാനിർമാണം. വിജയിക്കുമോ ഇല്ലയോ എന്നൊന്നും പറയാന്‍ ക ഴിയില്ല. പക്ഷേ, വിവാദങ്ങൾ ‘രാമലീല’യെ ബാധിക്കില്ലെന്ന് ഉറപ്പായിരുന്നു. കഥയിലുള്ള വിശ്വാസം തന്നെയായിരുന്നു കാരണം. സിനിമയുടെ റിലീസ് വൈകിപ്പിച്ചത് ബോധപൂർവമാണ്. വിവാദം  ഒന്നടങ്ങാൻ വേണ്ടി  കാത്തിരിക്കുകയായിരുന്നു. ദിലീപിന്റെ ഇടപെടൽ ഉണ്ടായെന്നു പറയുന്നത് വെറുതേയാണ്. അദ്ദേഹത്തിന്റെ കരിയറിൽ പ്രാധാന്യമുള്ള ചിത്രമായിരുന്നു ഇത്. ഒരുപക്ഷേ, അഭിനയിക്കുമ്പോൾ ദിലീപ് ഏറ്റവും കുറച്ചു ടെൻഷൻ അടിച്ചതും ഇതിനു വേണ്ടിയാകും. എല്ലാം കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. സിനിമയിൽ കൂടുതലും ക്രൗഡ് സീനാണ്. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ വേണ്ടി വന്നു. സിനിമയുടെ ഹൈലൈറ്റായ ഫുട്ബോൾ മാച്ച് നാലുദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ഒരു സീനിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. മാർക്കറ്റിങ് ഞാൻ തന്നെയാണ് ചെയ്യുന്നത്. ദിലീപിന്റെ ജീവിതത്തിൽ സംഭവിച്ചതിന് സമാനമായ സീൻ സിനിമയിലും  വന്നത് യാദൃച്ഛികം. അതു ഞങ്ങൾ ഉപയോഗിച്ചതിൽ എന്താണ് തെറ്റ്?

ദിലീപ് വിഷയത്തിൽ ടെൻഷനുണ്ടായില്ലെന്നാണോ?

സിനിമാനിർമാണവുമായി ബന്ധപ്പെട്ട് ഒരു വിഷയത്തിലും ടെൻഷനടിക്കാറില്ല. സിനിമയുമായി സഹകരിച്ച് എന്റെ കൈയി ൽ നിന്നു പ്രതിഫലവും വാങ്ങിപ്പോയ ചിലർ സിനിമ ബഹിഷ്കരിക്കണം എന്നുപറഞ്ഞു രംഗത്തുവന്നതു മാത്രമാണ് എ ന്നെ അസ്വസ്ഥനാക്കിയത്. ആരെങ്കിലും ‘അവൾക്കൊപ്പവും അവനൊപ്പവും’ നിന്നാൽ സിനിമ തിയറ്ററിൽ ഓടില്ല എന്നതു തെറ്റായ വിശ്വാസമാണ്. നല്ല കഥയാണെങ്കിൽ സിനിമ വിജയിക്കും എന്നതാണ് എന്റെ അനുഭവം. ദിലീപിനും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ജയിൽ നിന്ന് ഇറങ്ങി അടുത്ത ദിവസം തന്നെ കാവ്യയുമൊത്ത് അദ്ദേഹം സിനിമ കണ്ടു.

‘പുലിമുരുകന്’ മുമ്പ് ഞാൻ നിർമിക്കുകയും വിതരണത്തിനെടുക്കുകയും ചെയ്ത നാലു സിനിമകൾ പരാജയപ്പെട്ടിരുന്നു. പത്തുകോടി രൂപയാണ് അങ്ങനെ നഷ്ടപ്പെട്ടത്. നിർമാതാവിന്റെ കുപ്പായമണിഞ്ഞത് പത്തുവർഷം മുമ്പാണ്. 45 ലക്ഷം രൂപ മുടക്കിയാൽ മതിയെന്നു പറഞ്ഞിട്ടാണ് മോഹൻലാൽ നായകനായ ‘ഫ്ലാഷി’ന്റെ നിർമാതാവായത്. ഒന്നേമുക്കാൽ കോടി രൂപയാണ് ആ ചിത്രത്തിൽ നഷ്ടമായത്. പലരും വേണ്ടെന്നു വച്ച് ഉപേക്ഷിച്ച ചിത്രമാണ് എന്റെ തലയിൽ കെട്ടിവച്ചത് എന്നറിയുന്നത് വളരെ വൈകിയാണ്. പക്ഷേ, മോഹൻലാൽ അന്നും കൂടെ നിന്നു. ഇതിനു പകരം മറ്റൊരു ചിത്രം ചെയ്യാമെന്ന് അദ്ദേഹം വാക്കു തന്നിരുന്നു.

പക്ഷേ, പിന്നെയും സിനിമയെടുക്കാൻ ധൈര്യം വന്നു?

സിനിമ ബിസിനസ് മാത്രമല്ലല്ലോ, കലയുമല്ലേ. അതുകൊണ്ട് ഞാൻ പിന്നെയും ചിത്രങ്ങൾ എടുത്തു. പക്ഷേ, വിശാൽ നായകനായ തമിഴ് ചിത്രവും മറ്റൊരു മലയാളം സിനിമയും വിതരണത്തിനെടുത്തത് പിന്നെയും വലിയ നഷ്ടമായി. പല പ്രവാസികളെയും സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സും വലിയ ലാഭവുമെന്നൊക്കെ പറഞ്ഞ് കുപ്പിയിലിറക്കുന്നത് പതിവാണ്. നാട്ടിൽ നിന്ന് ഗൾഫിലെത്തി ഇങ്ങനെ വലയിലാക്കുന്ന ലോബികൾ പോലുമുണ്ട്.

ഈ ബിസിനസിനെ പറ്റി നന്നായി പഠിച്ചില്ലെങ്കിൽ നഷ്ടം മാത്രമേയുണ്ടാകൂ. പണം പലിശയ്ക്കെടുത്തു ചിത്രം നിർമിക്കുന്നയാളായിരുന്നെങ്കിൽ അന്നുതന്നെ ജീവനൊടുക്കുമായിരുന്നു. ഗൾഫിലെ ബിസിനസിൽ നിന്നു ലഭിക്കുന്ന പണമാണ് അന്നു ഞാൻ സിനിമയിൽ നിക്ഷേപിച്ചിരുന്നത്. അതുകൊണ്ട് കാര്യമായ പ്രതിസന്ധി അറിഞ്ഞില്ല. അന്നും ബിസിനസിൽ കുടുംബത്തെ ഇടപെടീക്കുന്ന പതിവില്ല. അതുകൊണ്ട് നഷ്ടക്കണക്കൊന്നും അവർ അറിഞ്ഞില്ല.

‘പുലിമുരുക’ന്റെ ബജറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയായി?

‘പുലിമുരുക’ന്റെ ചിത്രീകരണ സമയത്താണ് ആദ്യമായി പ്രശ്നങ്ങൾ നേരിട്ടത്. പൊതുവേ മാസ് സിനിമകൾ കാണാനും ആസ്വദിക്കാനും താൽപര്യമുള്ളയാളാണ് ഞാൻ. മമ്മൂട്ടിയെ വച്ച് ‘പോക്കിരിരാജ’ ചെയ്തപ്പോൾ മോഹൻലാലിനെ വച്ചും അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് മനസിലുണ്ടായിരുന്നു. 2010ൽ മോഹൻലാലിന്റെ ഡേറ്റ് വാങ്ങിയതാണ്. നല്ല കഥയ്ക്കായി കാത്തിരുന്നാണ് ഇത്രയും വൈകിയത്. 12 കോടി ബജറ്റിലാണ് ‘പുലിമുരുകൻ’ തുടങ്ങിയത്. സിനിമ തീർന്നപ്പോൾ ഏകദേശം 35 കോടി ചെലവായി. കേരളത്തിലും വിദേശത്തുമായി 180 ദിവസത്തോളം ചിത്രീകരണം നീണ്ടു.

ഒടുവിലായപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടി. ഞാൻ തകർച്ചയിലാണെന്ന് ആരോ പ്രചരിപ്പിച്ചു. അതോടെ ഫണ്ട് ചെയ്യാൻ പലരും മടിച്ചു. ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായതോടെ ബിസിനസിലും പ്രശ്നങ്ങളുണ്ടായി. അന്നാദ്യമായാണ് വീട്ടിൽ സാമ്പത്തിക ഞെരുക്കം അറിയുന്നത്. റോസക്കുട്ടിയുടെ പ്രാർഥനയായിരുന്നു അന്നു ഞങ്ങളുടെ താങ്ങും തണലും. ബിസിനസുകളും പണം മുടക്കുന്നതും ശ്രദ്ധിച്ചു വേണമെന്ന് അന്നാദ്യമായി അവൾ എന്നോടു പറഞ്ഞു.

tomichan-i1

പിന്നെ, നാട്ടിലുള്ള ഒരു സുഹൃത്ത് സഹായവുമായി വന്നു. അദ്ദേഹം വഴി മറ്റു രണ്ടുപേരും സാമ്പത്തികമായി സഹായിച്ചു. നിർമാതാവായ ആന്റണി പെരുമ്പാവൂരാണ് സഹായിച്ച മറ്റൊരാൾ. സിനിമ റിലീസ് ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടാണ് അദ്ദേഹം ഓഫിസിൽ നിന്നു പോയത്. എല്ലാം കഴിഞ്ഞാണ് മോഹൻലാൽ പ്രതിഫലം വാങ്ങിയത്. 15 കോടിയെങ്കിലും നഷ്ടമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷേ, സംഭവിച്ചത് എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു.

മാർക്കറ്റിങ്ങിലും സ്വന്തം തന്ത്രങ്ങളാണോ ?

നിർമാതാവ് തന്നെ ചെയ്യേണ്ട ഒന്നാണ് മാർക്കറ്റിങ്. ഒരു പടം കാശ് മുടക്കി ചെയ്താല്‍ അത് ജനങ്ങളിലേക്കെത്താന്‍ എ ന്തൊക്കെ ചെയ്യാമോ അതെല്ലാം നമ്മൾ ചെയ്യണം. പ്രമോഷന്‍സ് ഒഴിച്ചുകൂടാനാവില്ല. ‘പുലിമുരുകനു’വേണ്ടി സ്വീകരിച്ചത് പുതുമയുള്ള മാർക്കറ്റിങ് തന്ത്രമാണ്. പ്രമോഷന് വേണ്ടി മാത്രം ഒന്നര കോടി രൂപ ചെലവാക്കി. മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വലിയൊരു സിനിമാ പത്രപരസ്യം വരുന്നത്. ഒരു പേജ് മുഴുവൻ പുലിമുരുകൻ.

ആ ഒറ്റപേജ് പരസ്യത്തിൽ ഞെട്ടിയത് കേരളം മുഴുവനാണ്. അതുതന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശവും. സംഗതി എന്താണെന്ന് അറിയാനുള്ള കൗതുകം ജനിപ്പിക്കുക. ‘ബാഹുബലി’യുടെ മാർക്കറ്റിങ്ങായിരുന്നു എനിക്കു മുന്നിലുള്ള വലിയ ഉദാഹരണം. ആളുകൾ കണ്ടില്ലെങ്കില്‍ പിന്നെ, കോടികൾ  മുടക്കി സിനിമ ഉണ്ടാക്കിയതിന് എന്തു പ്രയോജനം. വലിയൊരു സിനിമ ചെയ്ത് നാലാളറിയാതെ തിയറ്ററുകളിലെത്തുമ്പോൾ ആ സിനിമയുടെ വലിപ്പം തന്നെ കുറയും.

സിനിമയുമായി ആരെങ്കിലും സമീപിച്ചാല്‍ അതിനു പിന്നിലുള്ളവരെ നോക്കിയാണ് ഞാൻ നിർമിക്കാൻ തീരുമാനിക്കുന്നത്. കഥയൊക്കെ അതിനുശേഷമേ കേൾക്കൂ. പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണത്തിനു താൽപര്യമില്ല. ‘രാമലീല’യുടെ സംവിധായകൻ പുതുമുഖമായിരുന്നു. എങ്കിലും സച്ചിയെന്ന എഴുത്തുകാരൻ കഴിവു തെളിയിച്ചയാളാണ്.  

‘പുലിമുരുകൻ’ 150 കോടി, ‘രാമലീല’ 50 കോടി. പണമെല്ലാം എന്തു ചെയ്യും?

ഒരു ചിത്രം 100 കോടിയുടെ ഗ്രോസ് കളക്‌ഷന്‍ നേടുമ്പോള്‍ അതില്‍ 20 ശതമാനം വിനോദനികുതിയില്‍ പോകും. ബാക്കി 80 കോടിയില്‍ പകുതി തിയറ്റര്‍ വിഹിതമാണ്. പിന്നെയുള്ളത് 40 കോടിയാണ്. നിർമാണം, വിതരണം, മാർക്കറ്റിങ് ചെല വുകൾ കഴിച്ച് ബാക്കിയുള്ളതേ നിർമാതാവിന് ലഭിക്കൂ. നിർമാണത്തിനായി പലിശയ്ക്കെടുത്ത പണം കൊടുക്കുമ്പോള്‍ ലാഭം പിന്നെയും കുറയും. ആദായനികുതി അടച്ചുകഴിയുമ്പോൾ പിന്നെ വലിയ മെച്ചമൊന്നുമില്ലെന്നേ. സിനിമ ഓടിയാ ൽ യഥാർഥ ഗുണഭോക്താക്കൾ തിയറ്റർ ഉടമകളാണ്.

അജിത്തിന്റെ ‘വിവേകം’ കേരളത്തിൽ വിതരണത്തിനെടുത്തത് കോടികൾ മുടക്കിയാണ്. വലിയ നഷ്ടമാണ് അതു വരുത്തിയത്. എട്ടര കോടി രൂപയ്ക്ക് ഫസ്റ്റ് പ്രിന്റ് തയാറായ ‘പോക്കിരിരാജ’യാണ് എന്റെ ആദ്യത്തെ സൂപ്പർഹിറ്റ്. ആ സിനിമ കോടികൾ കളക്ട് ചെയ്തിട്ടും എനിക്കു കിട്ടിയത് 15 ലക്ഷം രൂപയാണ്. കോടികൾ കിട്ടിയാൽ മാത്രമേ ജനങ്ങൾ അറിയൂ, നഷ്ടപ്പെടുന്നത് ആരുമറിയില്ല. ആർഭാടങ്ങളിലൊന്നും താൽപര്യമുള്ള ആളല്ല ഞാൻ. വിവാഹത്തിന്റെ 25ാം വാർഷികം ആഘോഷിച്ചതു പോലും മക്കൾ നിർബന്ധിച്ചിട്ടാണ്. ആകെയുള്ള താൽപര്യം വാഹനങ്ങളോടാണ്.

വണ്ടികളോട് വലിയ ക്രേസ് ആണ് ?

ആദ്യം വാങ്ങിയത് ഒരു അംബാസഡർ കാറായിരുന്നു, ചങ്ങനാശ്ശേരിയിൽ വച്ച്. കെആർകെ 33 എന്നായിരുന്നു അതിന്റെ നമ്പർ. പിന്നീടു വാങ്ങിയ വണ്ടികൾക്കെല്ലാം  മൂന്നു കൂട്ടിയാ  ണ് നമ്പറെടുക്കുക. ഇപ്പോൾ 33, 333, 3333 നമ്പരുകളാണ് എന്റെ വണ്ടികളുടേത്. ബിഎംഡബ്ല്യുവും പോർഷെയും മിനി കൂപ്പറും അടക്കം 12 വണ്ടികളാണുള്ളത്. മോഹം തോന്നുന്ന വണ്ടി വാങ്ങുന്നതാണ് രീതി. ഒരിക്കൽ വാങ്ങിയ വണ്ടികളൊന്നും വിൽക്കാറില്ല. ഡ്രൈവിങ്ങും യാത്രയും ഏറെ ഇഷ്ടമാണ്. യാത്രകൾ കൂടുതലും കുടുംബത്തോടൊപ്പമാണ്. പെട്ടെന്നു തീരുമാനിച്ചുള്ള യാത്രകളാണ് അധികവും.

ചെറുപ്പത്തിൽ ചങ്ങനാശേരിയിൽ നിന്ന് ഗൾഫിലേക്ക് പറക്കുമ്പോൾ സിനിമ സ്വപ്നം കണ്ടിരുന്നോ?

ഒരു ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. അപ്പനും അ മ്മയും ആറുമക്കളും. ചേട്ടൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഞാൻ ബികോം പാസായി അബുദാബിയിലേക്ക് പറന്നു, അ വിടെയൊരു കമ്പനിയിൽ ജോലിക്കു കയറി. റോസക്കുട്ടി ഗൾഫിൽ നഴ്സായിരുന്നു. വിവാഹശേഷം അവൾ ജോലി ഉപേക്ഷിച്ചു. കുറച്ചു കാലത്തിനു ശേഷം ഞാനും ജോലി രാജിവച്ച് ബിസിനസിലേക്കിറങ്ങാൻ തീരുമാനിച്ചു. ആ തീരുമാനമായിരുന്നു വഴിത്തിരിവ്.

ഒരു വർഷത്തോളം ഒരു ജോലിയുമില്ലാതെ അബുദാബിയിൽ നിൽക്കേണ്ടിവന്നു, എന്നിട്ടും തളർന്നില്ല. ഹോട്ടൽ ബിസിനസിൽ തുടങ്ങി സൂപ്പർമാർക്കറ്റ് ബിസിനസുകളിലേക്ക് വളർന്നു. മേക്കപ്പ്മാൻ എം.ഒ. ദേവസ്യയുടെ മകൻ ജോർജ് നാട്ടിൽ എന്റെയൊപ്പം പഠിച്ചിരുന്നതാണ്. ജോർജാണ് സിനിമാനിർമാണത്തിലേക്ക് എന്നെ കൊണ്ടുവന്നത്. ആദ്യം കൈ  പൊള്ളിയെങ്കിലും അവിടെയും വിജയിക്കാനായി.

മക്കൾക്കും സിനിമയിൽ താൽപര്യമുണ്ട് ?

‘പുലിമുരുകനി’ൽ മക്കളായ റോമിനും റോഷനും അഭിനയിച്ചിരുന്നു. ലാലിന്റെ ചെറുപ്പകാലം റോമിൻ നല്ല രീതിയിൽ അഭിനയിച്ചു. അവന്റെ എൻജിനിയറിങ് പരീക്ഷ കഴിഞ്ഞ സമയത്താണ് പുലിമുരുകന്റെ ഷൂട്ടിങ് തുടങ്ങിയത്. ലാലിന്റെ ചെറുപ്പകാലം അഭിനയിക്കാൻ പറ്റിയ ആളെ തേടുന്നതിനിടയിലാണ് അവനെ തന്നെ നോക്കിയാലോയെന്ന അഭിപ്രായം വന്നത്. ഷൂട്ടിങ്ങിനു മുമ്പ് ട്രെയിനിങ്ങിനൊക്കെ വിട്ടു. സിനിമയിൽ തുടരാൻ അവനു വേണ്ട സഹായം ഞാൻ ചെയ്യും. റോമിനിപ്പോൾ സ്വന്തം ബിസിനസ് തുടങ്ങിയിട്ടുണ്ട്. ഇളയവൻ റോഷൻ ബെംഗളുരുവിൽ ബിബിഎയ്ക്ക് പഠിക്കുകയാണ്. മകൾ ജിഷ. ബെംഗളൂരുവിൽ തന്നെ എംബിഎ വിദ്യാർഥിനി.

‘ബാഹുബലി’ പോലൊരു ചിത്രം മലയാളത്തിൽ ?

വാരിക്കോരി സിനിമ ചെയ്യുന്നതല്ല മുളകുപാടം ഫിലിംസിന്റെ രീതി. വരട്ടെ അടുത്ത മാസ് പടം, അതിനായി കാത്തിരിക്കാം. ‘ബാഹുബലി’ പോലെ വൈവിധ്യമുള്ള കഥയുമായി ആരെങ്കിലും സമീപിച്ചാല്‍ ചെയ്യുന്നതില്‍ പ്രശ്നമില്ല. റിസ്ക് എടുക്കാ ൻ എന്നും ഞാൻ റെഡിയാണ്. എന്നാല്‍ 1000 കോടി രൂപയൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആലോചിക്കാനാകില്ല,  200 കോടി വരെ മുടക്കാം. അത്രയും തുക മുടക്കിയാല്‍ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ളവരുമായിട്ടേ സഹകരിക്കൂ.

‘ബജറ്റ് കൂടിക്കോട്ടെ, വിജയം പിന്നാലെ വരും’

‘‘മലയാളത്തിൽ മമ്മൂട്ടിയേയും  മോഹൻലാലിനേയും  ദിലീപിനെയും വച്ചു ചിത്രങ്ങളൊരുക്കി. എല്ലാവരുമായും അടുത്ത ബന്ധമാണ്. മുളകുപാടം ഫിലിംസിൽ നിന്നും സാങ്കേതികമായി ഏറ്റവും മികച്ച സിനിമ പ്രേക്ഷകർക്കു ലഭിക്കണമെന്ന നിർബന്ധമുണ്ട്. അനാവശ്യമായി ഒരാൾക്കും പണം കൊടുക്കില്ല. പക്ഷേ, സിനിമയ്ക്ക് ആവശ്യമുള്ള പണം മുടക്കാൻ ഒരു മടിയുമില്ല. ഇത്ര രൂപ ചെലവാക്കണം എന്നു പറയുമ്പോൾ ഞാൻ വിഷ്വലൈസ് ചെയ്തുനോക്കും, ആ സീനിൽ അത്രയും പണം മുടക്കിയാൽ സ്ക്രീനിൽ നന്നായി വരുമോ എന്ന്. ആ ചെലവ് അനാവശ്യമാണെന്നു തോന്നിയാൽ പറയാൻ മടിക്കാറില്ല.

പോസ്റ്ററുകളിൽ എന്റെ ചിത്രം വയ്ക്കുന്നത് ചിലർക്ക് കൗതുകമാണ്. അങ്ങനെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ? മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനികളായിരുന്ന ഉദയായും മെറിലാൻഡും പോലെ മുളകുപാടം ഫിലിംസിനെ ഒരു ബ്രാൻഡായി ഉയർത്താനാണ് എന്റെ ശ്രമം. മുളകുപാടത്തിന്റെ സിനിമ എന്നു കേട്ടാൽ മികച്ചതായിരിക്കുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ടാകണമെന്നാണ് മോഹം.’’

tomichan-13