ചെവി കടിച്ചു പറിച്ച് മാർക്കോ ‘അ ലറുന്ന’ ടീസർ ഇറങ്ങിയ ദിവസമാണ് വനിതയുടെ കവർ ഷൂട്ട് നടക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാർക്കോ എന്ന ‘കൊടൂര വില്ലന്‍’ ഒരുവശത്ത്. മറുവശത്ത് കവർ ചിത്രത്തിൽ ഉണ്ണിയുടെ ഒക്കത്തിരിക്കാനായി എത്തിയ പാവക്കുഞ്ഞുങ്ങളെ പോലുള്ള ‘ഉണ്ണികളും ...’
ക്യാമറയ്ക്കു മുന്നിൽ ഉണ്ണി മുകുന്ദന്റെ സിക്സ്പാക് നായകന്മാർ വില്ലന്മാരെ ഇടിച്ചു പറത്തിയിട്ടുണ്ട്. പക്ഷേ, കുഞ്ഞുങ്ങൾക്കു മുന്നിൽ ഉണ്ണിക്കു പിടിച്ചു നിൽക്കാനായില്ല. ‘ടുട്ടൂഡൂൂ...’ എന്നൊക്കെ ഒാമനിച്ചു കവിളിൽ തൊട്ടപ്പോഴേ കരച്ചിലിന്റെ തീപ്പൊരി വീണു. ഒരാളിൽ നിന്ന് അടുത്തയാളിലേക്ക്. പിന്നെ, അടുത്തയാളിലേക്ക്. കരച്ചിലിന്റെ പല രാഗങ്ങൾ സ്റ്റുഡിയോയിൽ മുഴങ്ങിത്തുടങ്ങി.
വാശിക്കരച്ചിൽ കണ്ടപ്പോൾ ഉണ്ണി ചിരിച്ചു കൊണ്ടു പറഞ്ഞു, ‘‘മസിലളിയാ എന്നൊക്കെ ആൾക്കാർ വിളിക്കുമെന്നേയുള്ളൂ ഞാൻ ശരിക്കുമൊരു പാവമാണെന്ന് ഇവരോടാരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കാമോ?’ ‘മാർക്കോ’ യ്ക്കൊപ്പം ‘ഗെറ്റ് സെറ്റ് ബേബി’യെന്ന സിനിമ കൂടി തിയറ്ററിലെത്തുന്നുണ്ട്. അതിൽ ഗൈനക് ഡോക്ടറാണ് ഉണ്ണി.
നായകനായി കഴിഞ്ഞാൽ പിന്നെ, നെഗറ്റീവ് റോളുകൾ തിരഞ്ഞെടുക്കുമ്പോൾ ഒന്നു ശ്രദ്ധിക്കും, അല്ലേ ?
നായകൻ, വില്ലൻ എന്ന തരംതിരിവിൽ സിനിമയെ കാണുന്നില്ല. കഥ കേൾക്കുമ്പോൾ തന്നെ ഏതു കഥാപാത്രമാണോ അദ്ഭുതപ്പെടുത്തുന്നത് അതു തിരഞ്ഞെടുക്കാനാണ് എനിക്കിഷ്ടം. ചിലപ്പോൾ അതു വില്ലനായേക്കാം. മലയാളത്തിലെ ഒരു വലിയ സിനിമയുടെ ഒാഫർ വന്നു. കഥകേട്ടപ്പോൾ എനിക്കിഷ്ടപ്പെട്ട റോൾ വില്ലന്റേതായിരുന്നു. പക്ഷേ, എന്നോടു നായകന്റെ േവഷം ചെയ്യാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ അതിൽ നിന്നു പിന്മാറി.
തിരക്കഥ കേൾക്കാൻ ഒരു ടീം തന്നെയുണ്ട്. സിനിമയെ പ്രഫഷനലായി കണ്ടു തുടങ്ങിയത് എന്നു മുതലാണ് ?
നടനായി നിൽക്കണമെങ്കിൽ ഇതിന്റെയൊന്നും ഒരാവശ്യമില്ല. താരമാകണമെങ്കിൽ പ്രഫഷനലായി സിനിമയെ കണ്ടേ പറ്റൂ. സിനിമയുടെ ക്രീം ആ യി മാറണമെന്നുണ്ട്. സൂപ്പർസ്റ്റാർ ആകണമെന്നു പറയുന്നത് അഹങ്കാരമായൊന്നും കാണേണ്ട. പോസിറ്റീവായി കണ്ടാൽ മതി. അതൊരു ലക്ഷ്യമാണ്. അങ്ങോട്ടുള്ള പാച്ചിലിൽ ആണു ഞാൻ എന്നു പറയുന്നതിൽ എന്തു തെറ്റാണുള്ളത്?
സിനിമയെ ആദ്യം കണ്ടതു കലാരൂപം മാത്രമായാണ്. പിന്നെ തിരിച്ചറിഞ്ഞു, സിനിമ ബിസിനസ് ആണ്. കച്ചവടം നന്നായാൽ ക്രിയേറ്റിവിറ്റിയും കലയും മികച്ച രീതിയിൽ ചെയ്യാം. അതോടെ സിനിമയും അതിനൊപ്പം നിൽക്കുന്നവരും മെച്ചപ്പെടും. ഇതു മനസ്സിലായതോടെ കരിയറിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി. ചെറിയ കാര്യമായാലും അമിത വൈകാരികതയോടെയാണു ഞാനെടുത്തിരുന്നത്. അതു നമ്മളെ നെഗറ്റീവ് ആക്കുമെന്നും മനസ്സിലായി.
മാർക്കോയില്‍ വില്ലനും ഗെറ്റ് സെറ്റ് ബേബിയില്‍ പാവം ഗൈനക് ഡോ ക്ടറും. ഒരേസമയം വ്യത്യസ്ത വേഷങ്ങൾ കിട്ടുന്നത് കരിയറിന്റെ വിജയം തന്നെയല്ലേ?
പക്കാ ആക്‌ഷൻ ഴോണറിൽ നായകനായിട്ട് ഏഴുവർഷത്തിൽ കൂടുതലായി. മാളികപ്പുറം സിനിമയിലൊക്കെ ഇ ടി സീനുകൾ ഉണ്ടെങ്കിലും അതു കൃത്യമായി ആക്‌ഷൻ മൂവി എന്നു പറയാനാവില്ല. അപ്പോഴാണ് മാർക്കോയുടെ കഥയുമായി നിർമാതാവ് ഷെരീഫും സംവിധായകൻ ഹനീഫ് അദേനിയും വരുന്നത്.
അഞ്ചുവർഷം മുൻപിറങ്ങിയ ‘മിഖാ യേൽ’ സിനിമയിലെ വില്ലനായിരുന്നു മാർക്കോ. ആ സിനിമ കഴിഞ്ഞപ്പോഴേ അതിലെ വില്ലൻ കഥാപാത്രത്തിൽ ഒരു സിനിമയ്ക്കുള്ള മരുന്നുണ്ടെന്നുതോന്നിയിരുന്നു. ആദ്യ സിനിമയിലെ വില്ലൻ പിന്നീടു നായകനാകുന്നത് അപൂർവമാണ്. പാൻ ഇന്ത്യൻ സിനിമ എന്നു പറയുന്നില്ല എന്നേയുള്ളൂ. യഥാർഥത്തിൽ അത്തരമൊരു സിനിമ തന്നെയാണിത്.
ഗെറ്റ് സെറ്റ് ബേബി മുഴുനീള ഫാമിലി സബ്ജക്ട് ആ ണ്. സിനിമയുടെ നിർമാതാവ് സജീവ് സോമനുമായി 13 വർഷത്തെ പരിചയമുണ്ട്. ലാലേട്ടന്റെ സോഷ്യൽ മീഡിയ അഡ്മിനും ലാലേട്ടൻ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ ഡയറക്ടറും ആണ് സജീവ്. അതുകൊണ്ടു തന്നെ ലാലേട്ടന്റെ ഡേറ്റ് കിട്ടാൻ ഒരു പ്രയാസവുമില്ല. എന്നിട്ടും സജീവ് നിർമിക്കുന്ന ആദ്യ സിനിമയിലെ നായകൻ ഞാനാണ് എന്നതു വലിയൊരു അഭിമാനമല്ലേ.
സംവിധായകൻ വിനയ് ഗോവിന്ദ് കഥ പറഞ്ഞപ്പോഴും ഈ സിനിമ ഞാൻ തന്നെ ചെയ്യേണ്ടതാണെന്നു മനസ്സിലായി. പുതുതലമുറയിലെ കുട്ടികൾ കുടുംബജീവിതം തുടങ്ങുമ്പോൾ നേരിടുന്ന പല കാര്യങ്ങളും ഈ സിനിമയിലുണ്ട്. നല്ലൊരു സന്ദേശം നൽകുന്നുണ്ട്. രണ്ടു സിനിമയും വലിയ പ്രതീക്ഷയോടെയാണു വരുന്നത്.
മല്ലു സിങ്ങിൽ നിന്നു മാർക്കോയിൽ എത്തിയപ്പോഴേക്കും ഉണ്ണിക്ക് വന്ന മാറ്റം?
ഒരുപാടു മാറ്റങ്ങൾ ഉണ്ടായി. ഉണ്ണിമുകുന്ദന്‍ എന്ന നടനെ നിങ്ങൾക്ക് എത്ര പരിചയം ഉണ്ടോ എനിക്കും അ യാളെക്കുറിച്ച് അത്രയേ അറിയൂ. പക്ഷേ, അതിനും മുൻപ് സിനിമ തേടി ലക്കിടി ബസ് സ്റ്റാൻഡിൽ വ ന്നിറങ്ങിയ ഉണ്ണികൃഷ്ണൻ നായർ എന്ന ചെറുപ്പക്കാരൻ ഉണ്ട്. ഗുജറാത്തിൽ നിന്ന് അവസരം തേടി ഇറങ്ങുമ്പോൾ ചേച്ചി കോൺഫിഡൻസ് തരാനായി പറഞ്ഞു, ‘നീ തിരിച്ചു വരുന്നത് സൂപ്പർസ്റ്റാർ ആയിട്ടാകണം.’ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ ആഗ്രഹിക്കുന്നത് എന്‍റെ വിജയമാണെന്നുതിരിച്ചറിഞ്ഞത് അപ്പോഴാണ്. സിനിമയിൽ കാലുറപ്പിക്കാനിറങ്ങിയ ആ ഉണ്ണികൃഷ്ണനെ മനസ്സിൽ തന്നെ നിർത്താനാണു ശ്രമിക്കുന്നത്. ആ ചെറുപ്പക്കാരന് ഒരു ലക്ഷ്യം ഉണ്ട്. സിനിമയിൽ ഉണ്ണിമുകുന്ദനായി കഴിഞ്ഞപ്പോൾ അതു മറക്കരുതല്ലോ. അതുകൊണ്ടാണ് പല സ്വാഭാവവും മാറ്റിയത്.
പണ്ടൊക്കെ പല കാര്യങ്ങൾക്കും വികാരം കൊ ണ്ടു പൊട്ടിത്തെറിച്ചിട്ടുണ്ട്. ഇപ്പോൾ അത്രയ്ക്ക് ഇ മോഷനൽ അല്ല. ഒരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമും നോക്കാറില്ല. എന്റെ പേജുകൾ കൈകാര്യം ചെയ്യാനും കമന്റുകൾ നോക്കാനുമൊക്കെ ടീം ഉണ്ട്. അതിൽ വരുന്നതു വായിച്ചും പ്രതികരിച്ചും എന്തിന് നെഗറ്റീവ് ആവണം?
നെഗറ്റീവ് അടിച്ചു തുടങ്ങുമ്പോൾ പോസിറ്റീവ് ആവാൻ എന്തു ചെയ്യും?
നെഗറ്റീവും ജയപരാജയങ്ങളും ഒന്നും എന്നെ ബാധിക്കില്ല. അത്രയും മോശമായ അവസ്ഥകളിലൂടെയാണു ഞാൻ വന്നിട്ടുള്ളത്. അവസരം തേടി കേരളത്തിലേക്കു വന്ന ട്രെയിൻ യാത്രകളെക്കുറിച്ച് മാത്രം ഒാർത്താൽ മതി ഞാനൊരു സംഭവമാണെന്നു തോന്നിതുടങ്ങും.
ഗുജറാത്തിൽ കോൾ സെന്ററിലായിരുന്നു ജോലി. നാല് മാസം അവധിയെടുക്കാതെ ജോലി ചെയ്താൽ എട്ട് ലീവ് കിട്ടും. ആ ലീവെടുത്താണ് അവസരങ്ങൾ തേടി കേരളത്തിലേക്കു വരുന്നത്. സംവിധായകരെയോ പ്രൊഡക്‌ഷൻ ടീമിനെയോ വിളിച്ച് അനുവാദം വാങ്ങിയിട്ടുണ്ടാകും. ആർഎസി ടിക്കറ്റ് കൺഫേം ആവാത്തതു കൊണ്ട് ഇരുന്നുറങ്ങിയാണു വരവ്. കൊച്ചിയിലോ തൃശൂരോ ഇറങ്ങുമ്പോഴാണ് അറിയുക, കാണാമെന്നു പറഞ്ഞവർ വാക്കു മാറിയിട്ടുണ്ടാകും. മീറ്റിങ് കാൻസലാകും. പ്രതീക്ഷയുടെയും ആകാംക്ഷയുടെയും കൊടുമുടിയിൽ നിന്നാണു വരവ്.

ഒടുവിൽ ഒന്നും നടക്കാതെ ഒന്നുമാകാതെയുള്ള മടങ്ങിപ്പോക്ക്. അപ്പോഴുണ്ടാകുന്ന ഒരു സങ്കടനീറ്റലുണ്ട്. തിരികെ ഗുജറാത്ത് എത്തും വരെ ഒറ്റയ്ക്കു നിന്ന് എരിഞ്ഞുപോകും. ആ ദിവസങ്ങളെ എങ്ങനെ അതിജീവിച്ചെന്ന് അ ദ്ഭുതമാണ്. ഇപ്പോഴെന്റെ ജീവിതത്തിൽ എന്തു വലിയ പ്രശ്നമുണ്ടായാലും എത്ര വലിയ നെഗറ്റീവ് ഉണ്ടായാലും കുന്നോളം സ്വപ്നവുമായി വന്ന് ഒന്നുമാകാതെ മടങ്ങിപ്പോകുന്ന ആ നാലു ദിവസത്തെ യാത്ര ഒാർമിച്ചാൽ മതി. ഞാന്‍ തനിയെ റീ സ്റ്റാർട്ട് ആയിക്കോളും. സിനിമയിലേക്കു വരുന്ന ആർക്കും അത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.
അപ്പോഴൊക്കെ തോന്നിയിട്ടില്ലേ സിനിമ എന്ന സ്വപ്നം ഇനി കാണേണ്ടെന്ന്...
പിന്നീട് സിനിമയില്‍ എത്തിക്കഴിഞ്ഞും അഭിനയം നിർത്താം എന്നു തോന്നിയിരുന്നു. എനിക്കൊപ്പവും അതിനു ശേഷവും സിനിമയിലെത്തിയവരെല്ലാം കേരളത്തിൽ ജനിച്ചു വളർന്നവരാണ്. അവർക്ക് ഇവിടെ സൗഹൃദങ്ങളുണ്ട് ബന്ധുക്കളുണ്ട്. സിനിമാസെറ്റിലും മറ്റുമുണ്ടാവുന്ന പ്രതിസന്ധികൾ പറയാൻ അവർക്ക് ഒരുപാടു പേരുണ്ട്.
ആദ്യകാലത്ത് എനിക്ക് ആരുമില്ലാത്ത അവസ്ഥയായിരുന്നു. മലയാളം എഴുതാനും വായിക്കാനും പോലും അറിയില്ല. അഭിപ്രായം ചോദിക്കാൻ, മനസ്സു തുറന്നു സംസാരിക്കാൻ ആരുമില്ല. ഒരുപാടു പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. സിനിമയിലെ ബഹളവും ചീത്തവിളിയൊന്നും സഹിക്കാനാകാതെ കരഞ്ഞിട്ടുണ്ട്. എല്ലാം ഉപേക്ഷിച്ച് ഒന്നുമാകാതെ തിരിച്ചു പോകാനും പറ്റില്ല. വല്ലാത്തൊരു കാലം.
ലാലുചേട്ടന്റെ (ലാൽജോസ്) വിക്രമാദിത്യനിൽ എത്തിയപ്പോൾ ഞാന്‍ ഈ സിനിമയിൽ വേണോ എന്നെനിക്കുസംശയം തോന്നി. ലാലുച്ചേട്ടൻ ധൈര്യം തന്നുകൊണ്ടിരുന്നു. ആ സിനിമ കഴിഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായത് ഒരു നടനായി നിൽക്കാനുള്ള യോഗ്യത എനിക്കുണ്ട്.
സിനിമയോടുള്ള സ്നേഹം സത്യസന്ധമായിരുന്നു. അതുകൊണ്ടാണ് ഞാനിവിടെ പിടിച്ചു നിന്നത്. ഒരുപാടു തെറ്റുകൾ ചെയ്തിട്ടാണ് സിനിമയിലെ പല ശരികളും പഠിക്കാൻ പറ്റിയത്. ഇത്തരം അനുഭവങ്ങളാണ് ഉണ്ണിമുകുന്ദൻ എന്ന വ്യക്തിയെ ബിൽഡ് ചെയ്തത്. ഒറ്റയ്ക്കു നിൽക്കുന്നവരോടു ദൈവത്തിനു തോന്നുന്ന കാരുണ്യം അക്കാലത്ത് എനിക്കും കിട്ടിയിട്ടുണ്ട്. പ്രശ്നങ്ങളും വിവാദങ്ങളും ബുദ്ധിമുട്ടുകളുമെല്ലാമുണ്ടായപ്പോൾ ഒറ്റയ്ക്കിരുന്നു രക്ഷിക്കണേ എന്ന് പ്രാർഥിച്ചിട്ടുണ്ട്. ദൈവത്തിന് എന്നോടൊരു സഹതാപമുണ്ടെന്നു തോന്നാറുണ്ട്.
പ്രൊപ്പഗാൻഡ സിനിമയിലെ നായകൻ എന്നു വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചോ?
അത്തരം ആരോപണങ്ങൾ ഉൾക്കൊള്ളാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പലരും എന്നെ അറിയാൻ ശ്രമിച്ചില്ല.
ഗുജറാത്തിലെ ബിസിനസുകാരന്റെ മകൻ, ധാരാളം പൈസ കയ്യിലുണ്ട് അത് ചെലവാക്കാനായി സിനിമയിലെത്തി എന്നൊക്കെ കരുതി. സാധാരണ കുടുംബത്തിലാണു ജനിച്ചതെന്നും വീട്ടിലോ കുടുംബത്തിലോ സിനിമാബന്ധമുള്ള ആരുമില്ലെന്നും സിനിമ മോഹിച്ചു മാത്രം വന്നയാളാണെന്നും ഒക്കെ പറയണം എന്നുണ്ടായിരുന്നു. അതൊന്നും എനിക്കു പറയാനായില്ല. എന്നെക്കുറിച്ചറിയാവുന്ന ആരും അതൊന്നും പറഞ്ഞുമില്ല.

ചില സമയത്ത് സോഷ്യൽമീഡിയയിൽ ചിലതൊക്കെ പൊങ്ങിവരും തർക്കങ്ങളുണ്ടാകും. അതിലേക്കു വലിച്ചിഴയ്ക്കപ്പെടും. ചിലർ അതിൽ പെട്ടുപോകും. ഇത്തരം വിവാദങ്ങളിൽ പെട്ടുപോയ ആളാണു ഞാൻ.
പത്തുവർഷം കഴിഞ്ഞാൽ മലയാള സിനിമയിൽ ഉണ്ണി മുകുന്ദന്റെ സ്ഥാനം എന്തായിരിക്കും ?
പ്ലാനിങ് കേട്ടാൽ ആൾക്കാർ പേടിച്ചുപോകും, അതുകൊണ്ടു പറയുന്നില്ല. സിനിമയിലെത്തും മുൻപേ നായകന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മനസ്സിലിട്ടു നടന്നയാളാണു ഞാ ൻ. നല്ല സിനിമകളിൽ അഭിനയിച്ചിരുന്നുവെന്നും നല്ല സിനിമകൾ നിർമിച്ചിരുന്നെന്നും ആൾക്കാർ പറയണം അതാണ് സ്വപ്നം. നല്ല സിനിമകളിൽ അഭിനയിക്കാൻ കൂടിയാണ് പ്രൊഡക്‌ഷൻ കമ്പനി ആരംഭിച്ചത്. നിർമിച്ച ആദ്യ സിനിമ മേപ്പടിയാനായിരുന്നു. അതിന് ദേശീയ അവാർഡും കിട്ടി.
പണ്ട് മസിലിൽ തട്ടി തെറിച്ചു പോയ കഥാപാത്രങ്ങൾ ഇ പ്പോൾ തിരിച്ചു വരുന്നുണ്ടല്ലേ?
ആദ്യകാലത്ത് മസിൽ സിനിമാക്കാർക്കു പേടിയായിരുന്നു. പല കഥാപാത്രങ്ങൾക്കും ഈ ശരീരം ചേരുമോ എന്നു സംശയിച്ച് അവസരങ്ങൾ പോയിട്ടുണ്ട്. ഇന്ന് ആ സംശയം ആർക്കുമില്ല, ഇന്ന് ഇവിടെ ഇരുന്നു സംസാരിക്കാൻ കഴിയുന്നതു തന്നെ ജിമ്മിൽ പോയതുകൊണ്ടാണ്. എട്ടാംക്ലാസ്സു വരെ അസുഖക്കുട്ടിയായിരുന്നു. പോരെങ്കിൽ ആസ്മയും. അമ്മയാണ് വർക്ക് ഒൗട്ട് ചെയ്യാൻ പ്രോത്സാഹിപ്പിച്ചത്. എന്തെങ്കിലും കാര്യത്തിനു സങ്കടപ്പെട്ടിരുന്നാൽ ‘വീടിനു രണ്ടു റൗണ്ട് ഒാടിയിട്ടു വാ’ എന്നു പറയും.
കഥാപാത്രത്തിനനുസരിച്ചു രൂപമാറ്റം നടത്തുന്നതിൽ ത്രില്ലുണ്ട്. മാർക്കോ എന്ന വില്ലനെ ഇനി ശരീരത്തിൽ കാണാനാകില്ല. മാർക്കോ തുടങ്ങുമ്പോൾ 83 കിലോ ആയിരുന്നു ശരീരഭാരം. ക്ലൈമാക്സിനായി പത്തു കിലോ കുറച്ചു. ‘ഗെറ്റ് സെറ്റ് ബേബി’ക്കു വേണ്ടി പിന്നെ, തടി കൂട്ടി. വലിയ കവിളൊക്കെയുള്ള കഥാപാത്രമായിരുന്നു. പിന്നെയും വർക്ക് ഒൗട്ട് ചെയ്തു തടി കുറച്ചു.
കരിയറിന്റെ ആദ്യ ഘട്ടത്തിൽ പൃഥ്വിരാജിനും ഉണ്ണി മുകുന്ദനും ഒരു കോമൺ പോയിന്റ് ഉണ്ട്. അത് സൈബർ ബുള്ളിയിങ് ആണ്. ശരിയല്ലേ?
കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും കൂട്ടംകൂടി നിന്ന് ആക്രമിക്കാൻ ശ്രമിച്ചു എന്നതു സത്യമാണ്. പക്ഷേ, സിനിമയില്‍ പൃഥ്വിക്കുള്ള ബാക്ക് അപ് എനിക്കുണ്ടായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യുമെന്നു പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും നിവർന്നു നിൽക്കാൻ സാധിച്ചതു വലിയ കാര്യമാണ്.
പൃഥ്വിരാജിനെ പരിഹസിച്ചവരെ മഷിയിട്ടു നോക്കിയാ ൽ പോലും ഇന്നു കാണില്ല. രാജു അതൊന്നും ശ്രദ്ധിക്കാതെ ജോലിയിൽ ഫോക്കസ് ചെയ്ത് ഇന്ത്യയിലെ തന്നെ മികച്ച നടനും നിർമാതാവുമൊക്കെയായി. ഞാനും മാഞ്ഞുപോകാതെ സിനിമയിലുണ്ട്. സൈബർ ലോകമെന്ന പൊതു നിരത്തില്‍ ആർക്കും എന്തും പറയാം. നമ്മൾ എ ന്താകണമെന്ന ലക്ഷ്യം മാറാതിരുന്നാൽ മതി.
സുന്ദരനായ ചെറുപ്പക്കാരനെ കല്യാണത്തിനായി ആരും നിർബന്ധിക്കുന്നില്ലേ ?
അതൊക്കെ സംഭവിക്കേണ്ട കാര്യമാണ്. വിവാഹം എനിക്കൊരു അജണ്ടയല്ല. നടന്നാൽ നല്ലത്. അത്രയേയുള്ളൂ. ഉചിതമായ സമയത്ത് നടക്കും എന്ന വിശ്വാസവുമുണ്ട്.
വിജീഷ് ഗോപിനാഥ്