Monday 14 October 2019 01:05 PM IST

‘ശ്വാസത്തിനു വേണ്ടി പിടഞ്ഞ അച്ഛന്റെ ചെവിയിൽ ആ സ്ത്രീ എന്തോ മന്ത്രിച്ചു, 2 മണിക്കൂറിനുള്ളിൽ അച്ഛൻ മരിച്ചു’

Tency Jacob

Sub Editor

vr-x
വിജയരാഘവന്‍ ഭാര്യ സുമയ്ക്കും പേരക്കുട്ടികൾക്കുമൊപ്പം

ഡയണീഷ്യ’ എന്ന അപൂർവ പേരുള്ള വീടിന്‍റെ ഉമ്മറത്തിരുന്ന് വിജയരാഘവന്‍ പറഞ്ഞു തുടങ്ങിയത് അച്ഛന്‍ നാടകാചാര്യന്‍ എന്‍.എൻ പിള്ളയെക്കുറിച്ചുള്ള ഒാര്‍മപ്പൊട്ടുകളാണ്. ‘‘അച്ഛൻ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യൻ ദേവാലയത്തിലാണ്. ഗ്രീക്ക് പുരാണത്തില്‍ നാടകങ്ങളുടെ ദേവനാണ് ‘ഡയണീഷ്യ’. നാടകം ജീവശ്വാസമായിരുന്ന ഒരാൾ സ്വന്തം വീടിന് വേറെന്തു പേരിടാൻ.

അച്ഛൻ വിശ്വസിച്ചത് ദൈവത്തിലായിരുന്നില്ല, നാടകത്തിലായിരുന്നു. ശ്വാസം കിട്ടാതെ പിടയുമ്പോഴും കരയുകയല്ല, ‘ഇതൊന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ’ എന്ന് പറഞ്ഞു മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. ആ ദിവസങ്ങളില്‍ പരിചയത്തിലുള്ള ഒരു സ്ത്രീ അച്ഛനെ കാണാനെത്തി. ശ്വാസത്തിനു വേണ്ടിയുള്ള പെടാപ്പാടു കണ്ട് അവർ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു. അറയ്ക്കുന്ന എന്തോ കേട്ടതു പോലെ ‘ഹാ’ എന്നു പറഞ്ഞ് അച്ഛൻ തല വെട്ടിത്തിരിച്ചു. പന്തികേട് തോന്നി ഞാനവരെ പതുക്കെ പുറത്തേക്ക് കൊണ്ടുപോയി. മടങ്ങി വന്ന് ‘എന്താ അങ്ങനെ ചെയ്തത്’ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് ‘അവരെന്റെ ചെവിയിൽ ദൈവനാമം ജപിക്കുന്നു’ എന്നാണ്. രണ്ടു മണിക്കൂറിനുള്ളില്‍ അച്ഛൻ മരിച്ചു.

കഥാപാത്രമാകാൻ എന്തെങ്കിലും ഒരുക്കങ്ങൾ ?

കഴിഞ്ഞ ദിവസം ഒരാൾ വന്ന് കൊല്ലന്റെ കഥ പറഞ്ഞു. അറിയാതെ അതെന്റെ ചിന്തകളിൽ വന്നു കഴിഞ്ഞു. അതിനെക്കുറിച്ചു മാത്രം ചിന്തിച്ചിരിക്കലൊന്നുമില്ല. ആ സിനിമ നടക്കുമോയെന്നു പോലും എനിക്കുറപ്പില്ല. എന്നാലും കഥാപാത്രത്തിന്റെ വിത്ത് ഉള്ളിൽ വീണു കഴിഞ്ഞു. സെറ്റിലെത്തുമ്പോഴേക്കും അതിനൊരു പൂർണരൂപമാകും. സംവിധായകർ എന്റെ നിരീക്ഷണങ്ങൾ അംഗീകരിക്കാറുണ്ട്. ‘കക്ഷി അമ്മിണിപ്പിള്ള’യിൽ എന്റെ വേഷം അത്തരമൊരു കണ്ടെത്തലായിരുന്നു. സിനിമയെ ഞാൻ വളരെ വളരെ സീരിയസായിട്ടാണ് കാണുന്നത്. നേരമ്പോക്കായിട്ടല്ല.

ശരിക്കും മലയാള സിനിമയ്ക്ക് മാറ്റം വന്നിട്ടുണ്ടോ?

ടെക്നോളജി വളർന്നു എന്നത് വലിയ മാറ്റം തന്നെയാണ്. പണ്ടുപയോഗിച്ചിരുന്ന ഫിലിമിന് നല്ല വിലയുണ്ടായിരുന്നു. അതുകൊണ്ടുതന്ന റിഹേഴ്സൽ ധാരാളം എടുത്ത് ശരിയായാൽ മാത്രമാണു ടേക്ക് എടുക്കുന്നത്. ഫിലിം ഇല്ലാതായതോടെ എത്ര വേണമെങ്കിലും ടേക്ക് എടുക്കാം. റിഹേഴ്സൽ ചെയ്തു നോക്കലൊന്നുമില്ല. ഞാൻ രണ്ടു മൂന്നു പ്രാവശ്യം ചെയ്തു നോക്കി പതിയെ ചാർജ് ആകുന്ന നടനാണ്. അതിന്റെയൊരു പ്രശ്നം എനിക്കു തോന്നാറുണ്ട്.

ഒരു കഥ േകട്ടിട്ടുണ്ട്. 56 സിനിമകളിറങ്ങിയ ഒരു വര്‍ഷം പ്രൊഡ്യൂസർമാർ വലിയ ബഹളമുണ്ടാക്കിയത്രേ. കേരളം പോലെയൊരു ഇട്ടാവട്ടത്തിൽ 56 സിനിമയിറങ്ങിയാൽ ഒന്നും ഓടാതാകും. നിര്‍മാതക്കള്‍ക്കു പിടിച്ചു നില്‍ക്കാനാകില്ല, സിനിമയുടെ എണ്ണം കുറയ്ക്കണം. ക്വാളിറ്റി കൺട്രോൾ വേണം. എന്നൊക്കെയായിരുന്നു ഡിമാൻഡുകള്‍.

കഴിഞ്ഞ വർഷം റിലീസായത് നൂറ്റമ്പതിലധികം സിനിമകളാണ്. ചിലതു വിജയിച്ചു. കൂടുതലും പരാജയപ്പെട്ടു. എന്നി ട്ടും പുതിയ പ്രൊഡ്യൂസര്‍മാര്‍ വരുന്നു, പുതിയ സംവിധായകരും അഭിനേതാക്കളും വരുന്നു. എന്തൊക്കെയായാലും സിനിമ മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരിക്കും.

ഇനിയൊരു ജന്മമുണ്ടെങ്കിൽ?

പത്തു ജന്മമുണ്ടെങ്കിലും എനിക്ക് നടനായി ജനിച്ചാൽ മതി. എന്റെ ജീവിതം മാത്രമല്ല ഞാൻ ജീവിക്കുന്നത്. മറ്റു പലരുടെയും ജീവിതത്തിലൂടെ കടന്നു പോയി അവരുടെ ആത്മസങ്കടങ്ങളും സന്തോഷവുമെല്ലാം അറിയാൻ സാധിക്കുന്നു. ഈ അവസ്ഥകളെല്ലാം നമ്മുടെ മനുഷ്യത്വത്തെയും ബാധിക്കും.

ഞാൻ വലിയൊരു സംഭവമാണെന്നു ചിന്തിച്ചാൽ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാൻ പറ്റില്ല. വലിയ സംഭവമല്ലെന്നു ചിന്തിച്ചാൽ പിന്നെ, നമുക്ക് ഏതു വേഷവും അഭിനയിക്കാം. പട്ടാളക്കാരനാകാം, കള്ളനാകാം, ഭിക്ഷക്കാരനാകാം. എന്തുമാകാം. എനിക്ക് ആറുമാസമുള്ളപ്പോൾ എടുത്ത ഫോട്ടോയാണ് എന്റെ ഫോണിൽ സ്ക്രീൻ സേവറായി ഇട്ടിരിക്കുന്നത്. ഓരോ തവണ ഫോണെടുക്കുമ്പോഴും ആ ചിത്രം എന്നെ ഓർമപ്പെടുത്തും. ‘കുട്ടാ, നീയിത്രയേയുള്ളൂ... പിന്നെന്തിനാണ് വെറുതെ പെരുക്കുന്നത്?’

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വിശദമായ വായന  വനിത സെപ്തംബർ രണ്ടാം ലക്കം