Monday 17 December 2018 05:16 PM IST : By സ്വന്തം ലേഖകൻ

അവാർഡ് പ്രഭയിൽ നിറഞ്ഞ് ‘96’; 75–ാം ദിനത്തില്‍ ഇരട്ടി മധുരം

nine

അടുത്തിടെ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു ‘96’. തമിഴ്നാടിനൊപ്പം കേരളത്തിലും മറ്റ് സൗത്തിന്ത്യൻ മാർക്കറ്റുകളിലും ചിത്രം പണം വാരി. വിജയ് സേതുപതിയെയും തൃഷയെയും നായികാനായകൻമാരാക്കി, നവാഗതനായ പ്രേംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 96 ഇപ്പോഴിതാ അവാർഡ് പെരുമഴയിൽ നനഞ്ഞു നിൽക്കുന്നു.

തമിഴ്നാട്ടിലെ പ്രശസ്ത ഒാൺലൈൻ മീഡിയ സംരംഭമായ ബിഹൈൻഡ് വുഡ്ഡ് ഏർപ്പെടുത്തിയ ബിഹൈൻഡ് വുഡ്ഡ് ഗോൾഡൻ അവാർഡുകളിൽ അഞ്ചെണ്ണമാണ് ‘96’ സ്വന്തമാക്കിയത്.

ചിത്രത്തിൽ ജാനുവായി വിസ്മയിപ്പിച്ച തൃഷ കൃഷ്ണൻ, കുഞ്ഞുജാനുവിനെ അവതരിപ്പിച്ച ഗൗരി ജി കിഷൻ, റാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ആദിത്യ ഭാസ്കർ, തൃഷയുടെ കഥാപാത്രത്തിന് ശബ്ദം നൽകുകയും ഗാനം ആലപിക്കുകയും ചെയ്ത ചിന്മയി, സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത എന്നിവരാണ് ചിത്രത്തിലൂടെ ആറാമത് ബിഹൈൻഡ് വുഡ്ഡ് ഗോൾഡൻ മെഡൽ അവാർഡുകൾ സ്വന്തമാക്കിയിരിക്കുന്നത്.

‘‘ആളുകൾ എന്റെ പേര് മറന്നു എന്നതുപോലൊരു അനുഭവമാണ് ഇപ്പോൾ, എല്ലാവരും ജാനു എന്നാണ് പറയുന്നത്. എന്നിൽ നിന്നും ജാനുവിനെ കണ്ടെത്തിയ സംവിധായകന് നന്ദി. ഇന്ന് 96 ന്റെ 75-ാം ദിന ആഘോഷം കൂടിയാണ്, വളരെ പ്രത്യേകതകൾ ഉണ്ട്. അവാർഡിനും പിന്തുണയ്ക്കും പ്രചോദനത്തിനും നന്ദി”.– ബിഹൈൻഡ് വുഡ്സ് ഗോൾഡൻ പ്രിൻസസ് അവാർഡ് സ്വീകരിച്ച് തൃഷ പറഞ്ഞു.

ബിഹൈൻഡ് വുഡ്സ് ഗോൾഡൻ ബെസ്റ്റ് ഡെബ്യൂട്ട് ആക്റ്റർ (മെയിൽ) അവാർഡ് ആദിത്യ ഭാസ്കറും ബെസ്റ്റ് ഡെബ്യൂട്ട് ആക്റ്റർ (ഫീമെയിൽ) അവാർഡ് ഗൗരി ജി കിഷനും സ്വന്തമാക്കിയപ്പോൾ വോയിസ് ഒാഫ് ദി ഇയർ (ഫീമെയിൽ) പുരസ്കാരം ചിന്മയി ശ്രീപദയും സ്വന്തമാക്കി. ബെസ്റ്റ് മ്യൂസിക് ഡയറക്ടർക്കുള്ള പുരസ്കാരമാണ് ഗോവിന്ദ് വസന്തയെ തേടിയെത്തിയത്.