Saturday 21 April 2018 03:55 PM IST : By സ്വന്തം ലേഖകൻ

ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ സൗബിൻ മച്ചാൻ; ചിത്രങ്ങൾ കഥ പറയും

soubin-final

ചിരിച്ചും ചിന്തിപ്പിച്ചും, പിന്നെ അൽപം കരയിപ്പിച്ചും വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന ആ മനുഷ്യൻ ഇന്നൊരു സംവിധായകനാണ്. മലയാള സിനിമയെന്ന മായിക പ്രപഞ്ചത്തിൽ കാലങ്ങളോളം പിച്ചവെച്ച്, ഒടുവിൽ പറവയായി മാനം മുട്ടെ പറന്നുയർന്ന ആ പ്രതിഭ പുതിയ കാലത്തെ സിനിമയിൽ അഭിഭാജ്യഘടകമാണ്.

1

പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല, പ്രേക്ഷകരുടെ സ്വന്തം സൗബിൻ മച്ചാനെക്കുറിച്ചാണ്. നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന സൗബിന്റെ ഭൂതകാലത്തിലേക്ക് എത്തി നോക്കിയാൽ ഒരു സിനിമയ്ക്കുള്ള കഥയുണ്ടാകും.

2

സിനിമയുടെ സുപ്രധാന മേഖലകളിൽ മികവു തെളിയിച്ചിട്ടുള്ള സൗബിന്റെ കഠിനാദ്ധ്വാനത്തിന് സമാനതകളില്ല എന്നു തന്നെ പറയാം. സ്ഥിരം കൊമേഡിയനെന്ന വിമർശനങ്ങൾക്ക് സുഡാനിയിലെ മാനേജറുടെ കഥാപാത്രത്തിലൂടെ സൗബിൻ മറുപടി പറയുകയും ചെയ്തു.

3

പ്രൊഡക്ഷൻ കൺട്രോളറായ അച്ഛൻ ബാബു ഷാഹിർ കൈപിടിച്ചു നടത്തിയ വഴിയിലൂടെ സിനിമാ മേഖലയിലെത്തിയ സൗബിൻ കൈവയ്ക്കാത്ത സിനിമാ മേഖലകൾ ചുരുക്കം. സൗബിന്റെതായി ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ഒരുപിടി ചിത്രങ്ങൾ സൗബിന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ ഭൂതകാലത്തിന്റെ കഥ പറയും.

സിനിമാ സംവിധായകന്റെ തൊപ്പിയണിയാനുള്ള ആഗ്രഹം മനസിലുറപ്പിച്ച് ഇറങ്ങിത്തിരിച്ച സൗബിൻ 7 വർഷത്തോളം അസിസ്റ്റന്റും അസ്സോസിയേറ്റും ആയി കാലം കഴിച്ചു. ഒടുവിൽ സംവിധായകന്റെ തൊപ്പി വയ്ക്കാറായപ്പോളാണ്‌ നിയോഗം പോലെ അദ്ദേഹത്തെ തേടി നടനാകാനുള്ള അവസരം വന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി ആഷിഖ് അബുവിന്റെ നിർമ്മാണത്തിൽ ഒരു ചിത്രം ഒരുക്കാനിരുന്ന സൗബിൻ അതിന്റെ കഥ ഡിസ്‌കസ് ചെയ്യാൻ അന്നയും റസൂലിന്റെയും സെറ്റിൽ എത്തിയപ്പോഴാണ് രാജീവ് രവി സൗബിനെ അഭിനയിക്കാൻ ക്ഷണിക്കുന്നത്. ആ വേഷം ക്ലിക്ക് ആയതിനു ശേഷം സൗബിൻ അഭിനയം എന്ന മേഖലയുമായി മുന്നോട്ടു പോയി.

4

അവിടെ തുടങ്ങി നാം ഇന്നു കാണുന്ന സൗബിന്റെ ഉദയം. പിന്നെ പ്രേക്ഷക മനസു നിറച്ച ഒരുപിടി കഥാപാത്രങ്ങൾ. ഒടുവിൽ പറവയെ വിജയാകാശത്തിലേക്ക് പറത്തിവിട്ട സംവിധായകനുമായി. ഇതിനിടയ്ക്ക് അർഹതയ്ക്കുള്ള അംഗീകാരങ്ങളും സൗബിനെ തേടി നിരവധി തവണയെത്തി. പോയവർഷത്തെ വനിതയുടെ നവാഗത സംവിധായകനുള്ള പുരസ്കാരം അതിൽ ഒന്നുമാത്രം.