Saturday 14 May 2022 10:09 AM IST : By സ്വന്തം ലേഖകൻ

വിവാഹം സ്റ്റാര്‍ ഹോട്ടലില്‍, മുഹൂര്‍ത്തം രാത്രി 11 മണിക്ക്: നിക്കി–ആദി വിവാഹവിശേഷങ്ങൾ

nikki

തെന്നിന്ത്യന്‍ താരങ്ങളായ നിക്കി ഗല്‍റാണിയും നടന്‍ ആദിയും ഈ മാസം 18നു വിവാഹിതരാകും. വിവാഹം ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിലും വിവാഹത്തിനു മുമ്പുള്ള മറ്റു ചടങ്ങുകള്‍ ഇരുവരുടെയും വീടുകളിലും നടക്കും. രാത്രി 11 മണിക്കാണു മുഹൂര്‍ത്തം. 18 നു വൈകുന്നേരം സുഹൃത്തുക്കൾക്കും താരങ്ങൾക്കുമായി വിരുന്നു നടക്കും.

നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. മാർച്ച് 24നായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം.

‘കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു.’– വിവാഹ വിശേഷം പങ്കുവച്ച് നിക്കി കുറിച്ചു.

തെലുങ്ക് സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകനാണ് ആദി. തമിഴ്, തെലുങ്ക് ഭാഷകളിൽ ആദി ഇപ്പോള്‍ സജീവമാണ്.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സജീവസാന്നിധ്യമാണ് നിക്കി

ഗൽറാണി. നിവിൻ പോളിയുടെ ‘1983’ എന്ന സിനിമയിലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്.