Thursday 28 January 2021 02:18 PM IST : By സ്വന്തം ലേഖകൻ

ബൈക്ക് മെക്കാനിക്ക് ആയി, പെട്രോൾ പമ്പിലും കൺസ്ട്രക്ഷൻ സൈറ്റിലും ജോലി ചെയ്തു! സിനിമ വിട്ട ശേഷമുള്ള ജീവിതം പറഞ്ഞ് അബ്ബാസ്

abbas

ഒരു കാലത്ത് തെന്നിന്ത്യയുടെ പ്രിയതാരമായിരുന്നു അബ്ബാസ്. തമിഴിലും മലയാളത്തിലുമുൾപ്പടെ നായക–സഹനായക വേഷങ്ങളിൽ വലിയ വിജയങ്ങളുടെ ഭാഗമായ അബ്ബാസ് കഴിഞ്ഞ കുറച്ചു കാലമായി സിനിമയിൽ നിന്നു പൂർണമായും വിട്ടു നിൽക്കുകയാണ്. കുടുംബത്തോടൊപ്പം ന്യൂസിലൻഡിലാണ് താരം.

ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ അറിയാക്കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ന്യൂസിലൻഡിൽ പെട്രോൾ പമ്പു മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലി ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ തന്റെ കുട്ടിക്കാല ഓർമകളും താരം പങ്കുവച്ചു.

‘‘ഇന്ത്യയിൽ ഒരു അഭിനേതാവ് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചാല്‍ അവർ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരാൽ എപ്പോഴും നിരീക്ഷിക്കപ്പെടും. ന്യൂസിലൻഡിൽ എന്നെ ഇങ്ങനെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം ഞാൻ പെട്രോൾ പമ്പിൽ ജോലി നോക്കി. ബൈക്ക് മെക്കാനിക്ക് ആയി. കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി എടുത്തിട്ടുണ്ട്. ഇതിനിടെ ഓസ്ട്രേലിയയിൽ പോയി പബ്ലിക് സ്പീക്കിങ്ങിൽ സർട്ടിഫിക്കേഷൻ കോഴ്സ് ചെയ്തു. അതിനും ഒരു കാരണമുണ്ട്. ആത്മഹത്യാ പ്രവണതയുള്ള കൗമാരക്കാരെ അത്തരം ചിന്തകളിൽ നിന്നു മോചിപ്പിക്കാനും അവരെ ബോധവൽക്കരിക്കുന്നതിനും എനിക്ക് ആഗ്രഹമുണ്ട്. കാരണം കുട്ടിക്കാലത്ത് ഏറെ ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു ഞാൻ’’. – താരം പറയുന്നു.

ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് അറിയില്ലെന്നും ഇപ്പോൾ താൻ ഹാപ്പിയാണെന്നും അബ്ബാസ് പറഞ്ഞു.