നടി രാകുല്‍ പ്രീത് സിങ്ങിന്റെ സഹോദരനും നടനുമായ അമന്‍ പ്രീത് സിങ്ങിനെ മയക്കുമരുന്നു കേസില്‍ അറസ്റ്റ് ചെയ്തു. കൊക്കെയ്ന്‍ കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് അമന്‍ പ്രീതും അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധനന്‍, നിഖില്‍ ദമാന്‍ എന്നീ സുഹൃത്തുക്കളും പിടിയിലായത്.
സൈബര്‍ബാദ് പോലീസിന് കീഴില്‍ വരുന്ന എസ്.ഒ.ടി പോലീസും മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നര്‍സിംഗിയിലെ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഏകദേശം 35 ലക്ഷം വിലവരുന്ന 199 ഗ്രാം കൊക്കൈയ്‌ന്‍ ഇവരിൽ നിന്നു പിടിച്ചെടുത്തത്. ഒപ്പം രണ്ട് പാസ്‌പോര്‍ട്ട്, രണ്ടു ബൈക്കുകള്‍, 10 മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു.
വൈദ്യ പരിശോധനയില്‍ ഇവർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഹൈദരാബാദ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നഗരത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് കൊക്കെയ്ന്‍ വില്‍പന നടത്തുന്ന രണ്ടു നൈജീരിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് വാങ്ങിയിരുന്ന അമനെയും സുഹൃത്തുക്കളും അറസ്റ്റിലായത്.
2021ല്‍ രാകുല്‍ പ്രീതിനെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2021, 2022 വര്‍ഷങ്ങളില്‍ അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.