Thursday 07 January 2021 12:46 PM IST : By സ്വന്തം ലേഖകൻ

‘ചിലവേറിയ ഉദ്ഘാടന പ്രകടനങ്ങൾ നിർത്തലാക്കുക; പാലം തുറന്നുകൊടുത്തവരെ അഭിനന്ദിക്കുകയാണ് വേണ്ടത്’: തമ്പി ആന്റണി പറയുന്നു

vytila-flyytess

എറണാകുളത്തെ പണി പൂർത്തിയായ മേൽപാലം യാത്രക്കാർക്കായി തുറന്നുകൊടുത്ത വി ഫോർ കേരള എന്ന പൊതുജന കൂട്ടായ്മയെ അഭിനന്ദിച്ച് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി. പാലങ്ങളും കലുങ്കുകളും തുടങ്ങി പൊതു ശൗചാലയങ്ങൾ പോലും വോട്ടിനും പ്രശസ്തിക്കും വേണ്ടി മാത്രമായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരുടെ ഈ ചിലവേറിയ ഉദ്ഘാടനച്ചടങ്ങുകൾ നിർത്തലാക്കണമെന്നും അദ്ദേഹം പറയുന്നു.

തമ്പി ആന്റണിയുടെ വാക്കുകൾ ഇങ്ങനെ; 

ഉദ്ഘാടന പ്രകടനങ്ങൾ !

ആദ്യമായി എറണാകുളത്തെ പണി പൂർത്തിയായ മേൽപാലം ജനങ്ങൾക്കായി തുറന്നുവിട്ട വി ഫോർ എന്ന പൊതുജന കൂട്ടായ്മയ്ക്ക്  അഭിനന്ദനങ്ങൾ പറയട്ടെ. കുറെയേറെ വർഷങ്ങളായി അമേരിക്കയിൽ താമസം തുടങ്ങിയിട്ടെങ്കിലും ജനാധിപത്യ രാജ്യമായ ഇവിടെ ഏതെങ്കിലും പാലമോ മന്ദിരങ്ങളോ രാഷ്ട്രീയക്കാർ ഉദ്ഘാടനം ചെയ്യുന്നതായി കേട്ടറിവ് പോലുമില്ല. 

ലോകപ്രശസ്തമായ സാൻ ഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് സന്ദർശിച്ചവർക്കറിയാം. അവിടെ വച്ചിരിക്കുന്ന പ്രതിമപോലും രാഷ്ട്രീയക്കാരുടേതല്ല. ആ പാലം രൂപകൽപ്പന ചെയിത ജോസഫ് സ്റ്റെറസ്സ് (Joseph Strauss) എന്ന എൻജിനീയറുടേതാണ്. അതേ പാലത്തിന്റെ അൻപതാമത്തെ വർഷം 1987 മെയ് 24–ൽ  ആഘോഷിച്ചത് പാലം തുറന്നു ജനക്കൂട്ടത്തെ കയറ്റിവിട്ടുകൊണ്ടാണ്. മൂവായിരത്തിലധികം ആളുകളാണ് അന്ന് പാലത്തിലൂടെ കാൽനടയായി നടന്നുപോയത്.  ഞാനും അന്നവിടെ പോയിരുന്നു . വന്നവർക്കെല്ലാം സുവനീറായി പാലത്തിന്റെ പടമുള്ള ടീ ഷർട്ടുകൾ സൗജന്യമായി സർക്കാർ കൊടുക്കുകയും ചെയിതു. 1937 ലും ഈ പാലത്തിന്റെ ഉദ്ഘാടനത്തിനു ജനങ്ങളാണ് ആദ്യം കയറിയത്.

ഇപ്പോൾ നമ്മുടെ നാടായ കൊച്ചിയിൽ ആഴ്ചകളായി പണി പൂർത്തിയായ ഒരു മേൽപാലം തുറക്കാതെ ജനങ്ങളെ ട്രാഫിക് കുരുക്കിൽ കുരുക്കിയിട്ടത് സമയക്കുറവു കാരണമത്രേ, ഒരു മന്ത്രിയുടെ !. അപ്പോൾപിന്നെ ആരെങ്കിലും തുറന്നുവിട്ടതിൽ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്. വി ഫോർ അല്ല ആരായാലും അവരുടെ പ്രവർത്തി അഭിനന്ദനാർഹമാണ്. അവർ തുറന്നപ്പോൾ രണ്ടു സൈഡും തുറക്കാതെ പോയല്ലോ എന്നൊരു പരാതി മാത്രമേയുള്ളു, അങ്ങനെയെങ്കിൽ ആ സംരംഭം പൂർണമായും വിജയിക്കുമായിരുന്നുവെന്നാണ് തോന്നുന്നത്. 

അതുകൊണ്ട് ഇനിയെങ്കിലും പാലങ്ങളും കലുങ്കുകളും, എന്തിനു പറയുന്നു പൊതു ശൗചാലയങ്ങൾ പോലും വോട്ടിനും പ്രശസ്തിക്കും വേണ്ടി മാത്രമായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരുടെ ഈ ചിലവേറിയ ഉദ്ഘാടനച്ചടങ്ങുകൾ നിർത്തലാക്കുക. അല്ലെങ്കിൽ തന്നെ ഇന്റർനെറ്റ് സൗകര്യങ്ങൾ ഇത്രയധികം പുരോഗമിച്ച ഈ കാലഘട്ടത്തിൽ ഇതൊക്കെ മന്ത്രിമന്ദിരത്തിലിരുന്നു തന്നെ ചെയ്യാവുന്നതല്ലേ? 

വെള്ളപ്പൊക്കവും മറ്റു നാശനഷ്ടങ്ങൾ വരുമ്പോളും ഇവരുടെയൊക്കെ പ്രകടനങ്ങൾ ഒട്ടും മോശമല്ല. കോടിക്കണക്കിനു രൂപാ മുടക്കി പ്രധാനമന്ത്രി മുതൽ എംപി  വരെ ഡൽഹിയിൽ നിന്ന്  പാഞ്ഞു വന്നു ഹെലികോപ്റ്ററിൽ  പറന്നുനടന്നു കെടുതികൾ വീക്ഷിക്കേണ്ട ആവശ്യമുണ്ടോ? അവരവരുടെ ഭരണതലസ്ഥാനത്തിരുന്നു കൂടുതൽ വ്യക്തമായി ഒരു കംപ്യുട്ടർ സ്‌ക്രീനിൽ കാണാവുന്നതല്ലേയുള്ളു. ഈ അനാവശ്യമായ യാത്രകൾ മാത്രമല്ല എല്ലാ പാലങ്ങളും സർക്കാർ മന്ദിരങ്ങളും ജനങ്ങളുടെ നികുതിപണം കൊണ്ടുമാത്രമാണ് സാധിക്കുന്നതെന്നോർക്കണം.  

Tags:
  • Movies