Thursday 14 March 2019 06:04 PM IST : By സ്വന്തം ലേഖകൻ

സ്ഥാനാർത്ഥിയാകുമോ ? അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി അക്ഷയ് കുമാർ രംഗത്ത്

akshay-new

കരിയറിന്റെ ഒരു ഘട്ടം വരെ പക്കാ ബോളിവുഡ് മാസ് മസാലകളിലെ നായക മുഖമായിരുന്നു അക്ഷയ്കുമാർ. വൻ വിജയങ്ങളും വൻ പരാജയങ്ങളും കണ്ട കയറ്റിറക്കങ്ങൾക്കൊടുവിൽ, ബോളിവുഡിലെ വിലയേറിയ താരമെന്ന നിലയിലേക്കുയരാൻ അക്ഷയ് കുമാറിനെ പ്രാപ്തനാക്കിയത് രാഷ്ട്രീയ മാനമുള്ള സിനിമകളാണ്. ചരിത്ര – ജീവിത കഥകളുമായി, വേറിട്ട ഒരു ചലച്ചിത്രപാത വെട്ടിത്തുറന്ന അക്ഷയ് അതുകൊണ്ടു തന്നെ ‘എന്നാണ് രാഷ്ട്രീയത്തിലേക്കു വരുക’ എന്ന ചോദ്യം തുടർച്ചയായി നേരിടുന്ന ആളുമാണ്.

ഇപ്പോഴിതാ ഇലക്ഷന് മത്സരിക്കുമോയെന്ന ആരാധകരുടെ സംശയത്തിന് അക്ഷയ് തന്നെ നേരിട്ടു മറുപടി നൽകിയിരിക്കുന്നു.

പൊളിറ്റിക്സ് എന്റെ അജണ്ട അല്ലെന്നും സിനിമയിലൂടെ തനിക്ക് ചെയ്യാൻ പറ്റുന്നത് രാഷ്ട്രീയത്തിലൂടെ ഒരിക്കലും ചെയ്യാൻ പറ്റില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പല രാഷ്ട്രീയപാര്‍ട്ടികളും വരുന്ന ഇലക്ഷനിൽ അക്ഷയ് കുമാറിനെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. അതിനിടെയാണ് അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി താരം രംഗത്തെത്തിയത്.

ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ ‘കേസരി’യാണ് താരത്തിന്റെ വരാനിരിക്കുന്ന വൻ ചിത്രം. ചിത്രത്തിന്റെ ട്രെയിലർ ഹിറ്റാണ്.