Friday 19 July 2019 03:29 PM IST : By സ്വന്തം ലേഖകൻ

‘കഴിയുന്നത്ര ആളുകള്‍ അസമിനെ സഹായിക്കണം, ട്വീറ്റ് കൊണ്ടു മാത്രം കാര്യമില്ല’! 2 കോടി നൽകി അക്ഷയ്കുമാർ

akshay-new

പ്രളയത്തിൽ മുങ്ങിയ അസമിനു വേണ്ടി 2 കോടി രൂപ നൽകുമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. പ്രളയത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സംഭാവന എല്ലാവരും നല്‍കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തന്റെ പുതിയ ചിത്രമായ മിഷന്‍ മംഗളിന്റെ ട്രെയിലര്‍ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.

അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് നല്‍കിയത്.

‘എന്റെ കൈയില്‍ ധാരാളം പണമുണ്ട്. അസമില്‍, ജനങ്ങള്‍ വെളളത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ കണ്ടു. അത്തരം ദുരിതങ്ങള്‍ ഇല്ലാത്ത നമ്മള്‍ എത്രയോ ഭാഗ്യവാന്മാർ. ഇത് എനിക്കോ എന്റെ കുടുംബത്തിനോ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നും ഞാന്‍ ഭയപ്പെട്ടു’.– സംഭാവനയെ കുറിച്ചു പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.

കഴിയുന്നത്ര ആളുകള്‍ അസമിനെ സഹായിക്കണമെന്നും ട്വീറ്റ് ചെയ്തതു കൊണ്ടു മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അസമില്‍ പ്രളയം വന്‍ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്. കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെയാണ് പ്രളയം രൂക്ഷമായത്.