Saturday 22 June 2019 11:17 AM IST : By സ്വന്തം ലേഖകൻ

‘അല്ലിമോള്‍ക്ക് ആഭരണം വാങ്ങാന്‍ പോകുകയാണോ’ എന്ന് ആരാധകർ, ഹോളിഡേ ട്രിപ്പിന്റെ ചിത്രം പങ്കുവച്ച് സുപ്രിയ

alli-new

പൃഥ്വിയുടെ കൈ പിടിച്ച് എയർപോർട്ടിലൂടെ നടക്കുന്ന അല്ലിമോളുടെ ചിത്രം പങ്കുവച്ച് സുപ്രിയ. ‘ഡാഡയും അല്ലിയും’ എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പതിവു പോലെ അല്ലിയുടെ മുഖം ഇത്തവണയും കാണാനാകില്ല. ഇരുവരുടെയും പുറകില്‍ നിന്നുള്ള ചിത്രമാണ് സുപ്രിയ പകർത്തിയിരിക്കുന്നത്.

ചിത്രത്തിനു ലഭിച്ച രസകരമായൊരു കമന്റുകളിലൊന്ന്, ‘അല്ലിമോള്‍ക്ക് ആഭരണം വാങ്ങാന്‍ പോകുകയാണോ’ എന്നാണ്. മണിച്ചിത്രത്താഴിലെ പ്രശസ്തമായ ഡയലോഗാണിത്.

പൃഥ്വിരാജിനൊപ്പം മകള്‍ അല്ലി എന്ന അലംകൃതയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. അല്ലിയുടെ കുസൃതികളും വിശേഷങ്ങളും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും അല്ലിമോളുടെ മുഖം കാണിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ മാത്രം സുപ്രിയയോ പൃഥ്വിയോ പോസ്റ്റ് ചെയ്യാറില്ല.

കഴിഞ്ഞ ദിവസം അല്ലിമോള്‍ അവധി ആഘോഷിക്കാന്‍ പോകുകയാണ് എന്ന കാര്യം സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അല്ലിമോള്‍ക്കൊപ്പം മമ്മയും ഡാഡയും മാത്രമല്ല, പെപ്പയുമുണ്ടെന്നായിരുന്നു കുറിപ്പ്. കുട്ടികള്‍ക്കായുള്ള ഒരു ബ്രിട്ടീഷ് ആനിമേഷന്‍ ടെലിവിഷന്‍ പരമ്പരയാണ് പെപ്പ പിഗ്. മമ്മയ്ക്കും ദാദയ്ക്കുമൊപ്പം പെപ്പ പിഗ് ബാഗും ഡോളും വാട്ടര്‍ ബോട്ടിലുമായി അല്ലിമോള്‍ യാത്ര പോകുന്നതാണ് പുതിയ ചിത്രം.