ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച് സ്വന്തം വസതിയിലെത്തിയ അല്ലു അർജുനെ ഓടിവന്ന് ആലിംഗനം ചെയ്ത് ഭാര്യ സ്നേഹ റെഡ്ഡി. സന്തോഷത്താൽ കണ്ണുനിറഞ്ഞാണ് സ്നേഹ പ്രിയപ്പെട്ടവനെ സ്വീകരിച്ചത്. മക്കളായ അയാനും അർഹയും ഒപ്പമുണ്ടായിരുന്നു.
പുഷ്പ 2 സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് അല്ലു അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ വസതയിലെത്തിയാണ് പൊലീസ് അല്ലു അർജുനെ കസ്റ്റഡിയിൽ എടുത്തത്.
ജാമ്യം ലഭിച്ചിട്ടും ഇന്നലെ രാത്രി മുഴുവൻ താരം ചഞ്ചൽഗുഡ ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തതായിരുന്നു കാരണം. ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇന്ന് രാവിലെ ലഭിച്ചതോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.