Wednesday 15 May 2019 11:15 AM IST : By സ്വന്തം ലേഖകൻ

‘മിസ്റ്റര്‍ വേദന, നിങ്ങള്‍ ഇതു സ്വയം പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ തിരിച്ചടി നേരിടേണ്ടിവരും’! അനാരോഗ്യത്തില്‍ നിന്നു മടങ്ങി വന്ന് ബിഗ് ബി

amithab-new

ബോളിവുഡിന്റെ ഒരേയൊരു ബിഗ് ബിയാണ് അമിതാബ് ബച്ചൻ. പ്രായം തളർത്താത്ത താരമൂല്യവുമായി ഇപ്പോഴും അദ്ദേഹം നമ്പർ വൺ ആയി തുടരുന്നു. ആരാധകരുമായി എക്കാലവും ചേർന്നു നിൽക്കാൻ ശ്രമിക്കാറുള്ള അദ്ദേഹം, എല്ലാ ഞായറാഴ്ചയും മുംബൈയിലെ വീട്ടിൽ ആരാധകരെ കാണാനായി സമയം ചെലവഴിക്കാറുണ്ട്. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച ആ പതിവ് തെറ്റി.

ജല്‍സയിലെ വീട്ടില്‍ ഈയാഴ്ച ആരാധകരിമായി കാണില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ആരോഗ്യക്കുറവും ശരീര വേദനയുമായിരുന്നു കാരണം.

എന്നാല്‍, വേദനയുടെ പിടിയിൽ പെട്ടു പിടയാൻ എഴുപത്തിയാറുകാരനായ അദ്ദേഹം തയാറായിരുന്നില്ല. അനാരോഗ്യത്തില്‍ നിന്നു വേഗത്തിൽ മടങ്ങി വന്ന താരം തന്റെ പുതിയ ചിത്രമായ ‘ചെഹ്‌ര’ യുടെ ഭാഗമായി. ഇപ്പോഴിതാ ഈ വേദനയെ താന്‍ കീഴ്പ്പെടുത്തിയത് എങ്ങനെയാണെന്ന് തന്റെ ബ്ലോഗ് കുറിപ്പിലൂടെ താരം വെളിപ്പെടുത്തിരിക്കുകയാണ്.

‘വേദനയുടെ വെല്ലുവിളി നേരിടുകയെന്നതും അതിനോടു മത്സരിക്കുന്നതും ഒരു ബദല്‍ കണ്ടെത്തുന്നതും യുദ്ധമുഖം തുറന്നിടും പോലെയായിരുന്നു. നമ്മള്‍ തിരികെ വെല്ലുവിളിക്കും വരെ അതു നമ്മളെ അടക്കി ഭരിക്കും. നല്ല ഇടത്തില്‍ നിന്നാണെങ്കില്‍ ആധിപത്യം നല്ലതാണെങ്കിലും അടിച്ചമര്‍ത്തുന്നവരില്‍ നിന്നാണെങ്കില്‍ എതിർത്തു നിൽക്കുക എന്നതാണ് ആവശ്യം’.– അദ്ദേഹം കുറിച്ചു.

‘ശാന്തനായി, മനസ്സിലാകുന്ന ഭാഷയില്‍ ഞാന്‍ അതിനോടു സംസാരിച്ചു. ‘മിസ്റ്റര്‍ വേദന, നിങ്ങള്‍ ഇതു സ്വയം പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ തിരിച്ചടി നേരിടേണ്ടിവരും. ഇതു നിങ്ങളെ തന്നെയാകും ബാധിക്കുക. എനിക്കതു ചെയ്യാനാകും. ഇതിനെ നിസ്സാരമായി കണുകയോ ചിരിച്ചുതള്ളുകയോ വേണ്ട. തുടക്കത്തില്‍ ചില മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ സന്ധിശ്രമങ്ങള്‍ ഫലവത്തായി. ഫലം കണ്ടുതുടങ്ങിയെന്നാണ് എന്റെ വിശ്വാസം’- ബച്ചന്‍ കുറിച്ചു.

ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ചെഹ്‌രെ’. ചിത്രം 2020 ഫെബ്രുവരി 21ന് റിലീസിനെത്തും.