Saturday 19 January 2019 02:31 PM IST : By സ്വന്തം ലേഖകൻ

'എന്റെ മകള്‍ ഒരിക്കലും ദുര്‍ബലയായ ഒരമ്മയുടെ മകളായി അറിയപ്പെടരുത്'; മനസ്സു തുറന്ന് അമൃത സുരേഷ്

amritha-pappu

ചെറുപ്രായത്തിൽ തന്നെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തളർത്തിയ പെൺകുട്ടിയാണ് ഗായിക അമൃത സുരേഷ്. ഇക്കാലമെല്ലാം ഏറ്റവും ദുഃഖകരമായ അവസ്ഥകൾ പോലും പുഞ്ചിരിച്ചു കൊണ്ട് നേരിടുകയായിരുന്നു അമൃത. ഇന്ന് അറിയപ്പെടുന്ന പാട്ടുകാരിയും വ്ലോഗറുമൊക്കെയാണ് അമൃത. ജീവിതസാഹചര്യങ്ങളും തിക്താനുഭവങ്ങളും തന്നെ പാവം അമൃതയില്‍ നിന്നും കരുത്തുള്ളവളാക്കിയതെങ്ങനെയെന്ന് അമൃത സുരേഷ് വെളിപ്പെടുത്തി.

"പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഞാൻ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. അവിടെ നിന്നാണ് ജീവിതത്തിലേക്ക് നടന്നുകയറുന്നത്. അതുവരെയുള്ള അമൃതയെ മാത്രമേ ജനങ്ങള്‍ക്കറിയൂ. എന്നാല്‍ ഞാൻ നടന്നുകയറിയ സ്വപ്നജീവിതം പേടിസ്വപ്നമായി മാറുകയായിരുന്നു. പഠനം അവസാനിപ്പിച്ചാണ് വിവാഹം കഴിച്ചത്.

അന്ന് എനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ചോര്‍ത്ത് ഒരുപാട് കരഞ്ഞു, ആരോടും പരാതി പറഞ്ഞില്ല. ആ ജീവിതം വിട്ട് ഇറങ്ങിയപ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം സീറോ ബാലന്‍സും രണ്ടു വയസുള്ള കുഞ്ഞുമായിരുന്നു. ഞാന്‍ ഒന്നും പ്രതികരിക്കാതെയിരുന്നപ്പോള്‍ അമൃത സുരേഷിനെ ഒന്നിനും കൊള്ളില്ല എന്ന് എല്ലാവരും മുദ്രകുത്തി. പിന്നെ അഹങ്കാരി എന്ന് പറഞ്ഞു. അന്നെനിക്ക് താങ്ങും തണലുമായി നിന്നത് എന്റെ കുടുംബമാണ്.

ഇന്ന് എന്റെ കുഞ്ഞിന്റെ കൈപിടിച്ച് നില്‍ക്കുമ്പോഴാണ് ഞാന്‍ എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിയുന്നത്. പത്തുവര്‍ഷം മുമ്പുള്ള അമൃത എന്തിനും ഏതിനും പൊട്ടിക്കരയുന്നവളായിരുന്നു. എന്റെ മകള്‍ ഒരിക്കലും ദുര്‍ബലയായ ഒരു അമ്മയുടെ മകളായി അറിയപ്പെടരുത്. അവള്‍ വളരെ കരുത്തയായ ഒരു അമ്മയുടെ മകളായി ജീവിക്കണം. ഇപ്പോള്‍ ഞാന്‍ ആരാണെന്ന് എനിക്കറിയാം. ആ ലക്ഷ്യമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്."- അമൃത സുരേഷ് പറയുന്നു.