Thursday 19 July 2018 02:11 PM IST : By സ്വന്തം ലേഖകൻ

അനുഷ്കയുടെ അമ്മ പറയുന്നു; ‘പ്രഭാസിനെ പോലൊരു മരുമകനെ വേണം’

anuska

പ്രഭാസ്–അനുഷ്ക പ്രണയ വാർത്തകൾക്കും ഗോസിപ്പുകൾക്കും കാലങ്ങളോളം പഴക്കമുണ്ട്. ബാഹുബലി ഇറങ്ങിയപ്പോള്‍ ആ പ്രണയവാർത്തകൾ ഒന്നു കൂടി ചൂടുപിടിക്കുകയും ചെയ്തു. പ്രഭാസ് അനുഷ്കയെ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന തരത്തില്‍ വാർത്തകളും പുറത്തു വന്നിരുന്നു.

പക്ഷേ തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ഇതുവരെ താരങ്ങള്‍ സമ്മതിച്ചിട്ടില്ല എന്നത് മറ്റൊരു സത്യം. സംഗതി അങ്ങനെയൊക്കെയാണെങ്കിലും അനുഷ്‌ക ഉടന്‍ തന്നെ വിവാഹിതയാകുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തു നിന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെ എല്ലാം തള്ളി അനുഷ്‌കയുടെ അമ്മ പ്രഫുല്ല ഷെട്ടി തന്നെ രംഗത്തു വന്നിരിക്കുന്നു.

‘‘അനുഷ്‌കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവര്‍ സ്‌ക്രീനില്‍ നല്ല ജോടിയാണ്. പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്.’’ പ്രുഫുല്ല ഷെട്ടി പറഞ്ഞതായി ഒരു തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ ഭാഗ്മതിക്ക് ശേഷം അനുഷ്‌ക പുതിയ സിനിമകളൊന്നും ഏറ്റെടുത്തില്ല.  സുജീത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണ തിരക്കിലാണ്  പ്രഭാസ്.