Tuesday 11 September 2018 10:18 AM IST : By സ്വന്തം ലേഖകൻ

‘പ്രളയക്കടൽ താണ്ടി എന്റെ ജീവൻ, അവന്തിക’; അപ്പാനി ശരതിന് പെൺകുഞ്ഞ്

sarath

ഈ പ്രളയകാലം കണ്ട ദൈന്യത നിറഞ്ഞ മുഖങ്ങളിലൊന്നായിരുന്നു സിനിമാ താരം അപ്പാനി ശരത്തിന്റേത്. ദുരിതപ്പേമാരിക്കു നടുവിൽ അകപ്പെട്ടു പോയ ഗർഭിണിയായ ഭാര്യയെ രക്ഷിക്കണമെന്ന കണ്ണീരണിഞ്ഞുള്ള ശരത്തിന്റെ വാക്കുകൾ മലയാളി മനസിനെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയത്.

ഇപ്പോഴിതാ ആശങ്കയുടെ കാർമേഘങ്ങൾ ഒഴിഞ്ഞു പോയിരിക്കുന്നു. പ്രേക്ഷകർ കാത്തിരുന്ന ആ സന്തോഷവാർത്ത ശരത് തന്നെ പങ്കുവച്ചിരിക്കുകയാണ്. തന്റെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നും അമ്മയും കുഞ്ഞു സുഖമായിരിക്കുന്നുവെന്നും ശരത്തിന്റെ വാക്കുകൾ. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനം.

സന്തോഷവാർത്ത അറിയിക്കുക മാത്രമല്ല കുഞ്ഞതിഥിയെ പ്രേക്ഷകർക്കു പരിചയപ്പെടുത്തുകയാണ്ശരത്. സോഷ്യൽ മീഡിയയിൽ കുഞ്ഞതിഥിയുടെ ചിത്രവും ശരത് പങ്കുവച്ചിട്ടുണ്ട്.

സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ശരത് പറയുകയുണ്ടായി. പ്രളയ ജലം താണ്ടിയെത്തിയ തന്റെ ജീവന് 'അവന്തിക ശരത്‌' എന്ന് പേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശരത് പറഞ്ഞു.

ചെങ്ങന്നൂർ വെൺമണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അപ്പാനി ശരത് ഫെയ്സ്ബുക്ക് ലൈവിൽ വന്ന വിഡിയോ വലിയ ചര്‍ച്ചയായിരുന്നു. പ്രളയം കേരളത്തെ മുക്കുമ്പോൾ ചെന്നൈയിൽ ഷൂട്ടിംഗിലായിരുന്നു ശരത്.