Monday 11 February 2019 02:19 PM IST : By സ്വന്തം ലേഖകൻ

ഏറ്റവും ക്രൂരയായ സൈക്കോ വില്ലത്തി! ‘മായാനദി’യിലെ അപ്പു പ്രേക്ഷകർ കരുതിയ ആളല്ല: കുറിപ്പ് വൈറൽ

mayanadi-new

മലയാളി ചെറുപ്പം ഹൃദയം കൊണ്ടു തൊട്ടനുഭവിച്ചതാണ് ‘മായാനദി’യിലെ മാത്തന്റെയും അപ്പുവിന്റെയും പ്രണയം. ദുരന്തത്തിൽ അവസാനിക്കുന്നുവെങ്കിലും തീവ്രമായ അനുരാഗത്തിന്റെ വർണ്ണങ്ങളാണ് അവരുടെ പ്രണയത്തിനു ശോഭപകർന്നത്. എന്നാൽ മാത്തന്റെ പ്രിയപ്പെട്ടവളായ അപ്പു മലയാളസിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തിയാണെന്നാണ് ദേശബന്ധു ഒ.കെ എന്ന യുവാവിന്റെ കണ്ടെത്തൽ. ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച അപ്പു സൈക്കോ നായികയാണെന്ന തരത്തിൽ ദേശബന്ധു എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. സിനിമയിലെ പല രംഗങ്ങളും എടുത്തുപറഞ്ഞാണ് യുവാവിന്റെ പോസ്റ്റ്. ചില സിനിമാസ്വാദന ഗ്രൂപ്പുകളിലാണ് ഈ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുറിപ്പ് വായിക്കാം;

ഒരിക്കൽകൂടി മായാനദി കണ്ടു.

അപ്പുവിനെ ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചു.

ആരാണ് അപർണ്ണാ രവി ??

മലയാള സിനിമ കാണാത്ത ഏറ്റവും മികച്ച സൈക്കോ വില്ലത്തി !!

സംവിധായകൻ പലയിടത്തായി അത് പറഞ്ഞു വയ്ക്കുന്നുണ്ടെങ്കിലും ആ ബ്രില്ലിയൻസ് അധികമാരും ശ്രദ്ധിക്കാതെപോയി.

ആദ്യ സീനിലെ ഇൻട്രോയിൽ തന്നെ അപ്പു ആരെന്നു പറയുന്നു, സിനിമ എന്നത് മാത്രമാണ് അവളുടെ ലക്ഷ്യം.

അടുത്തത് കല്യാണ പാർട്ടിയിൽ നടക്കുന്ന ഒരു സീനിൽ അപർണ്ണയുടെ രണ്ട് വ്യത്യസ്ത സ്വഭാവങ്ങളാണ് എഴുത്തുകാരൻ വരച്ചിടുന്നത്. അമ്മയെ അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിന് നടക്കുകയും രാത്രി തനിച്ചിറങ്ങി പോകുകയും കാമുകനുമായി കറങ്ങുകയും കിസ്സടിക്കുകയും വരെ ചെയ്യുന്ന പുരോഗമനവാദിയായ ഒരു പെൺകുട്ടിയാണ് ശരിക്കും അവൾ. അതെ അവൾ അനിയനോട് ‘കിസ്സ് ഓഫ് ലൗ’ ന്റെ പോസ്റ്റ് ഷെയർ ചെയ്തതിന് പുച്ഛത്തോടെ ദേഷ്യപ്പെടുന്നു.

ഇതിൽ നിന്ന് തന്നെ അപ്പുവിന്റെ ക്യാരക്ടർ വ്യക്തമാണ്. നല്ല പെൺകുട്ടി എന്ന് പുറമെ മറ്റുള്ളവർക്ക് മുന്നിൽ അഭിനയിക്കുകയും അതെ സമയം അതിനു എതിരായി പ്രവർത്തിക്കുകയും ചെയ്യുന്ന സൈക്കോയാണ് അപർണ്ണ രവി എന്ന അപ്പു.

അത്രമേൽ സ്നേഹിക്കുന്ന മാത്തനെ എന്നും തന്റെ പുറകിന് നടത്താൻ മാത്രമേ അവൾ ആഗ്രഹിക്കുന്നുള്ളു.

മാത്തനെ എപ്പോഴും യൂസ് ചെയ്യുകയാണ് അപ്പു. രാത്രി തനിച്ചു നടക്കുമ്പോൾ കൂട്ടിനും, കാസറഗോഡ് ആഡ് ഷൂട്ടിനു പോവുമ്പോൾ ഒരു ബോഡിഗാർഡായും. കോൺഫിഡൻസ് ഇല്ലാതായപ്പോൾ മോട്ടിവേഷൻ ചെയ്യാനായും, സന്തോഷം തോന്നിയപ്പോൾ സെക്സ് ചെയ്യാനായും ഒക്കെ, കാണുമ്പോൾ മറ്റുള്ളവർക്ക് പ്രണയം എന്നൊക്കെ തോന്നുമെങ്കിലും അത്രമേൽ മനോഹരമായി മാത്തന്റെ ഇഷ്ടത്തെ അവൾ ഉപയോഗിക്കുകയായിരുന്നു.

ഒരുമിച്ചു നടന്നിട്ട് മനസ്സുകൊണ്ട് അകലത്തിൽ ആണെന്ന് പറയുക, ചായ കൊടുക്കാൻ വിളിച്ചു വരുത്തി അപമാനിച്ചു വിടുക, സെക്സ് ചെയ്യാൻ കൂട്ടിക്കോണ്ട് വന്നു അതുകഴിഞ്ഞു sex is not a promise എന്ന് പറയുക. ഇതൊക്കെ തന്നെ അപ്പുവിലെ സൈക്കോയേ വെളിവാക്കുന്നതാണ്.

ഓരോ തവണ കാണാൻ വരുമ്പോഴും മാത്തനെ വേദനിപ്പിച്ചു മാത്രമേ അവൾ പറഞ്ഞു വിട്ടിട്ടുള്ളൂ. അത് കണ്ടു രഹസ്യമായി അവൾ ആസ്വദിച്ചിരിക്കണം.

ഏറ്റവും പ്രധാനപെട്ട ഒരു കാര്യം, മുൻപ് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല,

സമീറയുടെ നെവൽ സോങ് സീക്വൻസ് കട്ട് ചെയ്തു ഇക്കായ്ക്ക് അയച്ചു കൊടുക്കുന്നത് മറ്റാരുമല്ല അപ്പു തന്നെയാണ്. വേണ്ടാന്ന് വച്ചത് നല്ലൊരു റോൾ ആണെന്നും അത് തനിക്ക് കിട്ടിയെന്നും സമീറയിൽ നിന്നും അറിയുന്ന അപ്പു. എഡിറ്ററുടെ കയ്യിൽ നിന്നും വീഡിയോ സംഘടിപ്പിച്ചു സമീറയുടെ ഫോണിൽ നിന്നും ഇക്കയുടെ നമ്പർഅടിച്ചുമാറ്റി വിദഗ്ദമായി മറ്റൊരാൾ വഴി അത് ഇക്കയ്ക്ക് അയക്കുകയായിരുന്നു.

അപ്പുവിന്റെ കണക്ക് കൂട്ടൽ തെറ്റിയില്ല സമീറയെ ഇക്ക വിളിച്ചുകൊണ്ടു പോവുകയും ആ കഥാപാത്രം അപ്പുവിന് കിട്ടുകയും ചെയ്തു. അതോടെ തന്റെ സിനിമ കരിയറിനും പുതിയ ബന്ധങ്ങൾക്കും വേണ്ടി എടുത്ത അടുത്ത തീരുമാനം മാത്തനെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക എന്നതായിരുന്നു.

അപ്പു ആരെയും സ്നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

അമ്മയുടെ മുന്നിൽ, അനിയനോട്, കൂട്ടുകാരികളുടെ അടുത്ത്, അവൾക്ക് എങ്ങനെ മാത്തനെ സ്നേഹിക്കാൻ കഴിയും.

സമീറയെ ചിരിച്ചുകൊണ്ട് കഴുത്ത് അറുത്തതു പോലെ. നിസ്സാരമായി അവൾ മാത്തനെയും ഒറ്റിക്കൊടുത്തു.. ?

എന്നിട്ടും രാത്രി തനിച്ചു നടന്നപ്പോൾ ഒരു പൂച്ചയെ പോലെ കൂട്ടിനു പിന്നാലെ നടക്കാൻ അവൻ ഇല്ലല്ലോ എന്ന് അവൾ പരിഹസിക്കുന്നുമുണ്ട്.

മലയാള സിനിമ കാണാത്ത ഏറ്റവും ക്രൂരയായ സൈക്കോ വില്ലത്തി അപർണ്ണ രവി...