Saturday 20 July 2019 10:27 AM IST : By സ്വന്തം ലേഖകൻ

‘പിരിഞ്ഞു എന്നതിന് പരസ്പരം വെറുക്കുന്നു എന്നല്ല അർത്ഥം’! മലൈകയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അർബാസ്

arbaaz-new

ബി ടൗണിലെ പ്രശസ്തമായ പ്രണയ വിവാഹവും വിവാഹ മോചനവുമായിരുന്നു അർബാസ് ഖാന്റെയും മലൈക അറോറയുടെയും. ഇരുവരും ബോളിവുഡ് താരങ്ങളും ഒന്നിച്ചഭിനയിച്ചിട്ടുള്ളവരുമാണ്. മലൈകയും സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയായ അര്‍ബാസും 18 വർഷം നീണ്ട ദാമ്പത്യബന്ധം അവസാനിച്ചതും അര്‍ബാസ് ജോര്‍ജിയയുമായും മലൈക അര്‍ജുന്‍ കപൂറുമായും അടുക്കുകയും തങ്ങളുടെ പ്രണയങ്ങള്‍ പരസ്യമാക്കുകയും ചെയ്തതുമൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

ഇപ്പോഴിതാ, വേര്‍പിരിയലിന് ശേഷവും മലൈകയുമായി തുടരുന്ന സൗഹൃദത്തെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അർബാസ് തുറന്നു പറഞ്ഞിരിക്കുന്നു.

‘ഞങ്ങള്‍ ഒരുപാട് വര്‍ഷം ഒന്നിച്ച് ജീവിച്ചു. ധാരാളം ഓര്‍മകള്‍ പങ്കുവച്ചു. ഏറ്റവും പ്രധാനം ഞങ്ങള്‍ക്ക് ഒരു മകനുണ്ടെന്നതാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിടയില്‍ ബഹുമാനം നിലനില്‍ക്കുന്നു. ചില കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായി. അതുകൊണ്ടു പിരിഞ്ഞു. അതിനര്‍ത്ഥം പരസ്പരം വെറുക്കുന്നു എന്നല്ല. ഞങ്ങള്‍ പക്വതയുള്ള വ്യക്തികളാണ്. ഞങ്ങള്‍ ഇതിനെ ബഹുമാനത്തോടെയും അന്തസ്സോടെയുമാണ് സമീപിക്കുന്നത്. മലൈകയുടെ കുടുംബവുമായും ഞാന്‍ നല്ല സൗഹൃദത്തിലാണ്. ഞങ്ങള്‍ക്ക് പരസ്പരം പൊരുത്തപ്പെട്ട് പോകാനാവില്ലെന്ന് തോന്നിയപ്പോള്‍ പിരിയാന്‍ തീരുമാനിച്ചു. മകനാണ് ഞങ്ങളെ ഒരുമിച്ച് നിര്‍ത്തുന്ന ഘടകം അവന്‍ വളര്‍ന്നു വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടും’.– അര്‍ബാസ് വ്യക്തമാക്കി.

1998 ലാണ് അര്‍ബാസും മലൈകയും വിവാഹിതരായത്. ഇരുവര്‍ക്കും പതിനാറ് വയസ്സുള്ള മകനുണ്ട്. 2017 ലാണ് പരസ്പര സമ്മതപ്രകാരം ഇവർ വിവാഹമോചിതരായത്.