2018ൽ ആരംഭിച്ച്, രണ്ട് വര്‍ഷത്തോളം ചിത്രീകരിച്ച‘ബാഹുബലി’ വെബ് സീരീസ് പ്രിവ്യൂ കണ്ട ശേഷം ഉപേക്ഷിച്ച നെറ്റ്ഫ്ലിക്സിന്റെ തീരുമാനം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സീരീസിനു വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി രൂപയാണെന്ന് നടൻ ബിജയ് ആനന്ദ് വെളിപ്പെടുത്തിയതോടെ ചർച്ചകൾ സജീവമാകുകയാണ്. പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിജയ് ആനന്ദ് ആണ്. ജീവിതത്തിലെ രണ്ട് വർഷം വെറുതെയായെന്നും ഈ പ്രോജക്ട് കാരണം പ്രഭാസിനൊപ്പമുള്ള ‘സാഹോ’ സിനിമ വരെ തനിക്കു നഷ്ടപ്പെട്ടുവെന്നും ഒരു അഭിമുഖത്തിൽ ബിജയ് വെളിപ്പെടുത്തി.
‘നെറ്റ്ഫ്ലിക്സ് മനസ്സിൽ കണ്ടതുപോലെയല്ല ഷോയുടെ ഫൈനൽ ഔട്ട് വന്നത്. ഇതിനായി 80 കോടി രൂപ ചെലവഴിച്ചതായാണ് വിവരം.’– ബിജയ് ആനന്ദ് പറഞ്ഞു.
ബാഹുബലി സിനിമകളുടെ കൂറ്റന്‍ വിജയത്തിന് ശേഷം 2018ൽ, എസ്.എസ്.രാജമൗലിയുടെ പിന്തുണയോടെയാണു നെറ്റ്ഫ്ലിക്സ് ‘ബാഹുബലി: ബിഫോർ ദ് ബിഗിനിങ്’ പ്രഖ്യാപിച്ചത്. മലയാളി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുസ്തകം ‘ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കിയായിരുന്നു നിർമാണം. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍.