Friday 16 November 2018 11:05 AM IST : By സ്വന്തം ലേഖകൻ

‘ബൂട്ടിയയും ഗോപിചന്ദും വെള്ളിത്തിരയിൽ’; പ്രതീക്ഷയോടെ പുത്തൻ ബയോപിക്കുകൾ

bio-new

കായികതാരങ്ങളുടെ ജീവിത കഥ പറയുന്ന ചിത്രങ്ങൾക്ക് ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് ബോളിവുഡിൽ വൻ മാർക്കറ്റാണ്. സൂപ്പർ താരങ്ങളുൾപ്പടെ ഇത്തരം സിനിമകളിൽ പങ്കാളികളാകുന്നതിൽ വലിയ താത്പര്യം കാണിക്കാറുണ്ട്.

ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമായ ബൈച്ചുങ് ബൂട്ടിയയുടെയും ഇന്ത്യൻ ബാഡ്മിന്റണ്‍ താരമായിരുന്ന പുല്ലേല ഗോപിചന്ദിന്റെയും ജീവിതകഥ സിനിമയാകുന്നു.

ബൈച്ചുങിന്റെ ബയോപിക് സംവിധാനം ചെയ്യുന്നത് ‘സില ഗാസിയാബാദ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആനന്ദ് കുമാറാണ്.

ചിത്രത്തില്‍ ആരെ നായകനാക്കണം എന്ന ചര്‍ച്ച പുരോഗമിക്കുകയാണ്. തന്റെ ജീവിതം സിനിമയാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബൂട്ടിയ പറഞ്ഞു. വെളളിത്തിരയിലേക്ക് പകര്‍ത്താന്‍ മാത്രം പോന്ന ജീവിതകഥ തനിക്കുണ്ടെന്ന് അറിയുന്നതില്‍ സന്തോഷം തോന്നുന്നതായി അദ്ദേഹം വ്യക്തമാക്കി.

‘‘സിക്കിമിലെ ഒരു ചെറിയ നഗരത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് മാത്രമായിരുന്നില്ല എന്റെ സ്വപ്നം. സ്വന്തമായൊരു ഫുട്ബോള്‍ ക്ലബ്ബ് തുടങ്ങണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. യുണൈറ്റഡ് സിക്കിം ഉണ്ടാക്കിയതോടെ ആ സ്വപ്നവും നിറവേറി’’.– ബൂട്ടിയ പറഞ്ഞു.

സിക്കിമിലെ നമാച്ചി ഗ്രാമത്തിൽ കർഷകകുടുംബത്തിൽ ജനിച്ച ബൂട്ടിയ ചെറുപ്രായത്തിൽതന്നെ കാൽപന്ത് കളിക്കാൻ തുടങ്ങി. ഒരു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച ബൂട്ടിയ 107 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്. 1999-ൽ ഇംഗ്ലണ്ടിലെ ബറി ക്ലബ്ബിന് വേണ്ടി കളിച്ച ബൂട്ടിയ, യൂറോപ്പിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ്.2011 ഓഗസ്റ്റിൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു.

നടൻ സുധീര്‍ ബാബുവാണ് ഗോപിചന്ദായി വെള്ളിത്തിരയില്‍ എത്തുക. ബാഡ്മിന്റണ്‍ താരം കൂടിയായ സുധീര്‍ ബാബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുല്ലേല ഗോപിചന്ദാകാനുള്ള പരിശീലനം തുടങ്ങിയെന്നും സുധീര്‍ ബാബു വ്യക്തമാക്കുന്നു. ബാഡ്മിന്റണ്‍ പരിശീലിക്കുന്ന വീഡിയോയും സുധീര്‍ ബാബു ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രവീണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഗമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.