Thursday 23 September 2021 11:55 AM IST : By സ്വന്തം ലേഖകൻ

‘എന്റെ സിനിമയിലെ ഓഫർ നിരസിച്ചതിന് സായ് പല്ലവിക്ക് നന്ദി’: ചിരഞ്ജീവി പറഞ്ഞത്: വിഡിയോ

sai-pallavi

തെലുങ്കിലെ താരചക്രവർത്തി ചിരഞ്ജീവി നായകനായ ‘ഭോലാ ശങ്കറി’ലേക്കുള്ള അവസരം നടി സായി പല്ലവി നിരസിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, ആ വേഷം നിരസിച്ചതിന് സായി പല്ലവിയോട് നന്ദി പറഞ്ഞിരിക്കുകയാണ് ചിരഞ്ജീവി. നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യൂ ഷോ ചടങ്ങിലാണ് അദ്ദേഹം അതിന്റെ കാരണം പറഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭോലാ ശങ്കറില്‍ ചിരഞ്ജീവിയുടെ സഹോദരി വേഷത്തിലേക്കാണ് സായ് പല്ലവിയെ പരിഗണിച്ചിരുന്നത്.

സായി ഓഫർ നിരസിക്കണമേ എന്ന് താൻ ആഗ്രഹിച്ചിരുന്നതായും സായിയെ പോലെ ഒരു താരത്തിന്റെ സഹോദരനായി അഭിനയിക്കുന്നതിലും ഇഷ്ടം നായകനായി അഭിനയിക്കുന്നതാണെന്നും ചിരഞ്ജീവി പറഞ്ഞു.

തനിക്ക് റീമേക്ക് സിനിമകളിൽ അഭിനയിക്കുന്നതിൽ പേടിയുണ്ടെന്നും താൽപര്യം കുറവാണെന്നും അതുെകാണ്ടാണ് ഈ ഓഫർ നിരസിച്ചതെന്നും സായി അതേ വേദിയിൽ മറുപടി നൽകി. സാറിനൊപ്പം ഒരു നർത്തകിയായും നായികയായും അഭിനയിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സായി പറഞ്ഞു. അജിത്തിന്‍റെ ‘വേതാളം’ തെലുങ്ക് റീമേക്കാണ് ‘ഭോലാ ശങ്കര്‍’.