Saturday 20 April 2019 12:37 PM IST : By സ്വന്തം ലേഖകൻ

തിരഞ്ഞെടുപ്പ് ചൂടിൽ അച്ഛനുവേണ്ടി പാട്ടുപാടി ആറു വയസ്സുകാരി മകൾ; ഏറ്റെടുത്ത് സൈബർ ലോകം!

hibi-daughter43677

തിരഞ്ഞെടുപ്പ് ചൂടിൽ അച്ഛനുവേണ്ടി പാട്ടുപാടി വോട്ട് തേടി ആറു വയസ്സുകാരി മകൾ. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ മകൾ ആറ് വയസ്സുകാരി ക്ലാര അന്ന ഈഡനാണ് അച്ഛന് പിന്തുണ തേടി കൊണ്ടുള്ള പ്രചാരണ ഗാനം പാടിയത്. പാട്ട്  ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകൻ മെജോ ജോസഫ് ആണ്. 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും ഒരു കൊച്ചുകുട്ടി പാട്ടിലൂടെ വോട്ടർമാരുടെ പിന്തുണ തേടുന്നത്. കൊച്ചു ക്ലാരയുടെ കുസൃതികളും ഓമനത്വവും നിറഞ്ഞതാണ് പ്രചാരണ ഗാനം.  

സംഗീത സംവിധായകൻ മെജോ ജോസഫ് അയച്ചുകൊടുത്ത മൂന്ന് ട്യൂണുകളിൽ നിന്ന് ക്ലാര തന്നെയാണ് ഇഷ്ടപ്പെട്ട ട്യൂൺ തിരഞ്ഞെടുത്തതെന്ന് ഹൈബിയുടെ ഭാര്യ അന്ന ഈഡൻ പറയുന്നു. സംഗീതത്തിൽ ക്ലാരക്ക് ഒരു മികച്ച ഭാവിയുണ്ടെന്ന് മെജോയും പറയുന്നു. ഹൈബി ഈഡന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു മുന്നേ ക്ലാര പാടിയ ’പറയൂ പറയൂ തത്തമ്മേ’ എന്ന നഴ്സറി ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വിനായക് ശശികുമാറിന്റെതാണ് വരികൾ. വിഡിയോ കാണാം;