ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ദേവര’ യുടെ ട്രെയിലർ ഹിറ്റ്. തകർപ്പൻ ആക്ഷൻ രംഗങ്ങളാലും ഡയലോഗുകളാലും സമൃദ്ധമാകും ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാമാണ് അവതരിപ്പിക്കുന്നത്.
വില്ലൻ കഥാപാത്രമായ് സെയ്ഫ് അലി ഖാൻ എത്തുമ്പോൾ നായികയാകുന്നത് ജാൻവി കപൂറാണ്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ.