Thursday 24 May 2018 09:34 AM IST : By സ്വന്തം ലേഖകൻ

‘സിവ കലിപ്പിലാണ്’; അനുവാദമില്ലാതെ ഫോട്ടോ എടുത്തയാളോട് നോ പറഞ്ഞ് സിവ

siva

കളത്തിൽ ധോണിയാണ് താരമെങ്കിൽ കളത്തിനു പുറത്ത് സോഷ്യൽ മീഡിയയിൽ കുട്ടി സിവയാണ് താരം. പാട്ടും കളിചിരിയും കുറുമ്പുമായി സോഷ്യൽ മീ‍ഡിയയിൽ നിറഞ്ഞു നിൽക്കുന്ന ധോണിയുടെ പ്രിയ പുത്രിയെ, ആരാധകർക്ക് കൊഞ്ചിച്ച് കൊതി തീർന്നിട്ടില്ല.

സിവയുടെ പാട്ടും കുറുമ്പും ഹൃദയത്തിലേറ്റു വാങ്ങുന്ന ആരാധകർക്ക് മുന്നിലേക്ക് ഇതാ സിവ വീണ്ടുമെത്തിയിരിക്കുന്നു. ഇക്കുറി ആള് അൽപ്പം കലിപ്പിലാണ് കേട്ടോ?

ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരം കഴിഞ്ഞ ഇടവേളയിൽ സ്വസ്ഥമായിരുന്ന് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു സിവക്കുട്ടി. അപ്പോ ഇതായെത്തി ക്യാമറയും തൂക്കി ഒരു ചേട്ടൻ.

തന്റെ ഫോട്ടോ എടുക്കലാണ് ക്യാമറാമാൻ ചേട്ടന്റെ ഉദ്ദേശ്യമെന്ന് സിവയ്ക്ക് മനസിലായി. ഭക്ഷണം കഴിക്കുന്ന തന്റെ ഫോട്ടോ എടുക്കാൻ തുടങ്ങുക കൂടി ചെയ്തതോടെ സിവ ‘കലിപ്പിലായി’. ക്യാമറാമാനോട് നോ പറഞ്ഞ സിവ അനുവാദമില്ലാതെ ഫോട്ടോ എടുത്തതിലുള്ള നീരസം പ്രകടിപ്പിക്കുകയും ചെയ്തു

ഫോട്ടോ എടുക്കുന്നയാൾ ചിരിച്ചുകൊണ്ട് സോറി പറയുന്നതും കേൾക്കാം. അതിനിടയിൽ ഭക്ഷണം കഴിക്കൽ തുടരുന്നുമുണ്ട്. പറഞ്ഞു തീരേണ്ട താമസം കുറുമ്പും കുസൃതിയും നിറഞ്ഞ സിവയുടെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

കളിക്കളത്തിലെ സിവയുടെ അച്ഛൻ പൊതുവേ സൗമ്യനാണെന്നാണ് സംസാരം. എന്നാൽ കുട്ടി സിവ അത്ര കൂൾ ഒന്നുമല്ലെന്നാണ് തോന്നുന്നത്. അല്ലെങ്കിലും അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നത് അത്ര ശരിയല്ലല്ലോ അതും ഭക്ഷണം കഴിക്കുന്ന നേരത്ത്.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ കളിക്കിടെയുള്ള സിവയുടെ സാന്നിദ്ധ്യവും രസകരമായ മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ വൈറലായിരുന്നു. അച്ഛന്റെ മത്സരം എവിടെയുണ്ടെങ്കിലും അമ്മയോടൊപ്പം പറന്നെത്തും കക്ഷി.

അച്ഛന്റെ തൊപ്പി തലയിൽ നിന്നെടുക്കാൻ ശ്രമിക്കുന്ന കുട്ടി സിവയും സിവയെ കളിപ്പിക്കാൻ മുട്ടിൽ നിന്ന് കുറുമ്പു കാണിക്കുന്ന ധോണിയും കാമറകൾക്ക് വിരുന്നായിരുന്നു.