Monday 11 March 2019 04:32 PM IST : By സ്വന്തം ലേഖകൻ

നിറകണ്ണുമായി ദിലീപ് വീണ്ടും ജഡ്ജിയമ്മാവനു മുന്നിൽ ; വാർത്തകളിൽ നിറയുന്ന കോവിലിന്റെ ഐതിഹ്യം ഇങ്ങനെ

dileep

കേരളക്കരയിൽ കോളിളക്കം സൃഷ്ടിച്ച നടിയെ അക്രമിച്ച കേസിനൊപ്പം വാർത്തകളിൽ നിറഞ്ഞ മറ്റൊന്നു കൂടി ഉണ്ടായിരുന്നു. നീതി തേടി കോടതിക്കു മുന്നിലെത്തുന്നവർക്കും വ്യവഹാരങ്ങളില്‍ തീര്‍പ്പാകാതെ ബുദ്ധിമുട്ടുന്നവര്‍ക്കും ആശ്രയമായി മാറുന്ന ജഡ്ജിയമ്മാവന്‍ കോവിൽ! ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.

നടിയെ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടൻ ദിലീപ് ജഡ്ജിയമ്മാവനെ കണ്ട് അനുഗ്രഹം തേടിയപ്പോഴൊക്കെ വാർത്തകളും മുറപോലെ പിന്നാലെയെത്തിയിരുന്നു. ഇപ്പോഴിതാ കോട്ടയം പൊന്‍കുന്നത്തുള്ള ചെറുവള്ളിയിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ നിറകണ്ണുകളോടെ എത്തി വഴിപാടുകള്‍ നടത്തിയെന്നതാണ് പുതിയ വാർത്ത. താരം എത്തിയ വാര്‍ത്ത പരന്നതോടെ വന്‍ ജനക്കൂട്ടം ക്ഷേത്രം വളഞ്ഞു. തന്നെ കാണാന്‍ എത്തിയവരോട് സൗഹൃദത്തോടെ പെരുമാറിയ ദിലീപ് ആവശ്യപ്പെട്ടവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും നിന്നുകൊടുത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച ദിവസം സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ കോവിലിലെത്തി വഴിപാടുകള്‍ നടത്തിയിരുന്നു. ജാമ്യം ലഭിച്ചാല്‍ ഉടന്‍തന്നെ ദിലീപും ഇവിടെയെത്തുമെന്ന് അന്നുമുതല്‍ ക്ഷേത്രഭാരവാഹികള്‍ക്കിടയില്‍ നിന്നും സംസാരമുണ്ടായിരുന്നു.

ദിലിപിന്റെ സന്ദർശനത്തിനും മുന്നേ നീതി തേടിയെത്തിയ സെലിബ്രിറ്റികളുടെ നീണ്ട നിരയും അവരുടെ വ്യവഹാര കഥയും പങ്കുവയ്ക്കാനുണ്ട് ഈ ജഡ്ജിയമ്മാവൻ കോവിലിന്. പ്രശസ്തരായ അഭിഭാഷകരും ന്യായാധിപന്മാരും മാത്രമല്ല, രാഷ്ട്രീയ, സാമൂഹ്യം കായിക രംഗത്തെ പ്രമുഖര്‍ നിയമവഴികളില്‍ നീതി തേടി ഇവിടെ എത്താറുണ്ട്. ശ്രീശാന്ത്, ശാലു മേനോന്‍, സരിത എസ്.നായര്‍ എന്നിവര്‍ ഇവിടെ മുന്‍പ് വഴിപാടുകള്‍ നടത്തിയിട്ടുണ്ട്.

ജയിലിലായ അണ്ണാ ഡിംഎം കെ നേതാവ് ശശികല നടരാജനു വേണ്ടി ജഡ്ജിയമ്മാവന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിപാട് നടത്തിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടിനു വേണ്ടി പ്രയാര്‍ ഗോപാലകൃഷ്ണനും ഇവിടെയെത്തി വാര്‍ത്താപ്രധാന്യം സൃഷ്ടിച്ചിരുന്നു. മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ളയും ജഡ്ജിയമ്മാവന് മുന്നില്‍ വഴിപാട് നടത്തിയ പ്രമുഖനാണ്.

തിരുവിതാംകൂറിലെ ജഡ്ജിജായിരുന്ന ഗോവിന്ദപിള്ളയാണ് ജഡ്ജിയമ്മാവനായി പ്രതിഷ്ഠിക്കപ്പെട്ടതെന്നാണ് വിശ്വാസം. 18-ാം നൂറ്റാണ്ടിന്റെ മധ്യം. കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയാണ് അന്ന് തിരുവിതാംകൂറിലെ മഹാരാജാവ്. അന്നത്തെ സദര്‍ കോടതി ജഡ്ജിയായിരുന്നു തിരുവല്ല തലവടി രാമപുരത്ത് മഠത്തിലെ ഗോവിന്ദപിള്ള. നീതിശാസ്ത്രത്തില്‍ പണ്ഡിതനും നിയമംവിട്ട് അണുവിട മാറാത്തയാളുമായിരുന്നു അദ്ദേഹം. ഒരിക്കല്‍ സ്വന്തം അനന്തരവനെതിരായ പരാതി അദ്ദേഹത്തിന് പരിഗണിക്കേണ്ടി വന്നു. അന്ന് ബന്ധുവാണെന്ന പരിഗണനപോലും നല്‍കാതെ വധശിക്ഷയും വിധിച്ചുവത്രേ....

എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും നീതിയല്ല നടപ്പായതെന്നും പിന്നീട് ഗോവിന്ദപിള്ള അറിഞ്ഞു. കുറ്റബോധം വേട്ടയാടിയ അദ്ദേഹം രാജാവിന്റെ മുന്നിലെത്തി. തെറ്റ് ഏറ്റുപറഞ്ഞ് തനിക്ക് വധശിക്ഷ നല്‍കണമെന്ന് അപേക്ഷിച്ചു. ഈ അപേക്ഷതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ രാജാവ് ഏറെ ശ്രമിച്ചുവെങ്കിലും ഗോവിന്ദപിള്ള വഴങ്ങിയില്ല. ഉപ്പൂറ്റി മുറിച്ച ശേഷം രക്തംവാര്‍ന്ന് മരിക്കും വരെ തൂക്കിലിടണമെന്ന് ഗോവിന്ദപിള്ള സ്വയം വിധിയെഴുതി. രാജാവ് ശിക്ഷ നടപ്പാക്കാന്‍ നിര്‍ബന്ധിതനായി.

ഗോവിന്ദപിള്ളയെയും അനന്തരവന്റെയും ദുര്‍മരണത്തിന് ശേഷം നാട്ടില്‍ അനിഷ്ടപൂജകളും ഉണ്ടായിത്തുടങ്ങി. ഇരുവരുടെയും ആത്മാക്കളെ കുടിയിരുന്നി. ദോഷ പരിഹാര പൂജകള്‍ വേണമെന്ന് പ്രശ്‌നവിധിയില്‍ തെളിഞ്ഞു. ഗോവിന്ദപിള്ളയുടെ ആത്മാവിനെ മൂല കുടുംബമായ ചെറുവള്ളിയിലെ ദേവീക്ഷേത്രത്തില്‍ കുടിയിരുത്താനും അനന്തരവനെ പനയാര്‍ കാവില്‍ കുടിയിരുത്താനും തീരുമാനിച്ചു. ചെറുവള്ളിയില്‍ ഗോവിന്ദപിള്ളയുടെ പ്രതിഷ്ഠ നടത്തി. പിന്നീട് ഗോവിന്ദപിള്ളയെന്ന ജഡ്ജിയമ്മാവന് 1978 ല്‍ ഉപദേവാലയവും പണിതു.

ക്ഷേത്രത്തിലെ അത്താഴപൂജകള്‍ക്ക് ശേഷം എന്നും രാത്രി എട്ടരയ്ക്കാണ് ജഡ്ജിയമ്മാവന്റെ നട തുറക്കുക. വഴിപാടിനായി രസീത് എഴുതുന്നവര്‍ക്ക് പേരിനും നാളിനുമൊപ്പം കേസ് നമ്പര്‍ കൂടി ചേര്‍ക്കാറുണ്ട്. വഴിപാടുകാരന്റെ രസീതിലെ ഈ നമ്പര്‍ കൂടി പേരിനും ജന്മനക്ഷത്രത്തിനും ഒപ്പം ജപിച്ചാണ് പൂജാരി അര്‍ച്ചന നടത്തുക.