Wednesday 20 February 2019 04:05 PM IST : By സ്വന്തം ലേഖകൻ

ഏഴ് ഗെറ്റപ്പിൽ തമ്പി ആന്റണി! ‘ഈലം’ ഒരുങ്ങുന്നു

eelam-new

എഴുത്തുകാരൻ, നടൻ, നിർമ്മാതാവ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തമ്പി ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഈലം’. മെസൊപ്പൊട്ടോണിയൻ സംസ്കാരത്തിന്റെ ഉത്ഭവ നഗരമായ ഈലം എന്ന പ്രദേശത്തെ ഒരു മദ്യശാലയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുക. വേറിട്ട ഏഴ് ഗെറ്റപ്പിലാണ് തമ്പി ആന്റണി ചിത്രത്തിലെത്തുന്നത്.

ചിത്രീകരണം പുരോഗമിക്കുന്ന ‘ഈലം’ കഥാകൃത്തുകൂടിയായ വിനോദ് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. തമ്പി ആന്റണിയുടെ ഗംഭീര മേക്കോവർ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

കവിത നായർ, ജെ.കെ. ജോസ് മഠത്തിൽ, രാധാകൃഷ്ണൻ, റോഷൻ, വിനയ്, കാതറീൻ, പ്രശസ്ത മോഡല്‍ ഏയ്ഞ്ചൽ തോമസ് എന്നിവരാണ് താരനിരയിൽ. കൊച്ചിയിലും പരിസരങ്ങളിലുമായി ഷൂട്ടിങ് പുരോഗമിക്കുന്ന ‘ഈലം’ തരുൺ ഭാസ്ക്കറാണ് ക്യാമറയിൽ പകർത്തുന്നത്.

രമേശ് നാരായണനാണ് സംഗീത സംവിധാനം. പശ്ചാത്തല സംഗീതം ബിജിപാലും ചിത്ര സംയോജനം ഷൈജാൽ പി.വിയും നിർവഹിക്കും. ഷഹബാസ് അമൻ പാടുന്ന പാട്ടും ചിത്രത്തിലുണ്ടാകും.

കലാ സംവിധാനം – പ്രേംകുമാർ കോട്ടക്കൽ, വസ്ത്രാലങ്കാരം – സുനിൽ ജോർജ്, ചമയം – ഹരി ആൻഡ് അജയ്, ഗാനരചന – അജീഷ് ദാസൻ, അസോഷ്യേറ്റ് – അനൂഷ് മോഹൻ .

ജയ മേനോൻ, വിനയൻ നായർ , ഷിജി ചെറുകര എന്നിവർ ചേർന്നാണ് ‘ഈലം’ നിർമ്മിക്കുന്നത്.