Monday 14 January 2019 04:51 PM IST : By സ്വന്തം ലേഖകൻ

‘അവൻ ആ യുദ്ധം ജയിച്ചു’; മകനു മുന്നിൽ കാൻസർ തോറ്റോടി; നിറകണ്ണുകളോടെ ഇമ്രാൻ ഹാഷ്മി

emraan

ഒന്നും രണ്ടുമല്ല, വേദനയുടെ അഞ്ച് സംവത്സരങ്ങളാണ് കടന്നു പോയത്. ഈ നിമിഷങ്ങളിലത്രയും ജീവിതത്തിന്റേയും മരണത്തിന്റേയും നൂൽപ്പാലത്തിനിടയിലൂടെ പലവുരു കയറിയിറങ്ങി ആ പൈതൽ. ഒടുവിൽ ആ സന്ധിയില്ലാ പോരാട്ടത്തിനു മുന്നിൽ കാൻസറിന് തോറ്റ് പിൻമാറേണ്ടി വന്നു.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഇമ്രാൻ ഹാഷ്മിയുടെ മകൻ അയാൻ ഹാഷ്മി കാൻസറിനെ തന്റേടത്തോടെ തോൽപ്പിച്ച കഥയാണ് പറഞ്ഞുവരുന്നത്. സന്തോഷവർത്തമാനം ഇമ്രാൻ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്

‘കാന്‍സര്‍ സ്ഥിരീകരിച്ച് 5 വര്‍ഷങ്ങള്‍ക്കിപ്പുറം അയാന്‍ അര്‍ബുദരോഗ വിമുക്തനായിരിക്കുന്നു. വലിയൊരു യാത്രയായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും സ്‌നേഹത്തിനും നന്ദി. അര്‍ബുദത്തോടു പോരാടുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹവും പ്രാര്‍ത്ഥനയും. വിശ്വാസവും പ്രതീക്ഷയും നമ്മെ ഏറെ മുന്നോട്ടു കൊണ്ടുപോകും. നിങ്ങള്‍ക്കും ഈ യുദ്ധത്തില്‍ വിജയം വരിക്കാം’–, ഇമ്രാൻ ഹാഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2014 ല്‍ ആണ് ഇമ്രാന്റെ കുടുംബത്തെ കണ്ണീരിലാഴ്ത്തി നാല് വയസ്സുകാരന്‍ മകന്‍ അയാന്‍ കാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയത്. പിന്നീട് ‘ദ കിസ്സ് ഓഫ് ലൗ’ എന്ന പേരില്‍ അര്‍ബുദം ബാധിച്ച മകന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും വിവരിക്കുന്ന ഒരു പുസ്തകവും ഇമ്രാന്‍ ഹാഷ്മി പുറത്തിറക്കിയിരുന്നു.

അര്‍ബുദരോഗബാധിതര്‍ക്ക് പ്രചോദനമേകുക എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നു പുസ്തക രചന. തന്നെ മാനസികമായി ഏറെ തളര്‍ത്തിയ ദിവസങ്ങളായിരുന്നു അതെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട് പലപ്പോഴും.