Saturday 16 November 2019 10:13 AM IST : By സ്വന്തം ലേഖകൻ

ആ പാട്ട് പാതിയില്‍ നിലച്ചു! ഗീത മാലിയുടെ വേർപാടിന്റെ നടുക്കത്തിൽ മരവിച്ച് സംഗീത ലോകം

geetha-new

പാടിത്തീർക്കാത്ത പാട്ടു പോലെ ഗീതയുടെ ജീവിതം പാതിയിൽ നിലച്ചു. സംഗീത ലോകം ആ വേർപാടിന്റെ നടുക്കത്തിൽ മരവിച്ചു നിൽക്കുന്നു.

പ്രമുഖ മറാത്തി ഗായികയായ ഗീത മാലി റോഡപകടത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വച്ച് വ്യാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് അപകടമുണ്ടായത്. രണ്ട് മാസത്തെ യുഎസ് സന്ദര്‍ശനത്തിന് ശേഷം നാട്ടിലെത്തിയ ഗീതയും ഭര്‍ത്താവ് വിജയും നാസിക്കിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

റോഡിന്റെ ഒരു വശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കണ്ടെയ്‌നറില്‍ ഗീത സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീതയെയും ഭര്‍ത്താവിനെയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗീതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

താനും ഭര്‍ത്താവും 2 മാസത്തെ യുഎസ് സന്ദര്‍ശനത്തിന് ശേഷം മുംബൈയില്‍ തിരിച്ചെത്തി എന്നറിയിച്ച് ഗീത സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോ പങ്കുവച്ചിരുന്നു. സംഗീത ആല്‍ബങ്ങളിലൂടെ ശ്രദ്ധേയായ ഗീത മറാത്തിയില്‍ ധാരാളം സിനിമകളിൽ പാടിയിട്ടുണ്ട്.