Tuesday 14 May 2019 05:23 PM IST : By സ്വന്തം ലേഖകൻ

ദുൽഖറിന്റെ സിനിമയിൽ ഗ്രിഗറി നായകൻ! നിഖില വിമലും അനുപമ പരമേശ്വരനും അനു സിതാരയും നായികമാർ

gregory-new

ദുൽഖർ സൽമാൻ ആദ്യമായി നിർമാതാവാകുന്ന ‘അശോകന്റെ ആദ്യരാത്രി’യിൽ ജേക്കബ് ഗ്രിഗറി നായകനാകുന്നു. ദുൽഖറിന്റെ പ്രിയസുഹൃത്ത് കൂടിയായ ഗ്രിഗറി ഇതാദ്യമായാണ് നായകനായി അഭിനയിക്കുന്നത്.

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ, അനുപമ പരമേശ്വരൻ, അനു സിതാര എന്നിവരാണ് നായികമാർ. വിജയരാഘവൻ, ശ്രീലക്ഷ്മി, സുധീഷ് തുടങ്ങി വൻതാരനിരയും ചിത്രത്തിലുണ്ട്. ഷൂട്ടിങ് ആലുവയിൽ പുരോഗമിക്കുകയാണ്.

ക്രിഷ് വിനീത് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ സാജദ്. ശ്രീഹരി കെ നായരാണ് സംഗീത സംവിധാനം.ബാനറിന്റെ പേരും ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിശേഷങ്ങളും ഉടന്‍ പ്രഖ്യാപിക്കും.

ചിത്രത്തിന്റെ പൂജ മേയ് 11 ന് കൊച്ചിയിലായിരുന്നു. ഭാര്യ അമാൽ സൂഫിയയ്ക്ക് ഒപ്പമാണ് ദുൽഖർ ചടങ്ങിനെത്തിയത്. സണ്ണി വെയ്ൻ, ജേക്കബ് ഗ്രിഗറി എന്നിവർക്കൊപ്പം വിജയരാഘവൻ, ശ്രീലക്ഷ്മി എന്നിവരും ചടങ്ങിനെത്തിയിരുന്നു.