Tuesday 19 June 2018 04:26 PM IST : By സ്വന്തം ലേഖകൻ

‘കാസ്റ്റിംഗ് കൗച്ച് ഇവിടെയുമുണ്ട്’; തുറന്നു പറച്ചിലുമായി ഹണി റോസ്

honey

തെന്നിന്ത്യൻ സിനിമയിൽ കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾ തൊടുത്തു വിട്ട പൊല്ലാപ്പുകൾ ചില്ലറയല്ല. തെലുങ്ക് നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ സിനിമ മേഖലയിലെ പല വമ്പൻമാർക്കും മേൽ പതിച്ചു കഴിഞ്ഞു. സിനിമയിലെ അസമത്വത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെ തുറന്നു പറച്ചിലുമായി ശ്രീ റെഡ്ഡിക്കു പിന്നാലെ പല നടിമാരും രംഗത്തു വന്നതും വാർത്തയായിരുന്നു.

എന്നാൽ ഇപ്പോഴിതാ മലയാളക്കരയിൽ നിന്നും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഗ്ലാമര്‍ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും ഒരു പോലെ തിളങ്ങിയ ഹണി റോസാണ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

സിനിമാമേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ് ഹണി തുറന്നു പറഞ്ഞത്. സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നാണ് ഹണിയുടെ പക്ഷം. അറിയപ്പെടുന്ന ഒരു അഭിനേത്രി ആകുന്നതുവരെ പല പുതുമുഖങ്ങൾക്കും പലവിധമുള്ള ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരാറുണ്ടെന്നും ഹണി പറയുന്നു.

മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും ഹണി പറയുന്നു. ബ്രെയ്ൻവാഷ് ചെയ്യാനും ആളുകളുണ്ടാവുമെന്നും അതേസമയം നമ്മുടെ വ്യക്തിത്വത്തിൽ ഉറച്ചു നിന്നാൽ കാസ്റ്റിങ് കൗച്ച് ഒന്നും ഒരു വിഷയമാകില്ലെന്നും ഹണി പറയുന്നു.

കാസ്റ്റിങ് കൗച്ച് ഒക്കെ സിനിമയിൽ നിലനിൽക്കുന്നുണ്ടെങ്കിലും നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെയാണ് തീരുമാനിക്കുന്നതെന്നും ഹണി വിശദീകരിക്കുന്നു. സിനിമയിലായാലും സിനിമയ്ക്കു പുറത്തായാലും നമ്മൾ നമ്മുടെ ഡിഗ്നിറ്റിയിൽ ഉറച്ചു നിൽക്കാറുണ്ടെന്നും മറ്റാർക്കും അതിലൊന്നും കൈകടത്താനാവില്ലെന്നും ഹണി പറയുന്നു.

നേരത്തെ മലയാളസിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്ന നടി പാർവതിയുടെ വെളിപ്പെടുത്തൽ വലിയ ഒച്ചപ്പാടുകൾക്ക് വഴിവച്ചിരുന്നു.

സംവിധായകൻ വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ അരങ്ങേറ്റം. പിന്നീട് അന്യഭാഷകളിലും സജീവമായി അഭിനയിച്ചു.