Monday 23 April 2018 11:09 AM IST : By സ്വന്തം ലേഖകൻ

`ദൈവത്തിന്റെ സ്വന്തം നാട് നൽകിയ വിധിയും പേറി അവർ തിരികെ പോകട്ടെ`: ഹണി റോസ്

honey-final

വിദേശ വനിതയായ ലിഗയുടെ ദുരൂഹ മരണത്തിന്റെ ഞെട്ടലിലാണ് കേരളം. ഒരുമാസം മുമ്പ് കേരളത്തിൽവെച്ച് കാണാതായ ലിഗയുടെ മൃതദേഹം കോവളത്തെ കണ്ടൽക്കാടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ നാനാതുറകളിൽ നിന്നും വിമർശനങ്ങളും പുറത്തു വരുന്നതിനിടെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഹണി റോസ്. ലിഗയ്ക്ക് നീതി കിട്ടില്ലെന്നും ഇത് കേരളമാണെന്നുമായിരുന്നു ഹണിയുടെ പ്രതികരണം.

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം ഉയർത്തിപ്പിടിക്കുന്ന കേരളത്തിന് അപമാനമാണ് ഈ തിരോധാനവും മരണവുമെന്നാണ് കൂടുതൽ പേരും പറയുന്നത്. സമൂഹമാധ്യമത്തിൽ ചർച്ചയാകുന്ന കുറിപ്പ് കടമെടുത്തായിരുന്നു ഹണിയുടെ പ്രതികരണവും.

ഹണി റോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ..

ലിഗ വിദേശിയാണ്.. അവർക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവർക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആൾക്കൂട്ടമോ പ്രതിഷേധമോ ഇല്ല, രാഷ്ട്രീയ പാർട്ടിക്കാരുടെ ഹർത്താലില്ല, ചാനൽ ചർച്ചയില്ല.

അയർലണ്ടിൽ നിന്നും ചികിത്സക്കായി കേരളത്തിലെത്തിയതാണ് ലിഗയും ഭർത്താവും അനിയത്തിയും. പക്ഷേ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ച് എത്തിയ അവർക്ക് തെറ്റി. ഒരു മാസം മുമ്പ് ലിഗയെ കാണാതായായെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കണ്ടത്. ദാ ഒരു മാസത്തിനു ഇപ്പുറം അവരുടെ മൃതദേഹം ശിരസ്സറ്റ നിലയിൽ കണ്ടെത്തിയിരിക്കുന്നു.

അന്ന് ലിഗയെ കാണാനില്ല എന്ന് പോസ്റ്റർ ലിഗയുടെ ഭർത്താവ് നാട് മുഴവനും ഒട്ടിക്കുന്ന വിഡിയോയൊക്കെ എല്ലാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവാം. ഭർത്താവ് ആൻഡ്രൂ ജോർദാനും ഇലീസുനും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്.

നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനിൽ അടിച്ചു കൊല്ലാൻ മാത്രമേ സാധിക്കു.. കാണാതായവരെ അവരുടെ ബന്ധുക്കൾ കണ്ടത്തെട്ടെ.. കേസുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തക അശ്വതി ജ്വാല പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോയപ്പോൾ പോലീസുകാർ പറഞ്ഞ മറുപടി വിചിത്രമാണ്.

"നിങ്ങൾ വിചാരിക്കും പോലെ ഈ നാട്ടിൽ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല". വാരാപ്പുഴ പിന്നെ ഈ നാട്ടിൽ അല്ലാത്തോണ്ട് പിന്നെ കുഴപ്പമില്ല.

ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ.. നിങ്ങൾക്ക് ഇവിടെ നീതി കിട്ടില്ല. അവിടെയുള്ളവരോട് പറയൂ..

ഇത് കേരളമാണ്.. ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്..!
Copied....