Tuesday 15 January 2019 10:38 AM IST : By സ്വന്തം ലേഖകൻ

സേനാപതി റീ ലോഡഡ്; ഇന്ത്യൻ 2 ഫസ്റ്റ്ലുക്ക് എത്തി

indian-new

ഒടുവിൽ ആരാധകരുടെ പ്രതീക്ഷകളെ പുതിയ തലങ്ങളിലെത്തിച്ച് ‘ഇന്ത്യൻ 2’ വിന്റെ ഫസ്റ്റ് ലുക്ക്. സംവിധായകൻ ശങ്കറാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഉലകനായകൻ കമൽഹാസൻ നായകനാകുന്ന ‘ഇന്ത്യൻ 2’, ശങ്കർ–കമൽ ടീമിന്റെ മെഗാഹിറ്റ് ചിത്രം ‘ഇന്ത്യ’ന്റെ രണ്ടാം ഭാഗമാണ്.

ആരാധകര്‍ക്ക് പൊങ്കല്‍ ആശംസ നേര്‍ന്നാണ് ശങ്കർ പോസ്റ്റര്‍ പുറത്തുവിട്ടത്. 22 വർഷങ്ങൾക്കു ശേഷം ഇന്ത്യന് രണ്ടാം ഭാഗം വരുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്.

ചിത്രത്തിൽ കാജൽ അഗർവാൾ നായികയാകുമെന്നാണ് റിപ്പോർട്ട്. ബോളിവുഡ് താരം അജയ് ദേവ്ഗണും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

കമൽഹാസൻ അച്ഛനും മകനുമായി ഇരട്ടവേഷത്തിലെത്തിയ ഇന്ത്യൻ, രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയാണ് അവസാനിച്ചത്. അനീതിക്കെതിരെ പോരാടുന്ന സേനാപതി എന്ന വൃദ്ധകഥാപാത്രമായി കമലിന്റെ പ്രകടനം ഗംഭീരമായിരുന്നു. ചന്ദ്രബോസ് എന്ന മകൻ കഥാപാത്രമായും കമൽ തിളങ്ങി. മനീഷ കൊയ്‌രാളയും സുകന്യയുമായിരുന്നു നായികമാർ.

200 കോടി രൂപയാണ് രണ്ടാം ഭാഗത്തിന്റെ ബജറ്റ്. എ.ആർ റഹ്മാനാണ് സംഗീത സംവിധായകൻ. കലാസംവിധാനം– സാബു സിറില്‍. ആക്ഷൻ കൊറിയോഗ്രഫി– പീറ്റർ ഹെയ്ന്‍. ഛായാഗ്രഹണം – രവിവർമ്മന്‍.