Saturday 15 September 2018 12:22 PM IST : By സ്വന്തം ലേഖകൻ

‘പാന്റ് ധരിക്കൂ ജാൻവി...’; ഇറക്കം കുറ‍ഞ്ഞ വസ്ത്രം ധരിച്ചെത്തിയ ജാൻവിക്കു നേരെ ട്രോൾ ആക്രമണം

janhvi

പൊതുനിരത്തിലും സ്വകാര്യ നിമിഷങ്ങളിലുമെല്ലാം സിനിമാ താരങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമല്ല. ആരാധനയുടെ പേര് പറഞ്ഞ് പിന്നാലെ നടന്നു ബുദ്ധിമുട്ടിക്കുന്നവരും പാപ്പരാസികളും താരങ്ങളെ ചില സമയം വല്ലാതെ അസ്വസ്ഥരാക്കും. ‘ധടക്ക്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ കൂടുകൂട്ടിയ ജാൻവി കപൂറും അത്തരത്തിലൊരു ഒരു സാഹചര്യത്തിലൂടെ കടന്നു പോയിരിക്കുകയാണ്.

ജിമ്മിൽ പരീശീലനത്തിനെത്തിയ ജാൻവിക്കു പിന്നാലെയാണ് ഇക്കുറി പാപ്പരാസികൾ വട്ടമിട്ടു പറന്നിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രവുമിട്ടായിരുന്നു ജാൻവിയുടെ വരവ്. ജാൻവിയുടെ പിന്നാലെ കൂടിയ പാപ്പരാസികൾ താരത്തിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.

ചിത്രം വൈറലായതോടെ ജാൻവിക്ക് നേരെ സൈബർ സദാചാര വാദികൾ ആക്രമണവും തുടങ്ങി. ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്നും പെൺകുട്ടിയാണെന്ന കാര്യം ഓർക്കണമെന്നുമാണ് ഇന്റർനെറ്റിൽ വരുന്ന കമന്റുകൾ.ഇതിനു മുമ്പും ഗ്ലാമർ വസ്ത്രങ്ങളുടെ പേരിൽ നടി ട്രോളുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.