Thursday 21 March 2019 10:53 AM IST : By സ്വന്തം ലേഖകൻ

അനുവാദമില്ലാതെ ഫോട്ടോയെടുത്തു, പൊതു സ്ഥലത്ത് ക്ഷുഭിതയായി ജയാ ബച്ചൻ! വിഡിയോ വൈറൽ

jaya

ബോളിവുഡ് താരങ്ങൾക്കു പിന്നാലെ എപ്പോഴും ക്യാമറാക്കണ്ണുകളുടെ ഘോഷയാത്രയാണ്. അവർ പോകുന്നിടങ്ങളിലൊക്കെ, പിന്നാലെ കൂടി ചിത്രങ്ങള്‍ പകർത്താൻ ഒരു കൂട്ടമാളുകൾ മത്സരിക്കുന്നതായി കാണാം. അത്, താരങ്ങളുടെ സ്വകാര്യതയെപ്പോലും മാനിക്കാതെയാണെന്നത് ഒരു പരിധി വരെ ശരിയാണ്. അത്തരത്തിൽ, പൊതു സ്ഥലത്ത് വച്ച്, അനുവാദമില്ലാതെ തന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ആളോട് അമിതാബ് ബച്ചന്റെ ഭാര്യയും മുൻ താരവുമായ ജയാ ബച്ചൻ ക്ഷുഭിതയാകുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

പൊതു ഇടങ്ങളിൽ മര്യാദയില്ലാതെ പെരുമാറുന്നത് ആരായാലും ജയാബച്ചൻ മുഖം നോക്കാതെ പ്രതികരിക്കാറുണ്ട്.

മുംബൈയിൽ നടന്ന ഒരു പിറന്നാൾ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ജയ. അതിനിടെയാണ് ഒരാൾ അനുവാദമില്ലാതെ താരത്തിന്റെ ചിത്രം മൊബൈല്‍ കാമറയിൽ പകർത്താൻ ശ്രമിച്ചത്.

താൻ അനിഷ്ടം രേഖപ്പെടുത്തിയിട്ടും പുഞ്ചിരിയോടെ മടങ്ങാൻ ശ്രമിച്ച യുവാവിനെ ജയ ദേഷ്യത്തോടെ അരികിലേക്കു വിളിച്ച് ക്ഷുഭിതയാകുന്നത് വിഡിയോയിൽ കാണാം. ഇതിനു ശേഷം ഇതേ വിഷയത്തിന്റെ ജയ മറ്റൊരാളെയും ശകാരിക്കുന്നത് വിഡിയോയിലുണ്ട്.

ഇതിനു മുമ്പും സമാനമായ സംഭവങ്ങളിൽ ജയയുടെ രോഷം പ്രേക്ഷകര്‍ കണ്ടിട്ടുള്ളതാണ്.

‘‘ചുറ്റും ഒരുപാടാളുകളുള്ളപ്പോൾ അമ്മയ്ക്ക് ഭയമാണ്. പിന്നെ അനുവാദമില്ലാതെ അമ്മയുടെ ചിത്രം പകർത്തുന്നതും ഇഷ്ടമല്ല. അമ്മയുടെ മനസ്സിലെ ചിന്താഗതി അങ്ങനെയാണ്’’.– മക്കളായ അഭിഷേകും ശ്വേതയും പറയുന്നതിങ്ങനെ.