Friday 12 October 2018 03:44 PM IST

സംഗീതമാണ് ‘ജോബ്’! ആൽബം ഇറക്കി നടുവൊടിഞ്ഞു, എന്നിട്ടും സ്വപ്നത്തിൽ ‘ഹോപ്’ മാത്രം

V.G. Nakul

Sub- Editor

job-1

ആരാണ് ജോബ് കുര്യൻ? ചിലർ പറയും ഗായകനാണയാൾ. മറ്റു ചിലർ പറയും ജോബിന്റെ സംഗീതം മനോഹരം. ആൽബങ്ങളിലൂടെയാണ് ചിലർക്ക് പരിചയം. അതേ... ഇതെല്ലാമാണ് ജോബ് കുര്യൻ. കുറച്ചു കൂടി വിശാലമായി പറഞ്ഞാൽ, സംഗീതമാണ് ജോബ്. ആദ്യ ഗാനം ആലപിച്ചത് 2007ൽ. സുരേഷ്ഗോപി നായകനായ വിനയൻ ചിത്രം ബ്ലാക് ക്യാറ്റിൽ. വർഷം 11 പിന്നിടുമ്പോൾ പിന്നണി ഗായകനെന്ന നിലയിൽ അക്കൗണ്ടിലുള്ളത് മുപ്പത്താറ് പാട്ടുകൾ. എന്നാലും ഉറുമിയിലെ ആരാന്നേ ആരാന്നേ... എന്ന ഒറ്റ ഗാനം മാത്രം മതി ജോബിനെ അടയാളപ്പെടുത്താൻ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത സംഗീതജ്ഞൻ. കടൽതിരകളെ അനുസ്മരിപ്പിക്കുന്ന ജോബിന്റെ ശബ്ദം ആസ്വാദക മനസ്സുകളിൽ ഇഷ്ടത്തിന്റെ വിത്ത് മുളപ്പിക്കുന്നു. സിനിമയിലും വേദികളിലും ഹിറ്റ് ഗാനങ്ങളുടെ കാമുകനായ ജോബിന്റെ സ്വപ്ന സംരംഭമാണ് അഞ്ച് പാട്ടുകളടങ്ങിയ ‘ഹോപ്പ്’ എന്ന സംഗീത പരമ്പര. ഇതിലെ മൂന്നാം ഗാനമായ ‘മുല്ല’യാണ് ഇപ്പോൾ ഹിറ്റ് ചാർട്ടുകളിൽ തരംഗമാകുന്നത്.

‘‘ഇപ്പോൾ പഴയതു പോലെ കുറേ പാട്ടുകൾ ചേർത്ത് ഒരു ആൽബമായി പുറത്തിറക്കിയിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഹോപ്പിലെ പാട്ടുകൾ കൃത്യമായ ഇടവേളകൾ നൽകി ഓരോന്നായി റിലീസ് ചെയ്യുന്നത്. പറുദീസയും എന്താവോയും ജനങ്ങൾ വലിയ രീതിയിൽ സ്വീകരിച്ചു. ഇപ്പോൾ മുല്ലയും അവരുടെ പ്രതീക്ഷ കാത്തുസൂക്ഷിച്ചു. ചിലതിന് വിഡിയോ ഉണ്ടാകും. അല്ലാത്തതിന്റെ സ്റ്റുഡിയോ ദൃശ്യങ്ങൾ ചേർക്കും. എന്താവോയ്ക്കും മുല്ലയ്ക്കും ഒഫീഷ്യൽ വിഡിയോ ഉണ്ട്. ‘എന്താവോ’യുടെ ഒടുവിൽ ഫഹദ് ഫാസിലിന്റെ ഗസ്റ്റ് അപ്പിയറൻസൊക്കെ ശ്രദ്ധേയമായിരുന്നു. മുല്ലയ്ക്കും സ്വപ്നതുല്യമായ തുടക്കം ലഭിച്ചത് ദൈവാനുഗ്രഹം.’’– യൂട്യൂബിൽ ഒന്നര ലക്ഷവും പിന്നിട്ട് മുന്നേറുന്ന മുല്ലയുടെ സൗരഭ്യം സംഗീത പ്രേമികൾ ഏറ്റുവാങ്ങുമ്പോൾ ജോബ് പ്രതീക്ഷകളുടെ തുരുത്തിലേക്ക് മെല്ലെ നടന്നു തുടങ്ങി.

job-3

എന്താണ് ഹോപ്പ് ?

‘‘എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പ്രതീക്ഷകളാണ് ‘ഹോപ്പ്’. സ്വന്തം സ്റ്റുഡിയോ എന്ന സ്വപ്നം സഫലമാവുകയും മകൻ ജനിക്കുകയും ചെയ്ത ഘട്ടത്തിലാണ് ‘ഹോപ്പി’ലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത്. അതുകൊണ്ടാണ് ‘ഹോപ്പ്’ എന്ന പേര് പോലും വന്നത്. പാട്ടുകളെല്ലാം ഏതെങ്കിലുമൊക്കെ തരത്തിൽ എന്റെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. അതാത് സമയത്തെ എന്റെ മാനസികാവസ്ഥകൾക്കനുസരിച്ചാണ് ഓരോ പാട്ടുകളുടെയും പിറവി. പൊതുവേ പോസിറ്റീവ് മൂഡിലുള്ള പാട്ടുകളാണ് എനിക്കിഷ്ടം. ഉദാഹരണത്തിന്, ‘എന്താവോ...’ ഒരു ആത്മീയ യാത്ര പോലെയാണ്. ‘പറുദീസ’ മതേതരമായ, സമാധാനപരമായ ഒരു ലോകം വരട്ടെ എന്ന കാഴ്ചപ്പാടിലുള്ളതും. എന്റെ ബാല്യകാല ഓർമ്മകളെ മുല്ലയുമായി താരതമ്യപ്പെടുത്തിയുള്ള നൊസ്റ്റാൾജിയയാണ് ‘മുല്ല...’യുടെ പ്രേരണ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് ഹോപ്പിലെ പാട്ടുകൾക്ക് വരികളെഴുതിയത്. ഇനി ഇറങ്ങാനുള്ളത് ‘കാലം’, ‘ഹേയ്’ എന്നീ രണ്ട് പാട്ടുകളാണ്. ഈണവും വരികളും തയാറാണ്. വിഡിയോ വേണമോ വേണ്ടയോ എന്ന് ആലോചിക്കുന്നു. സാമ്പത്തികമായി നടു ഒടിഞ്ഞ അവസ്ഥയിലാണേ...’’. (പൊട്ടിച്ചിരിക്കുന്നു).

job-4

ആൽബങ്ങൾക്ക് വിപണിയിൽ പഴയ ചലനം ഉണ്ടാക്കാൻ കഴിയുന്നുണ്ടോ?

വിപണി ഒരു വലിയ ഘടകമാണ്. ഒഡിയോയുടെ വിൽപ്പന വളരെയേറെ കുറഞ്ഞു. വിപണി സാധ്യതകളെല്ലാം സിനിമയുടെ കൈകളിലാണ്. അതു കൊണ്ടു തന്ന സ്വതന്ത്രമായി ചെയ്യുന്ന പാട്ടുകളുടെ മാർക്കറ്റിംഗും പ്രമോഷനും വലിയ കടമ്പയായി മാറി. പലപ്പോഴും സ്വന്തം താത്പര്യത്തിലാണ് മിക്കവരും ഇത്തരം ശ്രമങ്ങൾക്ക് മുതിരുക. എന്നെ സംബന്ധിച്ച് കലാകാരൻ എന്ന നിലയിലുള്ള അതിജീവന ശ്രമങ്ങളാണ് ഓരോ പാട്ടും. അതിൽ തന്നെ സംഗീതജ്ഞൻ എന്ന നിലയിലുള്ള തൃപ്തിയും സാമൂഹികമായ ഉത്തരവാദിത്വവും പ്രധാനമാണ്.

ആൽബങ്ങൾ നൽകുന്നത് സാമ്പത്തിക ബാധ്യത മാത്രമാണോ?

വരുമാനം വളരെ കുറവാണ്. കാര്യമായി ഒന്നും കിട്ടില്ല. നിർമ്മാണ ചിലവുമായി താരതമ്യം ചെയ്താൽ യൂട്യൂബിൽ നിന്ന് ലഭിക്കുക തുച്ഛമായ പണമാണ്. പക്ഷേ മുൻപ് പറഞ്ഞതു പോലെ, കലാകാരൻ എന്ന നിലയില്‍ അംഗീകാരവും ബഹുമാനവും ഒക്കെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. പണത്തേക്കാൾ അതിനാണ് പ്രാധാന്യം നൽകുന്നത്. ആളുകൾക്ക് നമ്മളോട് ഇഷ്ടം തോന്നുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമല്ലേ? ഒരു നല്ല പാട്ടിന് അവർ നൽകുന്ന അംഗീകാരം ഞാൻ ആസ്വദിക്കുന്നു. മുല്ലയ്ക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. കേൾക്കുന്നവർ അത് സ്വന്തം ജീവിതവുമായി ബന്ധിപ്പിക്കുന്നതിന്റെ സന്തോഷമുണ്ട്.

വേദികളെ കീഴടക്കാൻ വലിയ മിടുക്കാണ്?

സ്റ്റേജ് ഷോകളിൽ ആസ്വാദകരെക്കൂടി പരിഗണിച്ചാണ് പാട്ടുകൾ തിരഞ്ഞെടുക്കുക. കേൾക്കുന്ന ഓരോ ആളുകൾക്കും ഓരോ അഭിരുചിയുണ്ടാകും. അത് ശ്രദ്ധിച്ച് ഒരു മിക്സഡ് ലിസ്റ്റ് തയാറാക്കും. ഇപ്പോഴത്തെ യുവാക്കൾ നല്ല രീതിയിൽ അവതരിപ്പിച്ചാൽ എല്ലാം ആസ്വദിക്കുന്നവരാണ്. എന്ന് വച്ച് സെലിബ്രേറ്റ് ചെയ്യാൻ വന്നിരിക്കുന്നിടത്ത് ശോക ഗാനം പാടിയിട്ട് കാര്യമില്ലല്ലോ. എന്നാൽ പോലും അതും അവർ അംഗീകരിക്കാറുണ്ട്. എന്തും സ്വീകരിക്കുന്നവരാണ് ആസ്വാദകർ. നമ്മൾ അത് കൊടുക്കുന്നത് എപ്പോൾ എങ്ങനെ എന്നതാണ് പ്രധാനം.

job-2

തീവണ്ടി സൂപ്പർഹിറ്റായി, സിനിമയിലും തിരക്കു കൂടുകയാണ്?

ആദ്യം പാടിയത് ‘ബ്ലാക്ക് ക്യാറ്റ്സ്’ എന്ന സിനിമയിലെ ‘ആത്മാവിൻ കാവിൽ’ എന്നാരംഭിക്കുന്ന മെലഡിയാണ്. ‘ഉറുമി’യിലെ ‘ആരാണെ ആരാണെ’യാണ് ബ്രേക്കായത്. ‘തീവണ്ടി’യിലും ‘മാംഗല്യം തന്തുനാനേന’യിലും വരെ 36 പാട്ടുകൾ പാടി. ‘രസം’ എന്ന സിനിമയിൽ സംഗീത സംവിധായകനായി. മൂന്നു പാട്ടുകളാണ് ചിട്ടപ്പെടുത്തിയത്. പുതിയ സിനിമകൾ ചർച്ചയിലാണ്. ഇപ്പോൾ പ്രധാനമായും ബാൻഡിന്റെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. ‘എന്താവോ’യ്ക്ക് മഴവിൽ മാംഗോയുടെ നോൺ ഫില്മി വിഭാഗത്തിൽ അവാർഡ് കിട്ടിയിരുന്നു.