Saturday 27 July 2024 10:42 AM IST : By സ്വന്തം ലേഖകൻ

‘പൊതുജനങ്ങൾക്കു ശല്യം, നോ എന്ന വാക്കിന്റെ അർത്ഥം ഇയാൾക്ക് മനസിലാവില്ല’: മോശം പെരുമാറ്റവും ലൈംഗികാതിക്രമവും, ജോൺ വിജയ്ക്കെതിരെ സ്ത്രീകൾ

john-vijay

തെന്നിന്ത്യൻ നടൻ ജോൺ വിജയ് സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന ആരോപണവുമായി ഗായിക ചിന്മയി. ജോൺ വിജയ്ക്കെതിരെ ഏതാനും സ്ത്രീകൾ നൽകിയ പരാതികളുടെ സ്ക്രീൻഷോട്ടുകൾ ചിന്മയി പുറത്തുവിട്ടു.

അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ തന്നോട് നടൻ മോശമായി പെരുമാറിയെന്ന് ഏതാനും ദിവസങ്ങൾക്കുമുൻപ് രു മാധ്യമപ്രവർത്തക സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ചിൻമയിയും രംഗത്തെത്തിയത്.

‘ഈ മനുഷ്യൻ പൊതുജനങ്ങൾക്കും ഒരു ശല്യമാണ്. ഇയാൾ ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ്. ആ സ്ഥലം ഇയാളെപ്പോലെ ചെകുത്താന്മാരെക്കൊണ്ട് നിറഞ്ഞതാണ്. നോ എന്ന വാക്കിന്റെ അർത്ഥം ഇയാൾക്ക് മനസിലാവില്ല. ക്ലബിന്റെ ഓരോ മൂലയിലും സ്മോക്കിങ് സോണിലോ എവിടെ പോയാലും ഇയാൾ പിന്നാലെയുണ്ടാവും. ഒരിക്കൽ ശല്യം സഹിക്കവയ്യാതെ ഞാൻ ക്ലബിലെ ബൗൺസർമാരെ സഹായത്തിനുവിളിച്ചു’.– ചിന്മയി പോസ്റ്റ് ചെയ്ത ഒരു സ്ക്രീൻഷോട്ടിലെ ഉള്ളടക്കം ഇങ്ങനെയാണ്.

അഭിമുഖത്തിന് ചെന്നപ്പോൾ എല്ലാവരുടേയും മുന്നിൽവെച്ച് ഇടുപ്പിൽ സ്പര്‍ശിച്ചുവെന്നാണ് മാധ്യമപ്രവർത്തക പറയുന്നത്.

നേരത്തെയും ഒരു വിഡിയോ ജോക്കി ഉൾപ്പെടെ നിരവധി സ്ത്രീകൾ നടനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് ജോൺ വിജയ് മാപ്പപേക്ഷിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.