Thursday 23 January 2020 12:07 PM IST : By സ്വന്തം ലേഖകൻ

‘വിവാഹ മോചനം പരസ്പര ധാരണയോടെയുള്ള തീരുമാനമായിരുന്നു, ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്’! തുറന്നു പറഞ്ഞ് ശ്വേത ബസു

swetha-

തെലുങ്ക് സിനിമയിലൂടെ മലയാളികൾക്കും പരിചിതയായ, നടി ശ്വേത ബസുവിന്റെ വിവാഹ മോചനം അടുത്തിടെ ചലച്ചിത്ര ലോകത്തെ പ്രധാന വാർത്തകളിൽ ഒന്നായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ശ്വേതയും ഭർത്താവും യുവ സംവിധായകനുമായ രോഹിത് മിത്തലും വേർപിരിഞ്ഞത്.

ഇപ്പോഴിതാ, പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിഞ്ഞതെന്നും ദാമ്പത്യ ബന്ധം അവസാനിച്ചെങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും പുതിയ അഭിമുഖത്തിൽ ശ്വേത വെളിപ്പെടുത്തിയിരിക്കുന്നു.

“രോഹിത്തും ഞാനും നല്ല സുഹൃത്തുക്കളാണ്. വിവാഹ മോചനം പരസ്പര ധാരണയോടെയുള്ള തീരുമാനമായിരുന്നു. അദ്ദേഹം എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്. ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. ഞങ്ങൾ എന്നെങ്കിലും ഒരിക്കൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 5 വർഷമായി, ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഞങ്ങൾക്കിടയിൽ ഉള്ളത്”.– ശ്വേത പറഞ്ഞു.

“പ്രണയത്തെ ഞാൻ അകറ്റി നിർത്തിയിട്ടില്ല. ഇപ്പോൾ എന്റെ ശ്രദ്ധ കരിയറും ജോലിയും മാത്രമാണ്’’.– വീണ്ടും പ്രണയത്തിലാകുമോ എന്ന ചോദ്യത്തിന് ശ്വേതയുടെ മറുപടി ഇങ്ങനെ.

2018ലാണ് രോഹിത്തും ശ്വേതയും വിവാഹിതരായത്. എന്നാൽ ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കെയായിരുന്നു വിവാഹമോചന വാര്‍ത്ത എത്തിയത്.